പുസ്തകത്തിലെ സമത്വവും ജീവിതദുരന്തവും

Janayugom
Developer Admin

ജീവിത വിജയത്തിന്റെ അടിസ്ഥാനം വിദ്യാഭ്യാസമെങ്കില്‍, ആ രംഗം അത്രമേല്‍ ശുദ്ധിയും ശക്തിയും ജ്ഞാനവും ഉറപ്പാക്കണം. പ്രാകൃതാവസ്ഥയില്‍ നിന്നു പുരോഗതിയിലേക്കുള്ള പ്രയാണത്തില്‍ ഉപേക്ഷിക്കപ്പെട്ട അന്ധധാരണകളും അനാചാരവിക്രിയകളും പുനര്‍ജനിച്ചു പ്രാബല്യം നേടുന്നുവെങ്കില്‍ അത് ആപത്തിലേക്കുള്ള സൂചനയാണ്.
നമ്മുടെ കലാശാലകളില്‍, സര്‍ക്കാരാേഫിസുകളില്‍, പൊതുസ്ഥലങ്ങളില്‍, ജാതിവിവേചനം നേരിടേണ്ടി വരുന്നവരുടെ ദാരുണവാര്‍ത്തകള്‍ ഞെട്ടലോടെയാണ് കേള്‍ക്കേണ്ടിവരുന്നത്. ആഗോളവല്‍ക്കരണം കൊണ്ടുവന്ന ലോകപരിചയം, ആധുനിക ശാസ്ത്രസാങ്കേതികവിദ്യ നല്‍കിയ തുറന്നസാധ്യതകള്‍ ഇവയൊന്നും ദുരാചാരികള്‍ക്കു ബാധകമല്ലെന്നോ? അധ്യാപകരോ ഉന്നതസ്ഥാനീയരോ ഭരണാധികാരം കയ്യാളുന്നവരോ മതജാതിചിന്തകളില്‍ നിന്ന് മുക്തി നേടാത്ത മാടമ്പികളുടെ മാനസികാവസ്ഥയില്‍ത്തന്നെ ജീവിക്കുകയാണെങ്കില്‍ എന്താണ് പരിഹാരം? ഭരണഘടനയും സാമൂഹ്യനീതിയും നവോത്ഥാനമൂല്യങ്ങളും കാറ്റില്‍പ്പറത്തി, സ്വകാര്യ സാമ്രാജ്യം നടത്തിക്കൊണ്ടുപോകാന്‍ കഴിയുന്ന വിചിത്ര സാഹചര്യം ഇപ്പോഴുമുണ്ടെങ്കില്‍ ആരാണുത്തരവാദികള്‍?
സഹജന്റെ മരണപ്പിടച്ചില്‍ തിരിച്ചറിയാത്ത അനുകമ്പയില്ലാത്ത സംഘടത ശക്തി കൊണ്ടെന്ത് പ്രയോജനമെന്ന് ചിന്തിക്കാന്‍ മറ്റാരെങ്കിലും വരണമെന്നാണോ? പുരോഗമന രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ അനുഗ്രഹാശിസുകളോടെ ശക്തിപ്രാപിക്കുന്ന അംഗീകൃത വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക്, ജാതിമത വിദ്വേഷത്തിനെതിരെ യാതൊന്നും ചെയ്യാനാവുന്നില്ലേ? നിത്യവും സംഘര്‍ഷത്തിലും മാരകായുധ പ്രയോഗത്തിലും കുതിച്ചുചാടുന്നവര്‍ക്ക് വേദനയുടെയും കണ്ണീരിന്റെയും വില അറിയുകയില്ലെന്നു വന്നാല്‍ അതെന്തൊരധഃപതനമാണ്!
വിദ്യാഭ്യാസ പരീക്ഷണങ്ങളും പദ്ധതികളും പരാതിപരിഹാര വകുപ്പുകളും നിയമപരിരക്ഷയുമെല്ലാം കടലാസില്‍ മാത്രം ഭരണം നടത്തുകയാണോ? ആവര്‍ത്തിക്കുന്ന ദുരന്തങ്ങള്‍ക്കുമേല്‍ പൊടിപാറുന്ന ചര്‍ച്ചകള്‍ നിശബ്ദമാവുമ്പോള്‍, വീണ്ടും കേള്‍ക്കേണ്ടിവരുന്നത് അതേ അധമ സംഭവങ്ങളുടെ പിന്തുടര്‍ച്ചയാണ്. ജാതിമതാധിക്ഷേപത്തിന്റെ ആയിരക്കണക്കിന് പരാതികള്‍ പരിഹാരമില്ലാതെ കെട്ടിക്കിടക്കുന്ന വാര്‍ത്ത പുറത്തുവന്നിട്ടുണ്ട്. അന്യനാട്ടില്‍ സംഭവിക്കുന്ന അനീതികള്‍ ആഘോഷമാക്കി പ്രചരിപ്പിക്കുന്നവര്‍ക്ക് തൊട്ടടുത്തു നടക്കുന്നവന്റെ നെടുവീര്‍പ്പ് മനസിലാവുന്നില്ലെങ്കില്‍ സാംസ്കാരികമായ ശെെഥില്യം പൊതുസമൂഹത്തെ ഗ്രസിച്ചിരിക്കുന്നുവെന്നാണര്‍ത്ഥം.
ഇളംതലമുറകള്‍ക്ക് മാതൃകയാവേണ്ട ഗുരുജനങ്ങള്‍ പോലും മാനുഷികതയുടെ ഹൃദയപാഠങ്ങള്‍ കെെവിട്ടു പെരുമാറിയാല്‍ വരുംകാലത്തിന്റെ തകര്‍ച്ച ഭീകരമായിരിക്കും. സിദ്ധാന്തങ്ങളും തത്വദര്‍ശങ്ങളും സമത്വവും സംസ്കാരവുമൊക്കെ പ്രസംഗക്കൊഴുപ്പില്‍ നിന്ന് സാധാരണ ജീവിതത്തിന്റെ നാള്‍വഴി നിശ്വാസത്തിലേക്ക് എന്നാണ് അനുഭവ സത്യത്തോടെ കടന്നുവരിക?

Previous
എൻ പി പ്രഭാകരൻ നാട്ടുസംസ്കൃതിയുടെ സംഗീതധാര
Next
ജാതി വിവേചനം: പരിഹാരം വിദ്യാർത്ഥി രാഷ്ട്രീയം ശക്തിപ്പെടുത്തല്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment