തെന്നിന്ത്യൻ സിനിമാ ലോകത്തിന് തീരാനഷ്ടമായി പ്രശസ്ത നിർമ്മാതാവും നടൻ ജീവയുടെ പിതാവുമായ ആർ ബി ചൗധരി (ഭീമരാജ് ചൗധരി) അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പൂരിലുണ്ടായ കാറപകടത്തിലാണ് അദ്ദേഹം മരണപ്പെട്ടത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 1988‑ൽ ‘സൂപ്പർ ഗുഡ് ഫിലിംസ്’ എന്ന ബാനർ സ്ഥാപിച്ച് സിനിമകൾ നിർമ്മിച്ചു തുടങ്ങിയ ചൗധരി, തമിഴ് സിനിമാ ചരിത്രത്തിലെ തന്നെ ഏറ്റവും വിജയകരമായ പ്രൊഡക്ഷൻ ഹൗസുകളിൽ ഒന്നിന്റെ ഉടമയായിരുന്നു.
1990‑ൽ പുറത്തിറങ്ങിയ ‘പുതു വസന്തം’ ആണ് അദ്ദേഹത്തിന്റെ ആദ്യ തമിഴ് ചിത്രം. ആ വർഷം തന്നെ തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡും ഈ ചിത്രത്തിലൂടെ അദ്ദേഹം നേടി. പൂവേ ഉനക്കാഗ, സൂര്യവംശം, തുള്ളാത മനവും തുള്ളും, ആനന്ദം, ജില്ല തുടങ്ങിയ എക്കാലത്തെയും വലിയ ഹിറ്റുകൾ അദ്ദേഹത്തിന്റെ ബാനറിലാണ് പുറത്തിറങ്ങിയത്. സിനിമാ പാരമ്പര്യമില്ലാത്ത നിരവധി സംവിധായകർക്കും താരങ്ങൾക്കും അവസരം നൽകി അദ്ദേഹം സിനിമാ ലോകത്ത് വിപ്ലവം സൃഷ്ടിച്ചു. വിക്രമും വിജയ്‍യും ഉൾപ്പെടെയുള്ള പല താരങ്ങളുടെയും കരിയറിലെ സുപ്രധാന വഴിത്തിരിവുകൾ ആർ ബി ചൗധരിയുടെ ചിത്രങ്ങളായിരുന്നു.
മേജർ രവി സംവിധാനം ചെയ്ത ‘കീർത്തി ചക്ര’ ഉൾപ്പെടെയുള്ള മലയാള ചിത്രങ്ങൾ അദ്ദേഹം നിർമ്മിച്ചിട്ടുണ്ട്. ഏറ്റവും ഒടുവിൽ ഫഹദ് ഫാസിലും വടിവേലുവും ഒന്നിച്ച ‘മാരീസൻ’ (2025) എന്ന ബിഗ് ബജറ്റ് ചിത്രവും അദ്ദേഹം പൂർത്തിയാക്കിയിരുന്നു. മക്കളായ ജീവയും ജിത്തൻ രമേശും തമിഴിലെ അറിയപ്പെടുന്ന നടന്മാരാണ്. ജീവ നായകനായ ‘തിത്തിക്കുദേ’, ‘കീർത്തി ചക്ര’, ‘കളത്തിൽ സന്ധിപ്പോം’ തുടങ്ങി നിരവധി ചിത്രങ്ങൾ പിതാവിന്റെ ബാനറിലാണ് നിർമ്മിച്ചത്. ഏഴു തവണ തമിഴ്‌നാട് സംസ്ഥാന സർക്കാരിന്റെ പുരസ്കാരങ്ങൾ ഉൾപ്പെടെ ഒട്ടനവധി അംഗീകാരങ്ങൾ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ചൗധരിയുടെ വിയോഗത്തിൽ തെന്നിന്ത്യൻ സിനിമാ ലോകത്തെ പ്രമുഖർ അനുശോചനം രേഖപ്പെടുത്തി. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ചെന്നൈയിലേക്ക് എത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment