ഒറ്റപ്പെട്ടുപോകുന്ന ദേവദാസി ജീവിതങ്ങൾ

Janayugom
Developer Admin

ർണാടകയിൽ എട്ടാം നൂറ്റാണ്ട് മുതൽ നിലനിന്നിരുന്ന ക്ഷേത്രാചാരങ്ങളുമായി ബന്ധപ്പെട്ടാണ് ദേവദാസി സമ്പ്രദായം ചരിത്രരേഖകളിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. വിജയനഗര ജില്ലയിലെ തുപ്പക്കനഹള്ളി സ്വദേശിയായ മാരിദേവിക്ക് അന്ന് പ്രായം 25 വയസ്സ്. അവൾ ഒൻപതാം ക്ലാസ് വിദ്യാര്‍ഥിനിയായിരുന്നു. അക്കാലത്താണ് അമ്മ ദുർഗ്ഗമ്മയ്ക്ക് അസുഖം ബാധിക്കുന്നത്. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതിനും മുൻപേ ഗ്രാമത്തിലെ മുതിർന്നവരുടെ സമ്മർദ്ദത്തിന് വഴങ്ങി, ഒരു മാസത്തിനുള്ളിൽ അവളെ “ദൈവത്തിന്’ സമർപ്പിച്ചു. അങ്ങനെ മാരിദേവി ഒരു ‘ദേവദാസി’ എന്ന ദൈവത്തിന്റെ ദാസിയായി മാറി. ഒൻപത് വർഷം മുൻപ് നടന്ന ആ സംഭവങ്ങൾ അവളുടെ വിദ്യാഭ്യാസം ഇല്ലാതാക്കി. ആ ദുരിതച്ചുഴിയിൽ നിന്ന് പിന്നീട് രക്ഷപ്പെടാനായിട്ടില്ല.

1984ൽ തന്നെ ഈ പ്രാകൃത ആചാരം നിരോധിച്ചതാണ്. എങ്കിലും സാംസ്കാരികവും സാമ്പത്തികവും സാമൂഹികവുമായ സമ്മർദ്ദങ്ങൾ കാരണം മാരിദേവിയെപ്പോലുള്ള സ്ത്രീകൾ ഇന്നും ഇതിൽ തുടരാൻ നിർബന്ധിതരാകുന്നു. പെൺകുട്ടികളെ ചെറുപ്പത്തിലേ ദൈവത്തിന് സമർപ്പിക്കുന്ന ഈ രീതി സ്ത്രീകളെ ലൈംഗിക ചൂഷണത്തിന് വിട്ടുകൊടുക്കുന്ന ഒന്നാണ്. സംസ്ഥാനത്തെ 15 ജില്ലകളിൽ ഈ ദുരാചാരം ഇപ്പോഴും നിലനിൽക്കുന്നു. 2025‑ലെ കർണാടക ദേവദാസി നിരോധന‑പുനരധിവാസ ബില്ലിന്റെ ഭാഗമായി നടന്ന പുനർ-സർവേ ഇവർക്കിടയിൽ വലിയ പ്രതീക്ഷ നൽകിയിരുന്നു.

എന്നാൽ, അശാസ്ത്രീയമായ കണക്കെടുപ്പും ഉദ്യോഗസ്ഥരുടെ അനാസ്ഥയും കാരണം ആ പ്രതീക്ഷകളും ഇല്ലാതാകുകയണി്. ഈ വ്യവസ്ഥയുടെ കാതൽ തന്നെ കാപട്യമാണ്. ആചാരപ്രകാരം ഒരു ദേവദാസിക്ക് വിവാഹം കഴിക്കാനാവില്ല. എന്നാൽ വിവാഹിതരായ പുരുഷന്മാർക്ക് പോലും യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഇവർക്കൊപ്പം ബന്ധം പുലർത്താം. സ്വന്തം കുടുംബത്തിൽ പ്രശ്നങ്ങളുണ്ടാകുമെന്ന് ഭയന്ന് പുരുഷന്മാർ പലപ്പോഴും ഈ ബന്ധങ്ങൾ രഹസ്യമായി വെക്കുന്നു.

ഫലത്തിൽ ഇത് സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യലാണ്. ഇതിലൂടെ ജനിക്കുന്ന കുട്ടികളെ ഒറ്റയ്ക്ക് വളർത്തേണ്ട ഭാരവും ഈ സ്ത്രീകൾക്ക് മേൽ വന്നുചേരുന്നു. മാരിദേവിയുടെ കാര്യമെടുത്താൽ, അവളുടെ പങ്കാളി അയൽഗ്രാമത്തിലെ മറ്റൊരു സമുദായത്തിൽപ്പെട്ട വിവാഹിതനാണ്. ആ ബന്ധത്തിൽ അവൾക്ക് രണ്ട് പെൺമക്കളുണ്ട്. ഇളയ മകൾക്ക് കാഴ്ചശക്തിയില്ലെന്നറിഞ്ഞതോടെ അയാൾ വരുന്നത് നിർത്തി. തന്റെ താഴ്ന്ന ജാതിയും ഇതിനൊരു കാരണമാണെന്ന് അവൾ വിശ്വസിക്കുന്നു. സംസ്ഥാനത്തെ ദേവദാസികളിൽ 90 ശതമാനവും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരാണ്.

പുനർ സർവേയിൽ തന്റെ പേരും വരുമെന്ന് മാരിദേവി കരുതിയെങ്കിലും ഉദ്യോഗസ്ഥർ അവളെ ഭീഷണിപ്പെടുത്തുകയാണ് ചെയ്തത്. നിരോധിക്കപ്പെട്ട ആചാരം പിന്തുടരുന്നതിന് ജയിലിലടയ്ക്കുമെന്നാണ് അവർ പറയുന്നത്. 1984‑ന് ശേഷം ഈ വ്യവസ്ഥയിലേക്ക് വന്നതിനാൽ അവൾക്ക് സർക്കാർ സഹായം ലഭിക്കണമെങ്കിൽ നിലവിലെ പട്ടികയിൽ പേര് വരണം. അമ്മയ്ക്ക് ലഭിക്കുന്ന 2,000 രൂപ പെൻഷൻ മാത്രമാണ് ഏക വരുമാനം. കുട്ടികൾക്ക് അച്ഛന്റെ പേരോ ദേവദാസി സർട്ടിഫിക്കറ്റോ ഇല്ലാത്തതിനാൽ സർക്കാർ ആനുകൂല്യങ്ങളും ലഭിക്കുന്നില്ല.

വിജയനഗര ജില്ലയിൽ മാത്രം 30 വയസ്സിന് താഴെയുള്ള 26 അഞ്ഞൂറോളം സ്ത്രീകള്‍ ഇത്തരത്തിൽ ആശങ്കയിലാണ്. സംസ്ഥാനത്തെ ദേവദാസികളുടെ എണ്ണം മുൻപത്തേക്കാൾ പകുതിയായി കുറഞ്ഞെന്നാണ് ഔദ്യോഗിക കണക്കുകൾ പറയുന്നത്. എന്നാൽ സർവേയിലെ അപാകതകൾ കാരണമാണ് എണ്ണം കുറഞ്ഞതെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ ആരോപിക്കുന്നു.

പ്രായപരിധി സംബന്ധിച്ച തർക്കങ്ങളിൽ ഉദ്യോഗസ്ഥർ പരസ്പരം പഴിചാരുമ്പോൾ മാരിദേവിയെപ്പോലുള്ള യുവതികളുടെ ഭാവി അനിശ്ചിതത്വത്തിലാണ്. ദേവദാസി കുടുംബങ്ങളിലെ മൂന്ന് തലമുറകളെ പുനരധിവസിപ്പിക്കാൻ പുതിയ ബില്ലിൽ വ്യവസ്ഥയുണ്ടെങ്കിലും അത് നടപ്പിലാക്കുന്നതിൽ ഗൗരവമായ വീഴ്ചയുണ്ട്. ആവശ്യമായ ഫണ്ട് അനുവദിക്കാത്തതും സർവേയിലെ പോരായ്മകളും വലിയ തിരിച്ചടിയാണ്.

ആചാരങ്ങൾക്കപ്പുറം ദാരിദ്ര്യവും സാഹചര്യങ്ങളുമാണ് പലരെയും ഇതിലേക്ക് തള്ളിയിടുന്നത്. ആൺമക്കളില്ലാത്ത കുടുംബങ്ങളിൽ മാതാപിതാക്കളെ നോക്കാൻ ഒരാൾ വേണം എന്ന കാരണത്താൽ സ്വന്തം മകളെ ദേവദാസിയാക്കുന്ന ക്രൂരത ഇന്നും നടക്കുന്നുണ്ട്. അങ്കിത എന്ന 23‑കാരിയുടെ അനുഭവം ഇതിന് തെളിവാണ്. തന്റെ മാതാപിതാക്കൾ ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയപ്പോഴാണ് അവൾ ഇതിന് വഴങ്ങിയത്. പൊലീസുകാരുടെ സാന്നിധ്യത്തിൽ പോലും ഇത്തരം ചടങ്ങുകൾ നടക്കുന്നു എന്നത് ഞെട്ടിക്കുന്ന വാസ്തവമാണ്.

നയങ്ങൾ പ്രഖ്യാപിക്കുകയും സർവേകൾ നടക്കുകയും ചെയ്യുമ്പോഴും, മാരിദേവിയെപ്പോലുള്ളവർക്ക് ഈ വ്യവസ്ഥ പഴയൊരു കഥയല്ല. ഉത്തരവാദിത്തമില്ലാത്ത അധികാരികളും ദാരിദ്ര്യവും ചേർന്ന് ഒരുക്കിയ ഒരു കയ്പ്പേറിയ യാഥാർത്ഥ്യമാണ്.

Previous
വേട്ടയാടലിൽ തളരില്ല തൊഴിലാളി പ്രക്ഷോഭം
Next
വിഭജനത്തിന് കാരണക്കാര്‍ കോണ്‍ഗ്രസ് ; മുസ്ലീങ്ങളല്ല, പരാമര്‍ശവുമായി അസറുദ്ദീന്‍...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment