Related News

പ്രകാശം പരത്തുന്ന 10 വര്‍ഷങ്ങള്‍

Janayugom
Developer Admin

ത്ത് വര്‍ഷക്കാലം മുമ്പുവരെ മലയാളിയുടെ ജീവിതത്തിന്റെ ഭാഗമായിരുന്ന പവര്‍കട്ടും ലോഡ് ഷെഡിങ്ങുമെല്ലാം പൂര്‍ണമായും ഇല്ലാതാക്കിയത് എല്‍ഡിഎഫ് സര്‍ക്കാരാണ്. വൈദ്യുത ഉല്പാദന‑പ്രസരണ‑വിതരണ മേഖലകളിലെല്ലാം സമഗ്രമായ പരിഷ്കാരങ്ങള്‍ വിഭാവനം ചെയ്ത് നടപ്പിലാക്കിയതിലൂടെയാണ് ഇത് സാധ്യമായത്.
വൈദ്യുതി ഇറക്കുമതി ശേഷി വര്‍ധിപ്പിക്കുന്നതിനായി പ്രസരണ മേഖലയുടെ നട്ടെല്ലായ 400 കെവി ലൈനുകള്‍ പൂര്‍ത്തിയാക്കുന്നതിനാണ് ആദ്യപരിഗണന നല്‍കിയത്. ദീര്‍ഘകാലമായി മുടങ്ങിക്കിടന്നിരുന്ന ഇടമണ്‍-കൊച്ചി കെവി ലൈന്‍ ശക്തമായ രാഷ്ട്രീയ ഇച്ഛാശക്തിയോടെയും യുദ്ധകാലാടിസ്ഥാനത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെയും പൂര്‍ത്തിയാക്കിയത് നാഴികക്കല്ലായി മാറി. തുടര്‍ന്ന് പുകലൂര്‍-മാടക്കത്തറ എച്ച്‌വിഡിസി ലൈന്‍ കൂടി പ്രവര്‍ത്തനസജ്ജമായതോടെ സംസ്ഥാനത്തിന്റെ വൈദ്യുതി ഇറക്കുമതി ശേഷിയില്‍ 2550 മെഗാവാട്ടിന്റെ വന്‍ കുതിപ്പുണ്ടായി. ഇതോടെ ലോഡ് ഷെഡിങ്ങും പവര്‍കട്ടും ഇല്ലാത്ത നാടാക്കിമാറ്റാന്‍ കഴിഞ്ഞു.

ആഭ്യന്തര ഉല്പാദനം 2331 മെഗാവാട്ട് കൂടി

ആഭ്യന്തര ഉല്പാദനം വര്‍ധിപ്പിക്കുന്നതിലും ക്രിയാത്മകമായ ഇടപെടലുണ്ടായി. കഴിഞ്ഞ പത്ത് വർഷം കൊണ്ട് 2331 മെഗാവാട്ടിന്റെ ഉല്പാദനശേഷി വർധനവ് ഉണ്ടാക്കുവാൻ കഴിഞ്ഞു. ഇതിനുപുറമേ വേനൽക്കാലത്ത് പീക്ക് സമയത്തുള്ള അധികവൈദ്യുതി ഉപയോഗം നിറവേറ്റുന്നതിന് ദീർഘകാലാടിസ്ഥാനത്തിൽ വൈദ്യുതി വാങ്ങൽ കരാറുകളിലും ഏർപ്പെട്ടിട്ടുണ്ട്. ഇന്ത്യയില്‍ ആദ്യമായി എല്ലാ വീടുകളിലും വൈദ്യുതി എത്തിച്ച സംസ്ഥാനമാണ് കേരളം. 2017 മേയ് 29നാണ് കേരളം സമ്പൂര്‍ണ വൈദ്യുതീകരണ സംസ്ഥാനമായത്. ലൈന്‍ നിര്‍മ്മിച്ച് വൈദ്യുതി എത്തിക്കുന്നത് പ്രായോഗികമല്ലാത്ത, വനമേഖലകളിലെ വീടുകളില്‍ സോളാര്‍ അടക്കമുള്ള സാധ്യതകള്‍ ഉപയോഗിച്ച് വൈദ്യുതി എത്തിക്കാന്‍ കഴിഞ്ഞു. ചെറുജലവൈദ്യുത പദ്ധതികള്‍ മുഖാന്തിരവും 200ഓളം വീടുകള്‍ക്ക് വൈദ്യുതി ലഭ്യമാക്കി. ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലെ വിദൂര ഉന്നതികളില്‍ 2,322 ഇടങ്ങളില്‍ സോളാര്‍ പവര്‍പ്ലാന്റ്, സോളാര്‍ ഹോം ലൈറ്റിങ് സിസ്റ്റം, സോളാര്‍ റാന്തലുകള്‍ എന്നിവ വഴി അനര്‍ട്ട് സൗരോര്‍ജ വൈദ്യതി എത്തിച്ചുനല്‍കി.

വീട്ടുനമ്പരും കൈവശാവകാശവും
ഇല്ലാത്തവര്‍ക്കും വൈദ്യുതി

ഇടുക്കിയിലെ ഇടമലക്കുടി, കൊല്ലം ജില്ലയിലെ റോസ്‌മല, തിരുവനന്തപുരത്തെ അമ്പൂരി, കണ്ണൂരിലെ ആറളം തുടങ്ങി വൈദ്യുതീകരണം തികച്ചും അസാധ്യമാണെന്ന് കരുതിയ നിരവധി കേന്ദ്രങ്ങളില്‍ വൈദ്യുതി ലഭ്യമാക്കി. 17 കിലോമീറ്ററോളം ഭൂഗര്‍ഭ കേബിളുകള്‍ സ്ഥാപിച്ചാണ് ഇടമലക്കുടിയില്‍ വൈദ്യുതി എത്തിച്ചത്. റോസ് മലയിലേക്കും വൈദ്യുതീകരണത്തിനായി പത്ത് കിലോമീറ്ററിലധികം കേബിള്‍ സ്ഥാപിക്കേണ്ടിവന്നു. 1000 സ്ക്വയര്‍ഫീറ്റില്‍ കുറവ് തറവിസ്തീര്‍ണമുള്ള വീടുകള്‍ക്ക് വീട്ടുനമ്പരോ കൈവശാവകാശ രേഖയോ ഇല്ലെങ്കിലും വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് തീരുമാനിച്ചതും വീടുകളെല്ലാം വൈദ്യുതീകരിക്കുന്നതില്‍ നിര്‍ണായകമായി. വീട് വയറിങ്ങിന് ശേഷിയില്ലാത്ത കുടുംബങ്ങളായിരുന്നു പദ്ധതിയുടെ പൂര്‍ത്തീകരണത്തിന് തടസമായി വന്ന മറ്റൊരു പ്രശ്നം. ഇത് പരിഹരിക്കുന്നതിന് സന്നദ്ധസംഘടനകളും കെഎസ്ഇബി ജീവനക്കാരുടെ സംഘടനകളുമെല്ലാം നിരവധി വീടുകളുടെ വയറിങ് പ്രവൃത്തി പൂര്‍ത്തീകരിച്ചു. എന്നിട്ടും ബാക്കിവന്ന 30,000ത്തോളം വീടുകളുടെ വയറിങ് കെഎസ്ഇബി നേരിട്ട് ഏറ്റെടുത്തു.

പുരപ്പുറങ്ങളില്‍ സൗരോര്‍ജ കൊയ്ത്ത്

സൗരോര്‍ജ ഉല്പാദനമേഖലയില്‍ ഇക്കാലയളവിലുണ്ടായത് വലിയ കുതിപ്പെന്ന് കണക്കുകള്‍ സാക്ഷ്യപ്പെടുത്തുന്നു. 2040ഓടെ വൈദ്യുതോല്പാദനം പൂർണമായും നവപുനരുപയോഗ സ്രോതസുകളെ ആശ്രയിച്ചായിരിക്കണം എന്നതാണ് സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപിതനയം. ഈ ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റമാണ് രാജ്യത്തിനുതന്നെ മാതൃകയായ ‘സൗര പുരപ്പുറ സൗരോർജ പദ്ധതി’. പുരപ്പുറങ്ങളെ സൗരോർജ കൊയ്ത്തിന്റെ വിളനിലങ്ങളാക്കിയ ഈ പദ്ധതിക്ക് പുറമേ സ്വകാര്യ നിലയങ്ങൾ, ഭൗമോപരിതല നിലയങ്ങൾ, ഫ്ലോട്ടിങ് സോളാർ എന്നിങ്ങനെ വലിയ കുതിപ്പാണ് സൗരോർജ ഉല്പാദന മേഖലയിലുണ്ടായത്.
2016ൽ കേരളത്തിലെ ആകെ സൗരോർജ സ്ഥാപിതശേഷി കേവലം 16.49 മെഗാവാട്ട് ആയിരുന്നു. കഴിഞ്ഞ 10 വർഷം കൊണ്ട് 2150 മെഗാവാട്ട് ശേഷിയുള്ള സൗരോർജ നിലയങ്ങൾ സംസ്ഥാനത്ത് സ്ഥാപിക്കപ്പെട്ടു. സൗര പദ്ധതിയിലൂടെ 49,502 പുരപ്പുറങ്ങളിലും (209.57 മെഗാവാട്ട്), പിഎം സൂര്യഘർ പദ്ധതിയിലൂടെ 1,96,353 പുരപ്പുറങ്ങളിലും (769.85 മെഗാവാട്ട്) സോളാർ നിലയങ്ങൾ ഇതിനോടകം സ്ഥാപിച്ചു.
ഈ പദ്ധതികളിലെ നടത്തിപ്പിലെ പുരോഗതി കണക്കിലെടുത്ത് 385.9 കോടിയുടെ ഇൻസെന്റീവ് കേന്ദ്രസർക്കാരിൽ നിന്നും കെഎസ്ഇബിക്ക് നേടാനും കഴിഞ്ഞിട്ടുണ്ട്. 3,48,523 പുരപ്പുറങ്ങളിലായി 1876 മെഗാവാട്ട് ശേഷിയുള്ള സോളാർ പ്ലാന്റുകൾ സ്ഥാപിച്ചു. ഈ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 1861 മെഗാവാട്ടിന്റെ സൗരോർജ നിലയങ്ങളാണ് സ്ഥാപിച്ചത്.

വൈദ്യുതി കണക്ഷന്‍ പെട്ടെന്ന് കിട്ടും

കെഎസ്ഇബിയെ ജനകീയമാക്കുന്നതിന്റെ ഭാഗമായി നിരവധി പ്രവര്‍ത്തനങ്ങളാണ് സര്‍ക്കാര്‍ നടപ്പിലാക്കിയത്. വൈദ്യുതി കണക്ഷന്‍ ലളിതമാക്കുകയും രണ്ട് രേഖകള്‍ മാത്രം (തിരിച്ചറിയല്‍ രേഖ, ഉടമസ്ഥാവകാശം തെളിയിക്കാനുള്ള രേഖ) ലഭ്യമാക്കിയാല്‍ വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ കഴിയുംവിധത്തില്‍ ചട്ടഭേദഗതി നടപ്പിലാക്കി. പുതിയ കണക്ഷന്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ലഘൂകരണത്തോടൊപ്പം തന്നെ, അപേക്ഷാഫോറം കൂടുതല്‍ ലഘൂകരിക്കുകയും ചെയ്തു. ഏറ്റവും വേഗത്തില്‍ കണക്ഷന്‍ നല്‍കുന്നതിനും സാധിച്ചു.
വൈദ്യുതി സംബന്ധമായ സേവനങ്ങളെല്ലാം വീട്ടുപടിക്കല്‍ എത്തിക്കുന്ന ‘സേവനം വാതില്‍പ്പടിയില്‍’ എന്ന പദ്ധതി 2021 ഫെബ്രുവരിയില്‍ ആരംഭിക്കുകയും ജൂലൈ മാസം മുതല്‍ എല്ലാ സെക്ഷനുകളിലേക്കം വ്യാപിപ്പിക്കുകയും ചെയ്തു. സേവനങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനായി, പുതിയ സര്‍വീസ് കണക്ഷനുകള്‍പ്പെടെയുള്ള എല്ലാ സേവനങ്ങളും ഓണ്‍ലൈനായി മാത്രം അപേക്ഷിക്കുന്ന സംവിധാനം 2024 ഡിസംബര്‍ കെഎസ്ഇബി ഏര്‍പ്പെടുത്തിയിട്ടുണ്ട്.
1000വാട്ട്സ് വരെ കണക്ടഡ് ലോഡുള്ള ബിപിഎല്‍ കടുംബങ്ങള്‍ക്ക് പോസ്റ്റ് ആവശ്യം ഇല്ലാത്ത എല്ലാ കണക്ഷനുകളും, 250 മീറ്റര്‍ വരെ ലൈന്‍ വലിക്കേണ്ടുന്ന പോസ്റ്റ് ആവശ്യമുള്ള കണക്ഷനുകളും കെഎസ്ഇബിയുടെ തനത് ഫണ്ട് ഉപയോഗിച്ചാണ് ഗുണഭോക്താക്കള്‍ക്ക് സൗജന്യമായി നല്‍കിവരുന്നത്. വൈദ്യുതി സംബന്ധമായ പരാതികള്‍ രേഖപ്പെടുത്തുന്നതിന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത ഉപഭോക്തൃസേവനകേന്ദ്രം ഏര്‍പ്പെടുത്തി. 1912 എന്ന ടോള്‍ഫ്രീ നമ്പര്‍ വഴിയും കെഎസ്ഇബിയുടെ വെബ്സൈറ്റ് വഴിയും പരാതികള്‍ അറിയിക്കാം.

Previous
സാമൂഹ്യ — സന്നദ്ധ, ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള മൂക്കുകയർ
Next
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ജയസൂര്യ — റോജിൻ തോമസ്...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment