‘നമ്മൾ ഇന്ത്യക്കാരാണ്, ആദ്യമായും അവസാനമായും’

Janayugom
Developer Admin

ഡോ. ബി ആർ അംബേദ്കർ എന്ന ഇന്ത്യ കണ്ട എക്കാലത്തെയും പ്രതിഭാധനനായ വ്യക്തിയുടെ പൊതുജീവിതം ആരംഭിക്കുന്നത് 1915 കാലഘട്ടത്തിൽ അദ്ദേഹം അമേരിക്കയിലെ കൊളംബിയൻ യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന അവസരത്തിലാണ്. അക്കാലത്താണ് മഹാത്മാ ഗാന്ധിയുടെ ഇന്ത്യയിലെ പൊതുജീവിതവും ആരംഭിക്കുന്നത്. അംബേദ്കർ അന്ന് ഇന്ത്യയിൽ നിലനിന്നിരുന്ന ജാതിവ്യവസ്ഥിതിക്കെതിരെ പോരാടിയപ്പോൾ ഗാന്ധിജി കൂടുതൽ ശ്രദ്ധ കൊടുത്തത് ബ്രിട്ടീഷുകാരുടെ ഇന്ത്യയിലെ ഭരണം അവസാനിപ്പിക്കുന്നതിനു വേണ്ടിയുള്ള സ്വാതന്ത്ര്യ സമരത്തിലായിരുന്നു.
ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യന്റെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമായിരുന്നു ഗാന്ധിജിയും അംബേദ്കറും നടത്തിയത്. ബ്രിട്ടീഷുകാർക്കെതിരെയുള്ള സമരത്തെക്കാൾ പ്രാധാന്യം അംബേദ്കർ ജാതിക്കെതിരെയുള്ള സമരത്തിന് കൊടുത്തതിനു കാരണം ജാതി, സമൂഹത്തിലുണ്ടാക്കിയ മനുഷ്യാവകാശ ലംഘനങ്ങളുടെ മുറിവ് അതിഭീകരമായിരുന്നു എന്നതുതന്നെ. മനുഷ്യനെ വിഭജിച്ചുനിർത്തുന്ന മാരകമായ ഒരു വിപത്തായി ജാതി വിവേചനത്തെ അദ്ദേഹം വളരെ ചെറിയ പ്രായത്തിലേ തിരിച്ചറിഞ്ഞു. അതുകൊണ്ടുതന്നെ സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് അദ്ദേഹം നടത്തിയ എല്ലാ പ്രവർത്തനങ്ങളും ഇന്ത്യയിൽ നിന്ന് ജാതി ഉന്മൂലനം ചെയ്യണം എന്ന ഉദ്ദേശത്തോടുകൂടി ആയിരുന്നു.
ഹിന്ദുമതം മറ്റു മതങ്ങളെക്കാൾ താരതമ്യേന സ്വാതന്ത്ര്യമുള്ളതാണെങ്കിലും അതിലെ ജാതി വിവേചനവും അതിലൂടെ ഉണ്ടായിട്ടുള്ള അസമത്വങ്ങളും നീതി നിഷേധവും ഇന്നും സമൂഹത്തിൽ ചർച്ചാവിഷയമാണ്. അംബേദ്കറുടെ ആദ്യ പുസ്തകമായ ‘ഇന്ത്യയിലെ ജാതി ‑ഉത്ഭവവും വികാസവും’ മുതൽ ജാതിയുടെ ഭീകരതയെക്കുറിച്ച് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. അത്തരം സാമൂഹിക അനീതികള്‍ക്കെതിരെ പ്രതികരിക്കാനും പോരാടുവാനുമാണ് മഹദ് സത്യഗ്രഹം, സൈമൺ കമ്മിഷൻ, വട്ടമേശ സമ്മേളനം, പൂനാ പാക്ക് എന്നിവയിലെല്ലാം അദ്ദേഹം ശ്രമിച്ചത്.
സ്വതന്ത്ര ഇന്ത്യ എങ്ങനെയായിരിക്കണം എന്ന വ്യക്തമായ കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. ജാതിക്കും മതത്തിനും അമിതപ്രാധാന്യമില്ലാത്ത, സമത്വത്തിലും സ്വാതന്ത്ര്യത്തിലും സാഹോദര്യത്തിലും വിശ്വസിക്കുന്ന ജനാധിപത്യ ഇന്ത്യയാണ് അദ്ദേഹത്തിന്റെ സ്വപ്നം. ഇന്ത്യൻ ഭരണഘടനയുടെ ശില്പി എന്ന നിലയിൽ അദ്ദേഹം ശ്രമിച്ചതും അതിനുതന്നെ. ജാതിയുടെ അടിസ്ഥാനത്തിലുള്ള എല്ലാത്തരം വിവേചനങ്ങളും ഇല്ലാത്ത, എല്ലാവർക്കും തുല്യനീതി ഉറപ്പാക്കുന്ന ഒരു ഭരണഘടനയാണ് അദ്ദേഹം ഇന്ത്യക്ക് നൽകിയത്.
ഡോ. ബി ആർ അംബേദ്കർ വെറും ഒരു ജനാധിപത്യവാദി മാത്രമായിരുന്നില്ല. ജനാധിപത്യത്തിന്റെ വിവിധ തത്വസംഹിതകളെക്കുറിച്ച് അദ്ദേഹത്തിന് വ്യക്തമായ ധാരണയുണ്ടായിരുന്നു. കേന്ദ്രീകൃത ജനാധിപത്യവും പാർലമെന്ററി ജനാധിപത്യവും തമ്മിലുള്ള വ്യത്യാസം, പ്രാതിനിധ്യ ജനാധിപത്യം, സ്ഥിതിസമത്വ മതനിരപേക്ഷ ജനാധിപത്യം ഇവയിലെല്ലാം അദ്ദേഹത്തിന് വ്യക്തമായ അറിവുണ്ടായിരുന്നു. സ്ത്രീ സമത്വത്തിന് വേണ്ടി പോരാടിയ അദ്ദേഹം ഹിന്ദു ബിൽ കോഡിലൂടെ അത് നടപ്പിലാക്കാൻ ശ്രമിച്ചു. പട്ടികജാതി പട്ടികവർഗ ജനവിഭാഗത്തിന് വേണ്ടി സ്വജീവിതം ഉഴിഞ്ഞുവച്ച അംബേദ്കർ അവർക്കുവേണ്ടി നിരവധി സമരങ്ങളും പ്രസ്ഥാനങ്ങളും കെട്ടിപ്പടുത്തു. മഹദ് സത്യഗ്രഹം, ബഹിഷ്കൃത ഹിതഹാരിണി സഭ, ഓൾ ഇന്ത്യ ഷെഡ്യൂൾഡ് കാസ്റ്റ് ഫെഡറേഷൻ, ബഹിഷ്കൃത ഭാരത്, ജാതി ഉന്മൂലനം — ഇവയെല്ലാം അതിന്റെ ഭാഗമായി അംബേദ്കർ നൽകിയ സംഭാവനകളാണ്.
ഇന്ത്യയിലെ തൊഴിലാളി വർഗത്തിനുവേണ്ടി പോരാടിയ അദ്ദേഹം ഓൾ ഇന്ത്യ ലേബർ പാർട്ടി എന്ന രാഷ്ട്രീയ സംഘടന രൂപീകരിച്ച് തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചു. ഇന്ത്യയിലെ പല തൊഴിൽ നിയമങ്ങളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നു. അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന ജനാധിപത്യവിരുദ്ധർ എത്ര ശ്രമിച്ചാലും തകർക്കാൻ കഴിയാത്ത ലോകത്തിലെ ഏറ്റവും വലിയ ലിഖിത ഭരണഘടനയായ ‘ഇന്ത്യൻ ഭരണഘടന’യാണ്. ഭരണഘടനാ ധാർമ്മികതയുടെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചിട്ടുള്ള അദ്ദേഹം ഇന്ത്യൻ ദേശീയതയുടെ യഥാർത്ഥ വക്താവായിരുന്നു.
ഇന്ത്യക്കാരായ നമ്മൾ ആദ്യമായും അവസാനമായും ഇന്ത്യക്കാർ തന്നെ ആയിരിക്കണം എന്ന അദ്ദേഹത്തിന്റെ പരാമർശം വളരെ പ്രസിദ്ധമാണ്. ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായി ചിന്തിക്കുന്ന ഒരു സമൂഹമായി മാറണമെന്ന് അദ്ദേഹം ഇന്ത്യൻ ജനതയെ പഠിപ്പിച്ചു. ജാതി — മത — വർണ വ്യത്യാസങ്ങൾക്ക് മുകളിലാണ് നമ്മൾ ഇന്ത്യക്കാർ എന്ന ദേശീയബോധം എന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. അത് ഭരണഘടനയുടെ ആമുഖത്തിൽ എഴുതിച്ചേർക്കുവാൻ അദ്ദേഹത്തിന് കഴിഞ്ഞു. രാഷ്ട്രീയത്തിൽ വ്യക്തിപൂജയെ എതിർത്ത അംബേദ്കർ അത് ഇന്ത്യയെ കൂടുതൽ ഏകാധിപത്യത്തിലേക്ക് നയിക്കും എന്ന പരാമർശവും നടത്തുകയുണ്ടായി.
തികഞ്ഞ ജനാധിപത്യവാദി ആയതുകൊണ്ടുതന്നെ അംബേദ്കർ ജനാധിപത്യ വിരുദ്ധരുടെ ക­ണ്ണിലെ കരടാണ്. അതുകൊണ്ടുതന്നെ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ജ­നാധിപത്യവിരുദ്ധതയും ഭ­രണഘടനാലംഘനങ്ങളും മനുഷ്യാവകാശ ധ്വംസനങ്ങളും ഉണ്ടാകുമ്പോൾ നിശബ്ദമായി അതിനെ പ്രതിരോധിക്കുന്നത് അംബേദ്കർ വചനങ്ങളാണ് എന്നതിൽ സംശയം ഇല്ല, കാരണം അംബേദ്കർ ഒരു പ്രതിരോധമാണ്, ജനാധിപത്യ വിരുദ്ധതയ്ക്കെതിരെയുള്ള പ്രതിരോധം. അത് ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഓരോ ഇന്ത്യക്കാരുടെയും ചിന്തകളില്‍ പ്രവർത്തിക്കുകയും പ്രതിരോധിക്കുകയും ചെയ്യും.

Previous
ജാതി വിവേചനം: പരിഹാരം വിദ്യാർത്ഥി രാഷ്ട്രീയം ശക്തിപ്പെടുത്തല്‍
Next
സ്ത്രീ സംവരണം മറയാക്കി വിധ്വംസക രാഷ്ട്രീയ കുതന്ത്രം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment