സാമൂഹ്യ — സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മൂക്കുകയർ

Janayugom
Developer Admin

ന്ത്യയിലെ സാധാരണ ജനങ്ങൾ ദുരിതമനുഭവിക്കുമ്പോഴും കേന്ദ്ര സർക്കാർ തങ്ങളുടെ വിഭാഗീയ അജണ്ടകളും കോർപറേറ്റ് അനുകൂല നയങ്ങളും നടപ്പിലാക്കുന്നതിനുള്ള നിയമനിർമ്മാണങ്ങളും ഭരണപരമായ തീരുമാനങ്ങളുമായി മുന്നോട്ടുപോകുന്നതിന്റെ ഉദാഹരണങ്ങൾ നിരവധിയാണ്. കോവിഡ് മഹാമാരിയുടെ മഹാദുരന്തങ്ങൾ രാജ്യം അഭിമുഖീകരിക്കുമ്പോഴാണ് തൊഴിൽനിയമ പരിഷ്കരണമെന്ന പേരിലുള്ള ലേബർ കോഡുകളുടെ രൂപകല്പനയുണ്ടായത് അതിലൊരുദാഹരണമാണ്. അത്തരം നിലപാടിൽ അതിന് മുമ്പ് എഴുതിച്ചേർക്കപ്പെട്ടതാണ് കാർഷിക കരിനിയമങ്ങളും വൈദ്യുതി ഭേദഗതി ബില്ലും.

പിന്നീട് ആ പട്ടികയിലേക്ക് നിരവധി നിയമങ്ങളും നടപടികളുമുണ്ടായി. ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശങ്ങൾ ഹനിക്കുകയും അവർക്കവകാശപ്പെട്ട സംഘടിത സ്വത്തുക്കൾ കയ്യടക്കുന്നതിനുമുള്ള വഖഫ് നിയമ ഭേദഗതിയുൾപ്പെടെ ഈ പട്ടികയിലുണ്ട്. അതിൽ അവസാനത്തേതായി വന്നിരിക്കുന്നതാണ് വിദേശ സംഭാവനകൾ നിയന്ത്രിക്കുന്നതിനെന്ന പേരിലുള്ള പുതിയ നിയമ (എഫ്‌സിആർഎ) ഭേദഗതി. വ്യക്തികളാൽ വഖഫ് ചെയ്യപ്പെട്ട് മുസ്ലിം ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും സംഘടനകളുടെയും ഉടമസ്ഥതയിലായ സ്വത്തുക്കളുടെ കയ്യടക്കലായിരുന്നു വഖഫ് ഭേദഗതി നിയമത്തിന്റെ ലക്ഷ്യമായിരുന്നതെങ്കിൽ ക്രിസ്ത്യൻ സംഘടനകൾ ഉൾപ്പെടെ മിക്കവാറും എല്ലാ രംഗത്തുമുള്ള സാമൂഹ്യ, സന്നദ്ധ സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് മൂക്കുകയറിടുന്നതിനുദ്ദേശിച്ചുള്ളതാണ് എഫ്‌സിആര്‍എ എന്ന് വ്യക്തമാണ്.

രാജ്യത്ത് പ്രവർത്തിക്കുകയും വിദേശ സഹായം ലഭിക്കുകയും ചെയ്യുന്ന സംഘടനകളുടെ മേൽ നിയന്ത്രണം കർശനമാക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ നിയമ ഭേദഗതിയെന്ന് ഒറ്റ വായനയിൽതന്നെ മനസിലാകും. ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ച് രജിസ്ട്രേഷൻ റദ്ദാക്കുകയോ നിർത്തലാക്കുകയോ ചെയ്യുന്നതിനുള്ള അധികാരം നിലവിലെ സാഹചര്യത്തിൽ ദുരുപയോഗ സാധ്യത ഏറെയുള്ളതാണ്. സർക്കാരിതര സംഘടന (എൻജിഒ) കൾ, മറ്റേതെങ്കിലും അസോസിയേഷനുകൾ എന്നിവയ്ക്ക് ലഭിക്കുന്ന വിദേശ ഫണ്ട്, ആസ്തികൾ, കൈകാര്യം ചെയ്യൽ, വിനിയോഗം എന്നിവയെല്ലാം കർശന നിരീക്ഷണത്തിന് വിധേയമാക്കുന്നതിന് പ്രത്യേക സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്നാണ് ബില്ലിലെ മറ്റൊരു വ്യവസ്ഥ.

ലൈസൻസിങ് അതോറിട്ടിയാണ് ഇതിനായി നിർദേശിച്ചിരിക്കുന്നത്. രജിസ്ട്രേഷൻ നൽകുമ്പോൾ മാത്രമല്ല പുതുക്കുമ്പോഴും ഇവരുടെ നിലപാടുകൾ നിർണായകമാകും. പുതിയ ലൈസൻസിങ് അതോറിട്ടി എങ്ങനെ പ്രവർത്തിക്കണമെന്നതിനെക്കുറിച്ചുള്ള പൂർണാധികാരം കേന്ദ്ര സർക്കാരിലാണ് നിക്ഷിപ്തമാക്കിയിരിക്കുന്നത്. വിദേശ ഫണ്ടുകളുടെ ദുരുപയോഗം സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം ഘടകങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും ബിൽ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞതിൽ നിന്ന് എല്ലാം വ്യക്തമാണ്.

2010 ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമം (എഫ്‌സിആർഎ) വ്യക്തികളോ സംഘടനകളോ കമ്പനികളോ വിദേശ സംഭാവനകളോ വിദേശ ആതിഥ്യമര്യാദയോ സ്വീകരിക്കുന്നതും ഉപയോഗിക്കുന്നതും നിയന്ത്രിക്കുന്നതിന് വ്യവസ്ഥ ചെയ്തിട്ടുണ്ട്. രാജ്യതാല്പര്യത്തിന് വിരുദ്ധമായി പ്രവൃത്തിക്കുന്നുവെന്ന് തെളിഞ്ഞാലും സഹായം സ്വീകരിച്ചാലും നടപടിയെടുക്കുന്നതിന് നിലവിൽതന്നെ വ്യവസ്ഥകളുണ്ട്. എന്നിരിക്കെയാണ് ദുരുദ്ദേശ്യവും സംശയാസ്പദവുമായ വ്യവസ്ഥകൾ കൂട്ടിച്ചേർത്ത് നിയമഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. ഇതിനകംതന്നെ വിവിധ കാരണങ്ങൾ നിരത്തി തങ്ങളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ക്രിസ്ത്യൻ മത മേലധ്യക്ഷന്മാർ തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.
കർശന നിരീക്ഷണത്തിന് പ്രത്യേക സംവിധാനങ്ങളേർപ്പെടുത്തുന്ന നിർദേശം തങ്ങളുടെ വിരുദ്ധാശയങ്ങളുമായി പ്രവർത്തിക്കുന്ന വിഭാഗങ്ങളെ ലക്ഷ്യംവയ്ക്കുന്നതാണെന്ന ആശങ്ക വിവിധ കോണുകളിൽ നിന്ന് ഇതിനകംതന്നെ ഉയർന്നിട്ടുണ്ട്.

അതോറിട്ടിക്ക് പരമാധികാരം നൽകുന്ന നിർദേശങ്ങളാണ് നിയമത്തിലുള്ളത്. സംശയങ്ങൾ തോന്നിയാൽ പോലും ലൈസൻസുകൾ പുതുക്കുന്നത് നിഷേധിക്കാനും റദ്ദാക്കുന്നതിനും അധികാരമുണ്ടെന്നു മാത്രമല്ല, എൻജിഒകളുടെയും ന്യൂനപക്ഷ സ്ഥാപനങ്ങളുടെയും ഫണ്ടുകൾ, സ്വത്തുക്കൾ, ആസ്തികൾ എന്നിവയിൽ നിയന്ത്രണം ഏറ്റെടുക്കാനും അനുവദിക്കുന്നുണ്ട്. ഇത്തരം സ്വത്തുക്കൾ കേന്ദ്ര‑സംസ്ഥാന സർക്കാരുകളുടെ ഏതെങ്കിലും മന്ത്രാലയം, വകുപ്പ്, അതോറിട്ടി അല്ലെങ്കിൽ ഏജൻസിക്കോ അല്ലെങ്കിൽ ഏതെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിനോ കൈമാറാമെന്നും നിർദേശമുണ്ട്.

നിയമത്തിലെ ഏതെങ്കിലും വ്യവസ്ഥയ്ക്ക് വിരുദ്ധമായി, വിദേശ സംഭാവനയോ കറൻസിയോ ഓഹരികളോ വിദേശത്തുനിന്ന് സ്വീകരിക്കുന്ന വ്യക്തികളെയോ രാഷ്ട്രീയ പാർട്ടിയെയോ സംഘടനയെയോ അതുപോലെ സഹായിക്കുന്നവരെയോ ശിക്ഷിക്കാനും വ്യവസ്ഥയുണ്ട്. ഇത്തരം നടപടികൾ നീതി, സുതാര്യത, ന്യൂനപക്ഷാവകാശങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നുണ്ട്. വഖഫ് സ്വത്തുകളുടെ മേൽ അധികാരം സ്ഥാപിക്കുന്നതിനുള്ള നിയമനിർമാണം മുസ്ലിം ന്യൂനപക്ഷങ്ങളെയാണ് ലക്ഷ്യംവച്ചതെങ്കിൽ പുതിയത് മുഖ്യമായും ദോഷകരമായി ബാധിക്കുക ക്രിസ്ത്യൻ വിഭാഗത്തെ ആയിരിക്കും. മാത്രവുമല്ല രാജ്യത്ത് പരിസ്ഥിതി, ജീവകാരുണ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ പ്രവർത്തിക്കുന്ന ഇതര സാമൂഹ്യ സംഘടനകളുടെ സ്വതന്ത്രമായ പ്രവർത്തനങ്ങളും തടയപ്പെടും. ഇതിലൂടെ രാജ്യപുരോഗതിക്ക് കാരണമായ ഘടകങ്ങളുടെ വേരറുക്കപ്പെടുമെന്നതാണ് ആത്യന്തികമായി സംഭവിക്കാൻ പോകുന്നത്. അതുകൊണ്ടാണ് ഭേദഗതിക്കെതിരെ ശക്തമായ എതിർപ്പുയർന്നിരിക്കുന്നത്.

Previous
ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കപ്പെടണം
Next
പ്രകാശം പരത്തുന്ന 10 വര്‍ഷങ്ങള്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment