Related News

29,000 അടി ഉയരത്തിൽ വെച്ച് ഇന്ധനം വിച്ഛേദിച്ചു; ചെെനയില്‍ 132 പേരുടെ മരണത്തിനിടയാക്കിയ വിമാനാപകടം ആസൂത്രിതമെന്ന് സൂചന

Janayugom
Developer Admin

2022ൽ ചൈനയിൽ 132 പേരുടെ മരണത്തിന് ഇടയാക്കിയ ചൈന ഈസ്റ്റേൺ വിമാനദുരന്തം മനഃപൂർവ്വം ആസൂത്രിതമാണെന്ന സൂചനകൾ നൽകി അമേരിക്കൻ നാഷണൽ ട്രാൻസ്‌പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ പുതിയ റിപ്പോർട്ട് പുറത്തുവന്നു. സമുദ്രനിരപ്പിൽ നിന്ന് 29,000 അടി ഉയരത്തിൽ വിമാനം സഞ്ചരിക്കവെ രണ്ട് എൻജിനുകളിലേക്കുമുള്ള ഇന്ധന വിതരണം കട്ട് ഓഫ് പൊസിഷനിലേക്ക് മാറ്റിയതാണ് വിമാനം തകരാൻ കാരണമെന്ന് വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് വിവരങ്ങൾ വിശകലനം ചെയ്ത റിപ്പോർട്ട് വ്യക്തമാക്കുന്നു. പൈലറ്റുമാർ എൻജിൻ നിയന്ത്രിക്കാൻ ഉപയോഗിക്കുന്ന ഫ്യൂവൽ സ്വിച്ചുകൾ മനഃപൂർവ്വം ഓഫാക്കിയതോടെ എൻജിന്റെ വേഗത കുറയുകയും വിമാനം വെറും മൂന്ന് മിനിറ്റിനുള്ളിൽ ആയിരക്കണക്കിന് അടി താഴേക്ക് പതിക്കുകയുമായിരുന്നു. വിമാനം കുത്തനെ താഴേക്ക് കുതിക്കുമ്പോൾ എയർ കൺട്രോളർമാർ പൈലറ്റുമാരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചിരുന്നില്ല.

സംഭവം നടന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും ദേശീയ സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി ചൈന ഇതുവരെ ദുരന്തത്തിന്റെ അന്തിമ റിപ്പോർട്ട് പുറത്തുവിടാൻ തയ്യാറായിട്ടില്ല. പൈലറ്റുമാരുടെ ആത്മഹത്യയാണെന്ന തരത്തിലുള്ള പ്രചാരണങ്ങളെ ചൈനീസ് സിവിൽ ഏവിയേഷൻ അതോറിറ്റി നേരത്തെ തള്ളിക്കളഞ്ഞിരുന്നെങ്കിലും, അമേരിക്കൻ അന്വേഷണ ഏജൻസിയുടെ പുതിയ കണ്ടെത്തലുകൾ കോക്പിറ്റിലുണ്ടായിരുന്ന ആരുടെയെങ്കിലും മനഃപൂർവ്വമായ ഇടപെടലിലേക്കാണ് വിരൽ ചൂണ്ടുന്നത്. അമേരിക്കയിൽ നിർമ്മിച്ച ബോയിംഗ് 737 വിമാനമായതിനാലാണ് അമേരിക്കൻ ഏജൻസി അന്വേഷണത്തിൽ പങ്കാളികളായത്. ചൈനയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ വ്യോമദുരന്തങ്ങളിലൊന്നായ ഈ സംഭവത്തിൽ സാങ്കേതിക തകരാറല്ല, മറിച്ച് അട്ടിമറിയാണ് നടന്നതെന്ന സംശയം ഇതോടെ ശക്തമായിരിക്കുകയാണ്.

Previous
ലോകകപ്പിന് പന്തുരുളാൻ ആഴ്ചകൾ മാത്രം; ഇന്ത്യയിൽ കളി കാണാൻ കഴിയുമോ?
Next
നിർമ്മാതാവ് ആ ബി ചൗധരി അന്തരിച്ചു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment