കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന രണ്ട് വാര്‍ത്തകള്‍ ഈ രാജ്യത്ത് തെരഞ്ഞെടുപ്പ് കമ്മിഷന്‍ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ അഥവാ എസ്ഐആര്‍ എന്ന പേരില്‍ നടത്തുന്ന വോട്ടര്‍ പട്ടിക പരിഷ്കരണത്തിന്റെ യഥാര്‍ത്ഥ ചിത്രം വെളിവാക്കുന്നതായിരുന്നു. പശ്ചിമബംഗാള്‍ വഖഫ് ബോര്‍ഡ് ചെയര്‍മാനായ സാഹിദുള്ള മുന്‍ഷി, അദ്ദേഹം 2013 മുതല്‍ 2020 വരെ കല്‍ക്കത്ത ഹെെക്കോടതി ജഡ്ജിയായിരുന്നു, അദ്ദേഹത്തിന്റെ ഭാര്യ, പുത്രന്‍ എന്നിവരെ വോട്ടര്‍ പട്ടികയില്‍ നിന്നും എസ്ഐആര്‍ നടപടികളിലൂടെ നീക്കം ചെയ്തു. രണ്ടുതവണ ഉദ്യോഗസ്ഥന്മാര്‍ക്ക് മുന്നില്‍ ഹാജരാവുകയും രേഖകള്‍ സമര്‍പ്പിക്കുകയും ചെയ്തതിനു ശേഷവും അദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും പേരുകള്‍ നീക്കം ചെയ്തു. ഇദ്ദേഹത്തെ ‘കണ്ടെത്താനായില്ല’ എന്നാണ് രേഖപ്പെടുത്തിയത്.
ഈ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ബന്ധപ്പെട്ട അപ്പീല്‍ ട്രിബ്യൂണലുകള്‍ പ്രവര്‍ത്തിക്കുന്നില്ല എന്നാണ് അദ്ദേഹം അറിയിച്ചത്. വലിയ പ്രതിഷേധങ്ങള്‍ക്കൊടുവില്‍ രണ്ടാമത്തെ സപ്ലിമെന്ററി പട്ടികയില്‍ ജഡ്ജ് സാഹിദുള്ള മുന്‍ഷിയുടെയും കുടുംബത്തിന്റെയും പേരുകള്‍ ഉള്‍പ്പെടുത്തുവാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ നിര്‍ബന്ധിതരായി. ഇത് ഒരു സാധാരണ പൗരന്റെ കാര്യമല്ല. ഹെെക്കോടതി ജഡ്ജിയും നിലവില്‍ പശ്ചിമബംഗാള്‍ സംസ്ഥാനത്തെ ന്യൂനപക്ഷ കമ്മിഷന്‍ ചെയര്‍മാനുമായ ഒരു ഉന്നത വ്യക്തിയുടെ സ്ഥിതിയാണ് ഇത്. കൊല്‍ക്കത്തയില്‍ തന്നെ നടന്ന അടുത്ത സംഭവം ഈ രാജ്യത്തെ തെരഞ്ഞെടുപ്പുകള്‍ പക്ഷപാതരഹിതമായി നടത്താന്‍ ചുമതലപ്പെട്ട തെരഞ്ഞെടുപ്പ് കമ്മിഷന്‍ എത്ര നീതിരഹിതമായാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് ഉദാഹരണമാണ്.
കൊല്‍ക്കത്തയില്‍ അബ്ദുള്‍ ഗാനിയും ഭാര്യ മൊഹുവ ഇസ്ലാമും 1999ല്‍ ജനിച്ച തങ്ങളുടെ മകള്‍ക്ക് അമൃത പ്രിയദര്‍ശിനി എന്ന് പേരിടുന്നു. മിടുക്കിയായ ആ കുട്ടി ബയോഫിസിക്സില്‍ സ്വര്‍ണമെഡലോടെ ബിരുദാനന്തര ബിരുദം നേടുന്നു, ഉന്നത പരീക്ഷകള്‍ക്ക് തയ്യാറെടുക്കുകയായിരുന്ന ആ മിടുക്കി പെണ്‍കുട്ടിയോട് 2025 ഡിസംബറില്‍ ബൂത്ത് ലെവല്‍ ഓഫിസര്‍ വോട്ടവകാശം സംബന്ധിച്ച് ഹിയറിങ്ങിന് ഹാജരാകാന്‍ ആവശ്യപ്പെടുന്നു. 2019ലെയും 24ലെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിലും വോട്ടവകാശമുണ്ടായിരുന്ന അമൃത ഹിയറിങ്ങില്‍ പാസ്‌പോര്‍ട്ട്, ആധാര്‍ തുടങ്ങിയ രേഖകളും തന്റെ അച്ഛന്‍ പ്രൊഫസര്‍ അബ്ദുള്‍ ഗനിയുടെ തിരിച്ചറിയല്‍ രേഖകളും ഹാജരാക്കുന്നു. എന്താണ് പ്രശ്നം എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുന്നില്ല. ബൂത്ത് ലെവല്‍ ഓഫിസര്‍ നല്കിയ മറുപടി മാതാപിതാക്കളുടെ പേര് കൂട്ടിച്ചേര്‍ക്കാത്ത പേരുകള്‍ എഐ സംവിധാനം തടഞ്ഞുവയ്ക്കും എന്നാണ്.
മാതാപിതാക്കളുടെ പേര് സര്‍ നെയിം ആയി ഉപയോഗിക്കാത്ത ഈ കുറിപ്പെഴുതുന്ന ആള്‍ അടക്കമുള്ള കോടിക്കണക്കിന് ഇന്ത്യന്‍ പൗരന്മാര്‍ക്ക് വോട്ടവകാശം നിശ്ചയിക്കുന്നത് എഐ ആണോ എന്നത് ഓരോ പൗരനും അറിയേണ്ട കാര്യമാണ്. അങ്ങനെയെങ്കില്‍ ആ തീരുമാനമെടുത്തവരെ തെരുവില്‍ വിചാരണ ചെയ്യേണ്ടതാണ്. ബംഗാളില്‍ മാത്രം 13 ലക്ഷത്തിലധികം പേരുടെ വോട്ടവകാശം എസ്ഐആര്‍ വഴി ഇല്ലാതാക്കി കഴിഞ്ഞു. 28 ലക്ഷം പേര്‍ ഇപ്പോഴും ഫലം കാത്തിരിക്കുകയാണ്. കേരളത്തില്‍ 53,229 പേരുകള്‍ നീക്കം ചെയ്തു. ഇവിടെ 36,88,948 നോട്ടീസുകളാണ് ഇലക്ഷന്‍ കമ്മിഷന്‍ നല്‍കിയത്. ഇതില്‍ 19,32,688 പേര്‍ കണ്ടെത്താനാവാത്തവരും 17,56,260 പേര്‍ റെക്കാഡുകളില്‍ പിശകുള്ളവരുമായിരുന്നു. കേരളത്തിലെ ജാഗ്രതയുള്ള പൊതു പ്രവര്‍ത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനം വലിതോതിലുള്ള വെട്ടിനിരത്തലിനെ ചെറുത്തു. കൂടാതെ 2025 ഒക്ടോബര്‍ 27നും 2026 ജനുവരി 30നും ഇടയില്‍ 13,51,151 പുതിയ വോട്ടര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുകയുമുണ്ടായി.
നിലവില്‍ 2,69,00,000 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. 1,31,00,000 പുരുഷന്മാരും 1,38,00,000 സ്ത്രീകളും. അസമില്‍ നിന്നും വരുന്ന വാര്‍ത്തകളും നിഷ്പക്ഷമായാണോ തെരഞ്ഞെടുപ്പുകള്‍ കമ്മിഷന്‍ നടത്തുന്നത് എന്നതില്‍ സംശയമുയര്‍ത്തുന്നു. അസം മുഖ്യമന്ത്രി വീണ്ടും മുസ്ലിം ജനവിഭാഗത്തിനെതിരെ പരസ്യമായി ഭീഷണി ഉയര്‍ത്തുകയാണ്. ബിജെപി വീണ്ടും അസമില്‍ അധികാരത്തില്‍ വന്നാല്‍ മിയാ മുസ്ലിമുകളുടെ ‘നട്ടെല്ലൊടിക്കും’ എന്നാണ് ഹിമന്ത ബിശ്വശര്‍മ പരസ്യമായി പറഞ്ഞത്.
കഴിഞ്ഞ അഞ്ച് വര്‍ഷംകൊണ്ട് മിയാ മുസ്ലിമുകളുടെ അസ്ഥികളും കെെകാലുകളും ഞാന്‍ രാഷ്ട്രീയമായി ഒടിച്ചു, അടുത്ത അഞ്ച് വര്‍ഷംകൊണ്ട് അവരുടെ നട്ടെല്ലും ഒടിക്കും എന്നാണ് ശര്‍മ പറഞ്ഞത്. ഇതിന് സമാനമായ പുലമ്പലുകള്‍ കേരളത്തിലും ഉയരുന്നുണ്ട്. കേരളത്തില്‍ ഗുരുവായൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ത്ഥി ബി ഗോപാലകൃഷ്ണന്‍ ഹിന്ദു ഭൂരിപക്ഷമുള്ള ഗുരുവായൂര്‍ മണ്ഡലത്തില്‍ ഇതുവരെ ഒരു ഹിന്ദു എംഎല്‍എ ഉണ്ടായില്ല എന്ന് പ്രസ്താവന നടത്തിയതിനെക്കുറിച്ച് സംസ്ഥാനത്തെ പരമോന്നത കോടതിയായ ഹെെക്കോടതി, ഇതുസംബന്ധിച്ച് ഫയല്‍ ചെയ്ത പരാതിയില്‍ ‘വീഡിയോ സമൂഹമാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്താലും അത് സമൂഹത്തിനും രാജ്യത്തിനും വരുത്തിയ ദോഷം മാറുമോ’ എന്നാണ് പ്രതികരിച്ചത്.
ഗോപാലകൃഷ്ണന്റെ പരാമര്‍ശത്തിനെതിരെ കൊടുത്ത പരാതിയില്‍ അടയിരിക്കുന്ന ഇലക്ഷന്‍ കമ്മിഷനോട് ഹെെക്കോടതി രണ്ട് മാസത്തിനകം തീരുമാനമെടുക്കാന്‍ ആവശ്യപ്പെട്ടു. ഇലക്ഷന്‍ നടക്കുന്നതിനാലാണ് കൂടുതല്‍ പരാമര്‍ശങ്ങള്‍ നടത്താത്തതെന്നും കോടതി പറഞ്ഞു. മേല്‍പറഞ്ഞ സംഭവങ്ങളില്‍ പൊതുവായി കാണുവാന്‍ സാധിക്കുന്നത് തെരഞ്ഞെടുപ്പ് കമ്മിഷനെ ഉപയോഗിച്ച് എസ്ഐആര്‍ എന്ന പേരില്‍ രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ചില പ്രത്യേക വിഭാഗങ്ങള്‍ക്ക് വോട്ടവകാശം നിഷേധിക്കുന്ന പ്രക്രിയ നടക്കുന്നു എന്നും അസമിലെ ഹിമന്ത ബിശ്വ ശര്‍മ മുതല്‍ ഗുരുവായൂരിലെ ബി ഗോപാലകൃഷ്ണന്‍ വരെയുള്ള പല ബിജെപി സ്ഥാനാര്‍ത്ഥികളും പരസ്യമായിത്തന്നെ രാജ്യത്ത മതന്യൂനപക്ഷങ്ങള്‍ക്കെതിരെ വംശീയ അധിക്ഷേപം നടത്തി വര്‍ഗീയ ധ്രുവീകരണം നടത്തുവാനും അത് തങ്ങള്‍ക്കനുകൂലമായ വോട്ടാക്കി മാറ്റുവാനും കഠിനമായി പരിശ്രമിക്കുകയാണ് എന്നാണ്.
ആന്ധ്രയിലെ വോട്ടെടുപ്പുമായി ബന്ധപ്പെട്ട് രാജ്യത്തെ പ്രമുഖ ധനകാര്യ വിദഗ്ധന്‍ ഡോ. പരകാല പ്രഭാകര്‍ ഇലക്ഷന്‍ കമ്മിഷന്റെ തന്നെ രേഖകളെ ആസ്പദമാക്കി നടത്തിയ വിശകലനത്തില്‍ കണ്ടെത്തിയ ഞെട്ടിക്കുന്ന വസ്തുതകള്‍ക്ക്-ഏറ്റവും കൂടുതല്‍ വോട്ടിങ് നടന്നതായി വോട്ടിങ് യന്ത്രത്തില്‍ രേഖപ്പെടുത്തിയ സമയം രാത്രി 11 മുതല്‍ രാത്രി രണ്ട് മണിവരെയാണെന്നതും മറ്റും-പതിവുപോലെ ഇപ്പോള്‍ പാര്‍ലമെന്റില്‍ ഇംപീച്ച്മെന്റ് പ്രമേയത്തെ നേരിടാന്‍ പോവുന്ന ഗ്യാനേഷ് കുമാര്‍ എന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ ഒരു മറുപടിയും നല്കിയിട്ടില്ല.
കേരളത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ സംസ്ഥാനത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ക്ക് നല്കിയ കത്തില്‍ ബിജെപി സംസ്ഥാന ഘടകത്തിന്റെ സീല്‍ എങ്ങനെ വന്നു എന്നും ഇതുവരെ സംശയങ്ങള്‍ക്കതീതമായി വിശദീകരിക്കപ്പെട്ടിട്ടില്ല. ഇന്ത്യന്‍ ജനാധിപത്യം സമാനതകളില്ലാത്ത വെല്ലുവിളികള്‍ നേരിടുന്ന സാഹചര്യത്തില്‍ വരുന്ന ഏപ്രില്‍ ഒമ്പതിന് നടക്കുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്ന ഓരോ പൗരനും നമ്മുടെ സംസ്ഥാനത്ത് മതനിരപേക്ഷതയ്ക്കും പുരോഗതിക്കും ജനാധിപത്യത്തിനും വേണ്ടി നിലകൊള്ളുന്ന, മഹാപ്രളയങ്ങളിലും മഹാമാരിയിലും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് കെെത്താങ്ങായി നിന്ന ഇടതുപക്ഷ പുരോഗമന ശക്തികള്‍ക്ക് കരുത്ത് പകരുക എന്നത് സ്വന്തം കര്‍ത്തവ്യമായി ഏറ്റെടുക്കേണ്ടതുണ്ട്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment