15 വര്‍ഷത്തെ തൃണമൂല്‍ ഭരണത്തിന് വിരമാമിട്ട് വംഗനാട്ടില്‍ ബിജെപി അധികാരത്തിലേക്ക് നയിച്ചത്, വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടികളും. കടുത്ത വര്‍ഗീയ പ്രീണനം നടത്തിയാണ് ബിജെപി ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുസ്ലിം ന്യൂനപക്ഷത്തെ നുഴഞ്ഞുകയറ്റക്കാരയി ചിത്രീകരിച്ച് നടത്തിയ പ്രചാരണം പല ജില്ലകളിലും വിജയത്തിന് അടിത്തറ പാകിയെന്ന് വ്യക്തമാണ്. ഹിന്ദു വോട്ട് ബാങ്ക് രാഷ്ട്രീയം ഏകോപിപ്പിക്കാന്‍ കാടടച്ചുള്ള മുസ്ലിം വിദ്വേഷം അഴിച്ചുവിടുകയായിരുന്നു. ബംഗ്ലദേശി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിക്കുന്ന നയമാണ് മമതാബാനര്‍ജി സര്‍ക്കാര്‍ നടപ്പിലാക്കിയതെന്നും ബിജെപി പ്രചാരണം നടത്തി. നുഴഞ്ഞുകയറ്റക്കാരുടെ മാലാഖയാണ് മുഖ്യമന്ത്രിയായിരുന്ന മമത ബാനര്‍ജിയെന്നും ആരോപിച്ചിരുന്നു.
ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ബംഗാളി മുസ്ലിങ്ങളെ ബംഗ്ലദേശികളന്ന് മുദ്രകുത്തി ആക്രമിക്കുന്നതും പുറത്താക്കുന്നതും സമീപ നാളുകളില്‍ വംഗനാട്ടിലും അരങ്ങേറും. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് സംസ്ഥാനത്ത് എന്‍ഫോഴ്സ്മെന്റ് ഡയറക്ടേറ്റ്, സിബിഐ എന്നിവയെ രംഗത്തിറക്കി നടത്തിയ റെയ്ഡുകള്‍ വഴി സംസ്ഥാനത്ത് ക്രമസമാധാന നില തകര്‍ന്നുവെന്ന് വരുത്തിത്തീര്‍ത്തു. വര്‍ഗീയ ധ്രുവികരണത്തോടൊപ്പം ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മിഷനും ബിജെപി വിജയത്തിന് പ്രധാന ഘടകമായി മാറി.
എസ്ഐആര്‍ വഴി വോട്ടര്‍മാരെ വ്യാപകമായി ഒഴിവാക്കിയത് മുസ്ലിം ഭൂരിപക്ഷ ജില്ലകളില്‍ ടിഎംസിയുടെ പ്രകടനത്തെ ദോഷകരമായി ബാധിച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ടിഎംസി വിജയിച്ച അഞ്ച് ജില്ലകളിലെ 110 മണ്ഡലങ്ങളില്‍ 50% വോട്ടര്‍മാരെയാണ് കമ്മിഷന്‍ ഒഴിവാക്കിയത്. മൊത്തം 27 ലക്ഷം വോട്ടര്‍മാരെ ഒഴിവാക്കിയ കമ്മിഷന്‍ 2.7 ലക്ഷം വോട്ടര്‍മാരെ യുക്തിപരമായ പൊരുത്തക്കോട് കാരണം ഹിയറിങ് ലിസ്റ്റിലേക്ക് മാറ്റിയതും മമതയ്ക്ക് തിരിച്ചടിയായി. ബംഗാള്‍ ഭരണം പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ ബിജെപി ആവിഷ്കരിച്ച വര്‍ഗീയ ധ്രുവീകരണവും തെരഞ്ഞെടുപ്പ് കമ്മിഷന്റെ ദാസ്യവേലയുമാണ് വംഗനാട്ടില്‍ ബിജെപിയെ അധികാരത്തിലേക്ക് എത്തിച്ചതെന്ന് നിസംശയം പറയാം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment