Related News

‘ജാഗ്വാർ’ യുദ്ധവിമാനങ്ങൾ കളമൊഴിയുന്നു; പകരക്കാരനായി ‘സൂപ്പർ സുഖോയ്’

Janayugom
Developer Admin

ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ലായ ജാഗ്വാർ യുദ്ധവിമാനങ്ങൾ ഘട്ടംഘട്ടമായി വിരമിക്കാൻ ഒരുങ്ങുമ്പോൾ, പ്രതിരോധ മേഖലയിൽ വലിയൊരു മാറ്റത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. പഴക്കമേറിയ ജാഗ്വാറുകൾക്ക് പകരം ‘സൂപ്പർ സുഖോയ്-30 എംകെഐ’ വിമാനങ്ങളെ രംഗത്തിറക്കി വ്യോമസേനയുടെ കരുത്ത് വർധിപ്പിക്കാനാണ് ഇന്ത്യയുടെ തീരുമാനം. നാലര പതിറ്റാണ്ടിലേറെയായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായ ജാഗ്വാറുകൾ അത്യുജ്വലമായ സേവനമാണ് കാഴ്ചവെച്ചത്. എന്നാൽ 1980-കളിൽ സേനയിലെത്തിയ ഈ വിമാനങ്ങൾക്ക് ഇപ്പോൾ ഏകദേശം 45 വർഷത്തെ പഴക്കമുണ്ട്. എൻജിൻ തകരാറുകളും സ്പെയർ പാർട്സുകളുടെ ദൗർലഭ്യവും വിമാനങ്ങളുടെ കാര്യക്ഷമതയെ ബാധിച്ചിട്ടുണ്ട്. മറ്റ് രാജ്യങ്ങളിൽ നിന്ന് പഴയ വിമാനങ്ങൾ വാങ്ങി പാർട്സുകൾക്കായി ഉപയോഗിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ സേനയുള്ളത്. അടുത്തിടെയുണ്ടായ അപകടങ്ങളും സുരക്ഷാ സംബന്ധമായ വലിയ ആശങ്കകൾ ഉയർത്തുന്നു.
നിലവില്‍ 115 മുതല്‍ 120 വരെ ജാഗ്വാർ വിമാനങ്ങളാണ് സൈന്യത്തിന്റെ പക്കലുള്ളത്. ഇവയില്‍ 83 എണ്ണം മാത്രമേ നിലവില്‍ പ്രവര്‍ത്തനക്ഷമമായിട്ടുള്ളൂ.

ഇന്ത്യൻ വ്യോമസേനയുടെ കരുത്തരായ സുഖോയ്-30 എംകെഐ വിമാനങ്ങളെ അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുന്ന പദ്ധതിയാണ് ‘സൂപ്പർ സുഖോയ്’. സ്വകാര്യ പങ്കാളിത്തത്തോടെ 65000 കോടിയുടേതാണ് ഈ പദ്ധതി. ഏകദേശം 84 വിമാനങ്ങളെയാണ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുത്തിരിക്കുന്നത്. പിന്നീട് കൂടുതല്‍ വിമാനങ്ങളിലേക്ക് വ്യാപിപ്പിക്കും. ആകെ 272 സുഖോയ് വിമാനങ്ങളാണ് സൈന്യത്തിന്റെ കൈവശമുള്ളത്. നിലവിൽ വ്യോമസേനയിൽ 42 സ്ക്വാഡ്രണുകൾ വേണ്ട സ്ഥാനത്ത് 29–30 എണ്ണം മാത്രമേയുള്ളൂ. ഈ പ്രതിസന്ധിക്കിടയിൽ, പഴയ വിമാനങ്ങൾ മാറ്റി പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് വിമാനങ്ങളുടെ എണ്ണം നിലനിർത്താൻ ഈ പദ്ധതി സഹായിക്കും. 

നവീകരണത്തിന്റെ ഭാഗമായി ശത്രുക്കളെ ദൂരെ നിന്നുതന്നെ കണ്ടെത്താൻ കഴിയുന്ന ‘വിരൂപാക്ഷ’ അല്ലെങ്കിൽ ‘ഉത്തം’ റഡാറുകൾ സുഖോയ് വിമാനങ്ങളില്‍ ഘടിപ്പിക്കും. ശത്രുരാജ്യങ്ങളുടെ റഡാറുകളിൽ പെടാതെ ദൂരസ്ഥലത്തുള്ള ലക്ഷ്യങ്ങളെ തകർക്കാൻ ശേഷിയുള്ള മിസൈലുകൾ വഹിക്കാനും ഇതിന് കഴിയും. നവീകരണ പ്രക്രിയയിൽ 78 ശതമാനത്തോളം തദ്ദേശീയ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നതെന്ന് സൈനികവൃത്തങ്ങള്‍ പറയുന്നു. ഒരു സുഖോയ് വിമാനത്തിന് ഏകദേശം രണ്ട് ജാഗ്വാർ വിമാനങ്ങളുടെ ആക്രമണശേഷിയുണ്ട്. ഇത് കുറഞ്ഞ വിമാനങ്ങൾ കൊണ്ട് കൂടുതൽ ഫലപ്രദമായ ആക്രമണങ്ങൾ നടത്താൻ സഹായിക്കും. വ്യത്യസ്ത തരം വിമാനങ്ങൾ കുറച്ച്, പ്രധാനമായും സുഖോയ്. റഫാല്‍ വിമാനങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് അറ്റകുറ്റപ്പണികൾ എളുപ്പമാക്കാനും വലിയ തോതിൽ പണം ലാഭിക്കാനും സഹായിക്കുമെന്നും സൈന്യം വിലയിരുത്തുന്നു. 

Previous
കാമരാജിനെപ്പോലെ സ്റ്റാലിനും വീണു, തമിഴ്‌നാട്ടിൽ ആരാധകക്കൂട്ടം ഭരണം നിർണ്ണയിക്കുന...
Next
കണ്ണൂർ പാനൂരിൽ സ്ഫോടനം; 11 വയസ്സുകാരന് ഗുരുതര പരിക്ക്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment