ജാതി വിവേചനം: പരിഹാരം വിദ്യാർത്ഥി രാഷ്ട്രീയം ശക്തിപ്പെടുത്തല്‍

Janayugom
Developer Admin

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റൽ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിന്റെ ദുരൂഹ മരണം ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിലനിൽക്കുന്ന കടുത്ത ജാതി വിവേചനങ്ങളുടെ ഭീകരതയെയാണ് വെളിപ്പെടുത്തുന്നത്. ഇ­ന്ത്യൻ ഭരണഘടന ഭാഗം മൂന്നിൽ പ്രതിപാദിക്കുന്ന മൗലികാവകാശങ്ങളിൽ ഒന്നാമത്തേതായ സമത്വാവകാശത്തെയും ഭരണഘടനയുടെ 17-ാം വകുപ്പ് പ്രകാരമുള്ള അയിത്താചാര നിരോധനത്തെയും 1955ലെ അയിത്തവിരുദ്ധ നിയമത്തെയും കാറ്റിൽപ്പറത്തിക്കൊണ്ടാണ് ഫാസിസത്തിന്റെയും സവർണ ബ്രാഹ്മണിക് വ്യവസ്ഥിതിയുടെയും ഇരകളായി കലാലയങ്ങളിൽ വിദ്യാർത്ഥി ജീവിതങ്ങൾ എരിഞ്ഞടങ്ങുന്നത്.
നിതിന്റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും അധ്യാപകരുടെ നിരന്തരമായ മാനസിക പീഡനത്തിന് വിധേയനായിരുന്നുവെന്നും നിറത്തിന്റെ പേരിലുള്ള കടുത്ത പരിഹാസമാണ് അയാള്‍ നേരിട്ടതെന്നും മാതാപിതാക്കൾ പരിതപിക്കുമ്പോൾ ജാതിചിന്ത പ്രബുദ്ധ കേരളത്തിൽ പോലും ശക്തമായ സ്വാധീനം ചെലുത്തുകയും നമ്മുടെ സാമൂഹികാന്തരീക്ഷത്തെ വലിയ രീതിയിൽ മലീമസമാക്കുകയും ചെയ്യുന്നുണ്ട് എന്ന വസ്തുത ഉൾക്കിടിലത്തോടെ നാം തിരിച്ചറിയുകയാണ്. ജാതിവിരുദ്ധ നവോത്ഥാന പോരാട്ടങ്ങളുടെ ദീർഘ ചരിത്രമുള്ള സംസ്ഥാനത്ത് അധഃസ്ഥിതരും അസ്പൃശ്യരുമെന്ന് വിലയിരുത്തി വ്യത്യസ്തമായ തലങ്ങളിൽ വിവേചനങ്ങൾ നേരിട്ട ഭൂതകാലത്തെ വീണ്ടും പുതിയ രീതിയിൽ പ്രതിഷ്ഠിക്കാനുള്ള തല്പര കക്ഷികളുടെ ഹിഡൻ അജണ്ടക്കെതിരെ ശക്തമായ പ്രതിരോധം സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയാണ് ഇത്തരം സംഭവങ്ങൾ നമ്മെ ഓർമ്മപ്പെടുത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മേഖലയിലെ ജാതി വിവേചനങ്ങളെ ലോകത്തിന് മുന്നിൽ അവതരിപ്പിച്ചുകൊണ്ടാണ് ഹൈദരാബാദ് കേന്ദ്ര സർവകലാശാല ഗവേഷക വിദ്യാർത്ഥിയും അംബേദ്കർ സ്റ്റുഡന്റ്സ് അസോസിയേഷൻ നേതാവുമായിരുന്ന രോഹിത് വെമുല 2016 ജനുവരി 17ന് ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കുന്നത്. സർവകലാശാലാ അധികൃതർ വച്ചുപുലർത്തുന്ന വിദ്യാഭ്യാസ മേഖലയിലെ സംഘ്പരിവാർ വിധേയത്വത്തെയടക്കം ശക്തമായി എതിർത്തതിനായിരുന്നു രോഹിത്തിനെയും മറ്റ് നാല് വിദ്യാർത്ഥികളെയും ഹോസ്റ്റലിൽ നിന്നും പുറത്താക്കിയത്. വിദ്യാർത്ഥികളെ പുറത്താക്കിക്കൊണ്ടുള്ള സർവകലാശാലാ ഉത്തരവിനെതിരെ വിവിധ സംഘടനകളുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടക്കുന്നതിനിടയ്ക്കാണ് വിദ്യാർത്ഥി അവകാശ പോരാട്ടങ്ങളിൽ മുന്നിലുണ്ടായിരുന്ന രോഹിത് വെമുല ജീവൻ അവസാനിപ്പിച്ചത്.
തീർത്തും ദരിദ്രമായ കുടുംബ സാഹചര്യത്തിൽ നിന്ന് യുജിസി ഫെല്ലോഷിപ്പ് നേടി കാമ്പസിലെത്തിയ രോഹിത് സവർണ മേധാവിത്വം പുലർത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജാതി വിവേചനത്തിന്റെയും ബ്രാഹ്മണാധിപത്യത്തിന്റെയും ക്രൂരമായ ഇരയായിരുന്നു. അദ്ദേഹത്തിന് മുമ്പ് 10 വർഷത്തിനിടയിൽ എട്ട് വിദ്യാർത്ഥികളും രോഹിത്തിന്റെ മരണശേഷം നാല് വിദ്യാർത്ഥികളും ഇതേ കാമ്പസിൽ ആത്മഹത്യ ചെയ്തിട്ടുണ്ട്.
മുംബൈയിലെ ടോപ്പിവാല നാഷണൽ മെഡിക്കൽ കോളജിലെ ഗൈനക്കോളജി വിഭാഗം പിജി വിദ്യാർത്ഥിനി ഡോ. പായൽ തദ്‌വിയുടെ ആത്മഹത്യയും 2015ൽ മഹാത്മാ ഗാന്ധി സർവകലാശാലയിലെ ദീപ പി മോഹനന് ഉണ്ടായ ദുരനുഭവവുമെല്ലാം ജാതി ഭീകരതയുടെ നടുക്കുന്ന ഉദാഹരണങ്ങളിൽ ചിലത് മാത്രം. 2025ൽ വിദ്യാഭ്യാസത്തിനായുള്ള പാർലമെന്ററി സ്റ്റാന്റിങ് കമ്മിറ്റിക്ക് യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നൽകിയ കണക്കുപ്രകാരം അഞ്ചുവർഷത്തിനിടയിൽ കാമ്പസുകളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ജാതിവിവേചന പരാതികളുടെ എണ്ണത്തിൽ വൻ വർധന ഉണ്ടായിട്ടുണ്ടെന്ന് പറയുന്നു.
വിദ്യാർത്ഥികളുടെ സംഘടിക്കാനുള്ള സ്വാതന്ത്ര്യത്തെ അംഗീകരിക്കുകയും അവരുടെ കർമ്മമണ്ഡലങ്ങളുടെ സൃഷ്ടിപ്പ് ഭരണകൂടവും പൊതുസമൂഹവും ബാധ്യതയായി ഏറ്റെടുക്കുകയും ചെയ്യുമ്പോൾ മാത്രമേ പരിഷ്കൃത സമൂഹത്തിന് അപമാനകരമായ ഇത്തരം സാമൂഹ്യ ദുരാചാരങ്ങൾക്കെതിരായുള്ള പ്രതിരോധം സാധ്യമാകൂ എന്ന് നാം മനസിലാക്കേണ്ടതുണ്ട്. വിദ്യാർത്ഥികൾ സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുകയോ അഭിപ്രായം പറയുകയോ ചെയ്യാതെ ക്ലാസ് മുറികളിൽ നിശബ്ദരായി അടങ്ങിയൊതുങ്ങിയിരുന്ന് പഠിച്ചു കഴിയേണ്ടവരാണെന്ന വാദഗതിയുമായി ഇന്ത്യൻ സ്വാതന്ത്ര്യ സമര കാലത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ രംഗത്തുവന്നപ്പോൾ അതിനെയെല്ലാം അവഗണിച്ച് കൊണ്ട് അധിനിവേശത്തിനും ചൂഷണങ്ങൾക്കുമെതിരെ ഐതിഹാ­സികമായ സമരങ്ങൾക്ക് നേതൃത്വം നൽകിയ പാരമ്പര്യമാണ് കേരളത്തിനുള്ളത്.
1916ൽ നാട്ടുരാജ്യങ്ങൾക്ക് സ്വയംഭരണ പദവി ആവശ്യപ്പെട്ടുകൊണ്ട് ഹോം റൂൾ പ്രസ്ഥാനം ഉടലെടുത്തപ്പോൾ പാലക്കാട് വിക്ടാേറിയ കോളജിലും കോഴിക്കോട് സാമൂതിരി കോളജിലും തലശേരി ബ്രണ്ണൻ കോളജിലും വിദ്യാർത്ഥികൾ സമരസജ്ജരായി രംഗത്തിറങ്ങുകയുണ്ടായി. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്ന് വിദ്യാർത്ഥി രാഷ്ട്രീയത്തെ നിർമ്മൂലനം ചെയ്യപ്പെടുമ്പോൾ വിദ്യാർത്ഥികളുടെ പ്രതികരണ ശേഷി നഷ്ടപ്പെടുകയും അറിവിനെ കേവലം വാണിഭമായി മാത്രം കാണുന്ന മാനേജ്മെന്റുകളുടെ കീഴിൽ നാടിനെ അലോസരപ്പെടുത്തുന്നതും അർപ്പണ ബോധമില്ലാത്തതുമായ ഒരു തലമുറ രൂപപ്പെടുകയും ചെയ്യുമെന്നതാണ് സത്യം. അത്തരം സ്ഥാപനങ്ങളിലാണ് സാമൂഹികമായി ഒറ്റപ്പെടുത്തുകയും അടിച്ചമർത്തപ്പെട്ട വിഭാഗങ്ങളുടെ ഉയർച്ച തടസപ്പെടുത്തുകയും ചെയ്യുന്ന ജാതീയമായ വേർതിരിവുകൾ കൂടുതൽ പ്രകടമാകുന്നത്. അതുകൊണ്ട് തന്നെ വിദ്യാർത്ഥി സംഘടനകളെയും വിദ്യാർത്ഥി രാഷ്ട്രീയത്തെയും സജീവമാക്കി, അവിടങ്ങളിലെ ജനാധിപത്യത്തെ ശക്തിപ്പെടുത്തുക എന്നതാണ് നമ്മുടെ കർത്തവ്യം. 

Previous
പുസ്തകത്തിലെ സമത്വവും ജീവിതദുരന്തവും
Next
‘നമ്മൾ ഇന്ത്യക്കാരാണ്, ആദ്യമായും അവസാനമായും’

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment