പാർലമെന്റിന്റെ നീട്ടിവയ്ക്കപ്പെട്ട ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായുള്ള ത്രിദിന പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. ’21-ാം നൂറ്റാണ്ടിലെ ഏറ്റവും നിർണായകവും മഹത്തരവുമായ തീരുമാനം കൈക്കൊള്ളാനായി’ ചേരുന്ന സമ്മേളനം എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി വൃത്തങ്ങളും ഉദ്ഘോഷിക്കുന്ന സമ്മേളനം ഇന്ത്യൻ ജനാധിപത്യത്തോടും രാഷ്ട്രത്തോടും ജനങ്ങളോടുമുള്ള കടുത്ത രാഷ്ട്രീയവഞ്ചനയും രാഷ്ട്രത്തെയും ജനതയെയും ഭിന്നിപ്പിക്കാനുള്ള ഫാസിസ്റ്റ് തന്ത്രവും ഗൂഢാലോചനയുമായിരുന്നുവെന്ന് ചരിത്രം നിസംശയം സാക്ഷ്യപ്പെടുത്തും. സ്ത്രീ ശാക്തീകരണത്തിന്റെയും ലോക്‌സഭയിലും സംസ്ഥാന നിയമസഭകളിലും 33% വനിതാ പ്രാതിനിധ്യം ഉറപ്പുവരുത്തുന്ന നിയമ ഭേദഗതിയുടെയും പേരിലാണ് ഇപ്പോൾ പ്രത്യേക സമ്മേളനം വിളിച്ചുചേർത്തിരിക്കുന്നത്. വനിതാസംവരണം സംബന്ധിച്ച ഭരണഘടനയുടെ 2023ലെ 106ാം ഭേദഗതി നിയമം, ‘നാരി ശക്തി വന്ദൻ അധിനിയം’, 2023 സെപ്റ്റംബർ 19ന് ചേർന്ന പാർലമെന്റിന്റെ ദ്വിദിന പ്രത്യേക സമ്മേളനത്തിൽ അവതരിപ്പിക്കുകയും 20ന് ലോക്‌സഭ രണ്ടിനെതിരെ 454 വോട്ടുകൾക്കും രാജ്യസഭ ഏകകണ്ഠമായും പാസാക്കുകയും, രാഷ്ട്രപതി ദ്രൗപദി മുർമു തൊട്ടടുത്തദിവസം ബില്ലിൽ ഒപ്പുവയ്ക്കുകയും അന്നുതന്നെ ഗസറ്റ് വിജ്ഞാപനത്തിലൂടെ നിയമമാവുകയും ചെയ്തിരുന്നു. 2024ൽ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പോടെ സംവരണം നടപ്പാക്കണമെന്നായിരുന്നു പ്രതിപക്ഷ ആവശ്യം. എന്നാൽ, 2021ൽ നടക്കേണ്ടിയിരുന്നതും കോവിഡിന്റേയും, മറ്റ് ദുരൂഹ കാരണങ്ങളുടെയും പേരിൽ മാറ്റിവയ്ക്കപ്പെട്ട കാനേഷുമാരി കണക്കെടുപ്പ് 2026ൽ ആരംഭിച്ച്, പൂർത്തിയാക്കി, അതിന്റെ അടിസ്ഥാനത്തിൽ ലോക്‌സഭ, നിയമസഭാ മണ്ഡലങ്ങൾ ജനസംഖ്യാടിസ്ഥാനത്തിൽ പുനർനിർണയിച്ചു മാത്രമേ സംവരണ നിയമം നടപ്പാക്കാനാകൂ എന്ന കടുംപിടുത്തത്തിലായിരുന്നു മോഡിസർക്കാർ.
ഇപ്പോൾ, 30 മാസങ്ങൾക്കുശേഷം, പശ്ചിമബംഗാൾ, തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാകുംമുമ്പ്, തങ്ങളുടെ മുൻനിലപാടിൽ മാറ്റംവരുത്തി, പൊടുന്നനെ നിയമം ഭേദഗതിചെയ്ത് നടപ്പിലാക്കാൻ ഒരുമ്പെട്ടിറങ്ങിയതിന്റെ പിന്നിലെ ലക്ഷ്യം വ്യക്തമാണ്. ആ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുഫലങ്ങളെ ജനാധിപത്യവിരുദ്ധമായി സ്വാധീനിക്കുക, മതിയായ ചർച്ചകളും മുന്നൊരുക്കങ്ങളും കൂടാതെ രാജ്യത്തെ അപ്പാടെ ഭിന്നിപ്പിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ കഴിയുംവിധം മണ്ഡല പുനർനിർണയം നടത്തുക എന്നിവയാണ് അത്. വർഗീയതയും വിദ്വേഷരാഷ്ട്രീയവും ഭിന്നിപ്പുതന്ത്രങ്ങളും പ്രലോഭനങ്ങളുമൊന്നും ഇരു സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളെയും സ്വാധീനിക്കില്ലെന്ന് ബോധ്യപ്പെട്ടതോടെയാണ് സമ്മതിദായകരിൽ പകുതിയോളം വരുന്ന സ്ത്രീ വോട്ടർമാരെ സ്വാധീനിക്കാനും അവർക്കിടയിൽ ഭിന്നതയുടെ വിഷവിത്ത് വിതയ്ക്കാനുമുള്ള തന്ത്രവുമായി മോഡി പ്രഭൃതികൾ രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പും തുടർന്ന് ഇപ്പോൾ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളും, മോഡിക്കും ബിജെപിക്കും വ്യക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ആ തിരിച്ചറിവാണ്, മുൻധാരണകൾക്കും നിലപാടുകൾക്കും വിരുദ്ധമായി, സെൻസസ് നടപടികൾ പൂർത്തിയാകാൻ കാത്തുനിൽക്കാതെ സ്ത്രീ സംവരണവും മണ്ഡല പുനർനിർണയവും നേരത്തേയാക്കാനുള്ള നീക്കത്തിന് പിന്നിൽ. മണ്ഡല പുനർനിർണയം കേവലം ജനസംഖ്യാ അടിസ്ഥാനത്തിൽ നടത്തുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നപ്പോൾ നിലവിൽ സംസ്ഥാനങ്ങൾ തമ്മിലുള്ള അനുപാതത്തിൽ യാതൊരു മാറ്റവും കൂടാതെയാവും ലോക്‌സഭാ സീറ്റുകളുടെ വർധിച്ച എണ്ണത്തിന്റെ വിഭജനവും മണ്ഡല പുനർനിർണയവും നടക്കുകയെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വാണിജ്യ മന്ത്രി പിയുഷ് ഗോയലും ആവർത്തിച്ചു പറഞ്ഞിരുന്നു. എന്നാൽ, മണ്ഡല പുനർനിർണയം സംബന്ധിച്ച കരടുബിൽ പുറത്തുവന്നതോടെ രാജ്യത്ത് സംസ്ഥാനങ്ങൾക്കും ജനങ്ങൾക്കുമിടയിൽ നിലനിൽക്കുന്ന സമതുലതയെയും സമവായത്തിന്റെ രാഷ്ട്രീയ അന്തരീക്ഷത്തെയും തകർത്ത് തങ്ങളുടെ വോട്ടുബാങ്കും രാഷ്ട്രീയ അധികാരവും ഉറപ്പിച്ചുനിർത്താനുള്ള കുതന്ത്രത്തിന്റെ പാരമ്യത്തിലാണ് മോഡി പ്രഭൃതികൾ എത്തിനിൽക്കുന്നതെന്ന് വ്യക്തമാണ്. വനിതാ സംവരണത്തെ ആരും തുറന്നെതിർക്കാത്തത് ഇന്ത്യ പൊടുന്നനെ ഒരു സ്ത്രീസൗഹൃദ സമൂഹമായി മാറിയതുകൊണ്ടോ അവരുടെ അവകാശങ്ങളെയും ശാക്തീകരണത്തെയും മാനിക്കണമെന്ന ഉത്തമ ബോധ്യംകൊണ്ടോ ആയിരിക്കണമെന്നില്ല.
ലോക്‌സഭയിൽ പരമാവധി 850 സീറ്റുകൾ വരെയാവാം. അതിന്റെ 33% എന്നത് 280.5 സീറ്റുകളാണ്. നിലവിൽ ലോക്‌സഭയിലെ വനിതാ പ്രാതിനിധ്യം 78 ആണ്. മൊത്തം സീറ്റുകളുടെ എണ്ണം 850 ആകുമ്പോൾ പൊതു സീറ്റുകളുടെ എണ്ണം 570 ആയി ഉയരും. നിലവിലുള്ള സംവരണ മാനദണ്ഡങ്ങൾ പാലിച്ചും ആവശ്യമെങ്കിൽ പൊതുസീറ്റുകളിൽ ഏതാനും എണ്ണം ഔദാര്യപൂർവം സ്ത്രീകൾക്ക് നൽകിയാലും പുരുഷകേസരികൾക്ക് കാര്യമായ നഷ്ടമൊന്നും സംഭവിക്കാൻ പോകുന്നില്ല. എന്നാൽ, വനിതകൾക്കായി സംവരണം ചെയ്യപ്പെട്ട സീറ്റുകളിൽ പട്ടികജാതി, വർഗ വിഭാഗങ്ങൾക്കായി മാറ്റിവക്കപ്പെട്ടവയ്ക്ക് പുറമെയുള്ള സീറ്റുകളിൽ മറ്റു പിന്നാക്ക വിഭാഗങ്ങൾ ഉൾപ്പെടെയുള്ള അവഗണിക്കപ്പെട്ട വിഭാഗങ്ങൾക്കായി ‘സംവരണത്തിനുള്ളിലെ സംവരണ’തത്വം പാലിക്കപ്പെടുന്നില്ലെങ്കിൽ അത് വരേണ്യ വിഭാഗങ്ങളുടെ ആധിപത്യത്തിലേക്ക് നയിക്കുമെന്ന ആശങ്ക ശക്തമാണ്. പൊതു സീറ്റുകളുടെ കാര്യത്തിലും ഈ ആശങ്ക പ്രസക്തമാണ്. ഇവിടെയാണ് ‘സംവരണത്തിനുള്ളിലെ സംവരണ’വും ജാതി സെൻസസും പ്രസക്തമാകുന്നത്. മണ്ഡല പുനർനിർണയം മറ്റെല്ലാറ്റിലുമുപരി രാജ്യത്തിന്റെയും ജനതയുടെയും ഐക്യത്തിന്റെയും നിലനില്പിന്റെയും നേരെയുള്ള കനത്ത വെല്ലുവിളിയാണ്. ജനസംഖ്യാടിസ്ഥാനത്തിലുള്ള മണ്ഡല പുനർനിർണയം ദേശീയ രാഷ്ട്രീയ അധികാരത്തിന്റെ മാത്രമല്ല ദേശീയ വിഭവങ്ങളുടെ നിയന്ത്രണം തന്നെയും ഹിന്ദി ഹൃദയഭൂമിയിൽ കേന്ദ്രീകരിക്കാൻ വഴിയൊരുക്കും. നിലവിലുള്ള സംവിധാനത്തിൽ തന്നെ സ്ഥിതി അപലപനീയമാണ്. ജനസംഖ്യാ സ്ഥിരത കൈവരിച്ച ദക്ഷിണ, പൂർവ, ഉത്തരപൂർവ, പശ്ചിമ, പശ്ചിമോത്തര ഇന്ത്യൻ സംസ്ഥാനങ്ങളുടെ പ്രാതിനിധ്യത്തിലുണ്ടാവുന്ന ഇടിവ് ഇന്ത്യൻ യൂണിയൻ, സാമ്പത്തിക ഫെഡറലിസം തുടങ്ങി ഇന്ത്യയെ ഒരു രാഷ്ട്രമായും ജനതയായും നിലനിർത്തുന്ന എല്ലാ സങ്കല്പങ്ങളുടെയും കടയ്ക്കലായിരിക്കും കത്തിവയ്ക്കുക, തകർച്ചയിലേക്കായിരിക്കും നയിക്കുക. അതുകൊണ്ടുതന്നെ വിനാശകരമായ ഈ കുടിലതന്ത്രം വിജയിക്കാൻ അനുവദിച്ചുകൂടാ. പാർലമെന്റിലും തെരുവുകളിലും അത് എതിർക്കപ്പെടുകയും അതിന്റെ പരാജയം ഉറപ്പുവരുത്തേണ്ടതും രാജ്യത്തിന്റെയും ജനങ്ങളുടെയും അടിയന്തര കടമയും ദൗത്യവുമാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment