Related News

വിജയ്‌യുടെ വാഗ്ദാനങ്ങൾ പ്രതീക്ഷിച്ച് തമിഴകം

Janayugom
Developer Admin

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ തമിഴക വെട്രി കഴകം (ടിവികെ) ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ, നടനും പാര്‍ട്ടി അധ്യക്ഷനുമായ വിജയ് മുന്നോട്ടുവച്ച തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. തെരഞ്ഞെടുപ്പ് കമ്മിഷന്റെ വരെയുള്ള കണക്കുകൾ പ്രകാരം 108 മണ്ഡലങ്ങളിൽ ടിവികെ മുന്നിലെത്തി. കേവല ഭൂരിപക്ഷത്തിന് വേണ്ട 118 സീറ്റുകൾ എന്ന ലക്ഷ്യത്തിന് തൊട്ടടുത്താണ് പാർട്ടി. സ്ത്രീകളുടെ ക്ഷേമത്തിനായി വിപ്ലവകരമായ മാറ്റങ്ങളാണ് വിജയ് വാഗ്ദാനം ചെയ്തിരിക്കുന്നത്. 60 വയസിന് താഴെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ സഹായധനം. വിവാഹത്തിന് ഒരു പവന്‍ സ്വർണം ഉൾപ്പെടെയുള്ള വൻ പ്രഖ്യാപനങ്ങളാണ് പാർട്ടി പ്രകടനപത്രികയിലുള്ളത്. ദരിദ്രരായ വധുവിന് ഗുണമേന്മയുള്ള പട്ടുസാരിയും വാഗ്ദാനത്തിലുണ്ട്. 

വർഷത്തിൽ ആറ് സൗജന്യ പാചകവാതക സിലിണ്ടറുകൾ, വനിതാ സ്വയംസഹായ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ, വിദ്യാഭ്യാസ മേഖലയിൽ കെ കാമരാജിന്റെ പേരിൽ 100 പ്രത്യേക റെസിഡൻഷ്യൽ സ്കൂളുകള്‍, ഉന്നത വിദ്യാഭ്യാസത്തിന് 20 ലക്ഷം രൂപ വരെ വായ്പ എന്നിവയും വാഗ്ദാനത്തിലുണ്ട്. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്കോ രക്ഷിതാക്കൾക്കോ വർഷം തോറും 15,000 രൂപ നൽകുമെന്നും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനായി (എഐ) പ്രത്യേക മന്ത്രാലയവും സർവകലാശാലയും എഐ സിറ്റിയും ടിവികെ ലക്ഷ്യമിടുന്നു. കർഷകരുടെ അഞ്ചേക്കറിൽ താഴെയുള്ള സഹകരണ കാർഷിക കടങ്ങൾ പൂർണമായും എഴുതിത്തള്ളും. അതിന് മുകളിലുള്ളവർക്ക് 50% ഇളവ് നൽകും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് ടണ്ണിന് 4,500 രൂപയും മിനിമം താങ്ങുവില ഉറപ്പാക്കും.

യുവജനതയ്ക്കായി അഞ്ച് ലക്ഷം സർക്കാർ ജോലികളും സ്റ്റൈപ്പന്റോടുകൂടിയ ഇന്റേൺഷിപ്പുകളും വാഗ്ദാനം ചെയ്തിട്ടുണ്ട്. തൊഴിലില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 4,000 രൂപ സഹായധനം നൽകും. സർക്കാർ ജീവനക്കാർക്കായി പഴയ പെൻഷൻ പദ്ധതി പരിഗണിക്കുമെന്നും കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുമെന്നും ഉറപ്പുനൽകുന്നു. ലഹരിക്കെതിരെ കർശന നടപടി, കുടുംബങ്ങൾക്ക് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ്, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, റേഷൻ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങൾ ജനങ്ങളുടെ വാതിൽക്കൽ എത്തിക്കും, വ്യവസായ ലൈസൻസുകൾ 21 ദിവസത്തിനുള്ളിൽ ഉറപ്പാക്കും എന്നിങ്ങനെയാണ് മറ്റ് വാഗ്ദാനങ്ങള്‍. 

Previous
യുഡിഎഫ് തരംഗത്തിലും പരാജയമറിഞ്ഞ് ടി എൻ പ്രതാപൻ
Next
ബംഗാളില്‍ ബിജെപിയെ തുണച്ചത് വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് കമ്മിഷനും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment