തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ ദ്രാവിഡ രാഷ്ട്രീയ കോട്ടകളെ തകർത്തെറിഞ്ഞ് വിജയ് യുടെ ടിവികെ വൻ മുന്നേറ്റം നടത്തിയതിന് പിന്നാലെ രൂക്ഷ വിമർശനവുമായി നടൻ പ്രകാശ് രാജ്. തമിഴ് സമൂഹം ഇപ്പോഴും രാഷ്ട്രീയമായി പക്വത കൈവരിച്ചിട്ടില്ലെന്നും അവർ വെറും ‘ആരാധകക്കൂട്ടമായി’ തുടരുകയാണെന്നും അദ്ദേഹം എക്സിൽ (X) കുറിച്ചു. വികസന രാഷ്ട്രീയവും ഭരണനേട്ടങ്ങളും ഉയർത്തിപ്പിടിച്ച മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ പരാജയത്തെ തമിഴ്‌നാട് മുൻ മുഖ്യമന്ത്രി കെ കാമരാജിന്റെ പരാജയത്തോടാണ് പ്രകാശ് രാജ് ഉപമിച്ചത്. “കാമരാജ് തോറ്റു, ഇപ്പോൾ എം കെ സ്റ്റാലിനും തോറ്റു.
തമിഴ് മണ്ണ് ഇപ്പോഴും രാഷ്ട്രീയ ബോധത്തേക്കാൾ ഉപരിയായി സിനിമാ ആരാധനയാൽ കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നു, ” എന്ന് അദ്ദേഹം കുറിച്ചു. അതേസമയം, ജനങ്ങളെ രാഷ്ട്രീയമായി ബോധവൽക്കരിക്കുക എന്നത് പ്രതിപക്ഷത്തിന്റെ വലിയ കടമയാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പെരമ്പൂർ, തിരുച്ചിറപ്പള്ളി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നും മത്സരിച്ച വിജയ് രണ്ടിടത്തും വൻ ഭൂരിപക്ഷത്തിൽ വിജയിച്ചു. കേവല ഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണ്ടയിടത്ത് 108 സീറ്റുകൾ നേടിയ വിജയ്, പത്ത് സീറ്റുകളുടെ കുറവ് നികത്താൻ സഖ്യനീക്കങ്ങൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.
കോൺഗ്രസിന്റെ പിന്തുണ ഉറപ്പാക്കാൻ കേരളത്തിലെ യുഡിഎഫ് നേതൃത്വവും ഡിസിസി അധ്യക്ഷന്മാരും ഇന്ന് ഡൽഹിയിൽ ഹൈക്കമാൻഡുമായി ചർച്ച നടത്തും. ടിവികെയെ പിന്തുണയ്ക്കുന്ന കാര്യത്തിൽ എഐസിസി ഉടൻ തീരുമാനമെടുക്കുമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, ദ്രാവിഡ രാഷ്ട്രീയത്തിന്റെ അസ്തമയമാണോ ഇതെന്ന ചർച്ചകൾ തമിഴ്‌നാട്ടിൽ സജീവമാണ്. സ്റ്റാലിന്റെ പരാജയവും വിജയ്‍യുടെ ഉദയവും തമിഴ് രാഷ്ട്രീയത്തിൽ വലിയൊരു അധികാര കൈമാറ്റത്തിനാണ് വഴിമരുന്നിട്ടിരിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment