2021ലെ നിയമസഭാ തെരഞ്ഞെടുപ്പ് ആ വർഷം ഫെബ്രുവരി അവസാനം തന്നെ പ്രഖ്യാപിച്ചു. ഏപ്രിൽ നാലിനുള്ള വോട്ടെടുപ്പിന്റെ വിജ്ഞാപനം പുറത്തിറങ്ങിയത് മാർച്ച് 12നും. 2026 ഏപ്രിലിൽ കേരളമുൾപ്പെടെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശത്തും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുകയെന്നത് ഭരണഘടനാപരമായ അനിവാര്യതയുമാണ്. ഇത്തവണ രണ്ടാഴ്ച വൈകിയാണ് തീയതികൾ പ്രഖ്യാപിച്ചത്. പ്രഖ്യാപനം വന്ന് മണിക്കൂർ തികയുന്നതിന് മുമ്പ് എൽഡിഎഫ് ഭൂരിപക്ഷം സ്ഥാനാർത്ഥികളെയും പ്രഖ്യാപിക്കുകയും ഔപചാരിക പ്രചാരണം ആരംഭിക്കുകയും ചെയ്തു. പക്ഷേ എല്ലാവരും വോട്ടെടുപ്പ് പ്രതീക്ഷിച്ചിരിക്കുകയാണെങ്കിലും കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് രണ്ടാഴ്ച പിന്നിട്ടെങ്കിലും പ്രതിപക്ഷ മുന്നണികളായ യുഡിഎഫും എൻഡിഎയും സ്ഥാനാർത്ഥികളുടെ കാര്യത്തിൽ അനിശ്ചിതത്വത്തിൽ തുടരുകയാണ്. ഇക്കാര്യത്തിൽ എൽഡിഎഫ് ആദ്യലാപ്പിൽ തന്നെ വളരെ മുന്നിലെത്തിയിരിക്കുന്നു. യഥാർത്ഥത്തിൽ വളരെ കുറച്ചു മണ്ഡലങ്ങളിലൊഴികെ എൽഡിഎഫ് സ്ഥാനാർത്ഥികൾ ഒരാഴ്ച മുമ്പ് തന്നെ പ്രചാരണ രംഗത്തിറങ്ങിയിരുന്നു.
വിവിധ മണ്ഡലങ്ങളിൽ വികസനത്തിന്റെയും ക്ഷേമ പ്രവർത്തനങ്ങളുടെയും നായകരായ സിറ്റിങ് എംഎൽഎമാർക്കൊപ്പം ഒട്ടേറെ പുതുമുഖങ്ങളെയും എൽഡിഎഫ് അവതരിപ്പിച്ചിട്ടുണ്ട്. സമരങ്ങളിലൂടെയും സാമൂഹ്യപ്രവർത്തനങ്ങളിലൂടെയും ജനമനസുകളിൽ സ്ഥാനം പിടിച്ചവരാണ് മുഴുവൻ എൽഡിഎഫ് സ്ഥാനാർത്ഥികളുമെന്ന് മഞ്ചേശ്വരം മുതൽ പാറശാല വരെ നീളുന്ന പട്ടിക പരിശോധിച്ചാൽ ബോധ്യമാകുന്നതാണ്. തെരഞ്ഞെടുപ്പ് അടുത്തുവന്നപ്പോൾ എൽഡിഎഫിലെ സ്ഥാനാർത്ഥികളെ ചുറ്റിപ്പറ്റി കെട്ടുകഥകളും വ്യാജ പ്രചാരണങ്ങളും പ്രതിപക്ഷവും വലതുപക്ഷ മാധ്യമങ്ങളും ചേർന്ന് നടത്തിയിരുന്നു. പാർട്ടികൾക്കകത്തും കക്ഷികൾ തമ്മിലും തർക്കങ്ങളുണ്ടെന്ന് വരുത്താനും കൊണ്ടുപിടിച്ച ശ്രമങ്ങളുണ്ടായി. എന്നാൽ അവയെല്ലാം വെറും കുമിളകൾ മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് എൽഡിഎഫ് സ്ഥാനാർത്ഥിപ്പട്ടിക.
10 വർഷമായി തുടർച്ചയായും അതിന് മുമ്പ് പലതവണയായും സംസ്ഥാനം ഭരിച്ച എൽഡിഎഫ് അതുകൊണ്ടുതന്നെ ഉറച്ച ആത്മവിശ്വാസത്തോടെയാണ് കളത്തിൽ നിറഞ്ഞിരിക്കുന്നത്. എണ്ണിപ്പറയാവുന്ന ഭരണ നേട്ടങ്ങളും കണ്ണുനീർ തുടച്ചും മെയ്യോടുചേർത്തും കൂടെ നിന്നതിന്റെ സ്വാനുഭവങ്ങളും സംസ്ഥാനത്തെ സമ്മതിദായകരും എൽഡി എഫിന് മൂന്നാമൂഴം നൽകുന്നതിന് സജ്ജരായിരിക്കുകയുമാണ്. അവരുടെ മുന്നിൽ ദുരന്തമുഖത്ത് നിരാലംബരായ മനുഷ്യരെ ചേർത്തുനിർത്തിയതിന്റെ അടയാളങ്ങൾ ഭവനങ്ങളായി കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിലുണ്ട്. അതിദാരിദ്ര്യമുക്തമായതിന്റെയും കേവല ദാരിദ്ര്യമില്ലാതാകുന്നതിന്റെയും മുദ്രകൾ പതിനായിരക്കണക്കിന് കുടുംബങ്ങളുടെ ഹൃദയങ്ങളിൽ പതിഞ്ഞുകിടക്കുന്നു. സാമൂഹ്യക്ഷേമ പെൻഷൻ ഉയർത്തിയതിനാലും കുടിശികയില്ലാതെ വിതരണം ചെയ്തതിനാലും ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ആറ് ദശലക്ഷത്തിലധികം മനുഷ്യരുണ്ട്. ആരോഗ്യപരിപാലന രംഗത്തെ ലോകതുല്യമാക്കിയ നേട്ടങ്ങളുടെ പട്ടികയുണ്ട്. വിദ്യാഭ്യാസ രംഗത്തും കാർഷിക മേഖലയിലും കൈവരിച്ച നേട്ടങ്ങൾ തലയുയർത്തിനിൽക്കുന്നുണ്ട്. പാഠപുസ്തകങ്ങൾ സ്കൂൾ തുറക്കുന്നതിന് മുമ്പേയും സ്കോളർഷിപ്പുകളും ആനുകൂല്യങ്ങളും യഥാസമയവും ലഭിച്ചതിനാൽ തടസമില്ലാതെ പഠിച്ചും പരീക്ഷയെഴുതിയും ക്ലാസ് കയറ്റം നേടുന്ന കോടിക്കണക്കിന് വിദ്യാർത്ഥികളുണ്ട്. ഭൂമിയുടെ ഉടമസ്ഥാവകാശം സ്വന്തമായി കിട്ടിയ, ലൈഫ് പദ്ധതിയിലൂടെ സ്വപ്ന ഭവനത്തിൽ കയറിക്കിടക്കാനായ 10 ലക്ഷത്തിലധികം കുടുംബങ്ങളുണ്ട്. അങ്ങനെയങ്ങനെ ജനകീയഭരണം ഹൃദയത്തിൽത്തൊട്ട അനുഭവങ്ങളുള്ള ജനലക്ഷങ്ങളുടെ മുന്നിലാണ്, ഒരുമിച്ചിറങ്ങി എൽഡിഎഫ് വോട്ടുതേടുന്നത്.
തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചിട്ടും തീരുമാനമെടുക്കാനാകാതെ യുഡിഎഫും എൻഡിഎയും തിരുവനന്തപുരത്തും ഡൽഹിയിലും ജില്ലകളിലും ചർച്ചകളും തർക്കങ്ങളും തുടരുന്നുവെന്നാണ് ഇന്നലെ വൈകിട്ടും പുറത്തുവന്നിരിക്കുന്ന വാർത്തകൾ. ആദ്യം യുഡി എഫിന്റെ വാതിലിൽ മുട്ടി, രക്ഷയില്ലെന്ന് വരുമ്പോൾ എൻഡിഎ സ്ഥാനാർത്ഥിയായി മാറുന്നവർ. തിരിച്ച് എൻഡിഎ സ്ഥാനാർത്ഥിയാകാൻ കഴിയാതെവരുമ്പോൾ യുഡിഎഫിനായി രംഗത്തിറങ്ങുന്നവർ. കാലുമാറ്റവും കൂറുമാറ്റവും ദേശസാൽക്കരിച്ച യുഡിഎഫും എൻഡിഎയും കേരളത്തിലും അത് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. മറ്റ് പാര്‍ട്ടികള്‍ വിട്ടുവരുന്ന ഭിക്ഷാംദേഹികളെ സ്ഥാനാർത്ഥികളാക്കിയും സ്ഥാനത്തിനുവേണ്ടി തമ്മിലടിച്ചും ജനങ്ങളുടെ മുന്നിൽ ഇതിനകംതന്നെ ഇരുമുന്നണികളും പരിഹാസ്യമായിരിക്കുന്നു. ഇവരെ വിശ്വസിക്കാനാകില്ലെന്ന ബോധ്യം അവര്‍തന്നെ ജനമനസുകളിലുണ്ടാക്കുന്നു. വൻ വാഗ്ദാനങ്ങളും എടുത്താൽ പൊങ്ങാത്ത പ്രഖ്യാപനങ്ങളുമാണ് ഈ മുന്നണികള്‍ സംസ്ഥാനത്തെ ജനങ്ങളുടെ മുന്നിൽ അവതരിപ്പിക്കുന്നത്. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരത്തിലിരുന്ന് പറഞ്ഞ വാക്കുകളും പ്രഖ്യാപിച്ച പദ്ധതികളും നടപ്പിലാക്കാതിരുന്നതിന്റെ ചരിത്രം ഓർമ്മയുള്ളവരാണ് കേരളീയർ. ഇതെല്ലാമാണ് കേരളത്തിലെ ജനങ്ങൾ എൽഡിഎഫിനെ നെഞ്ചേറ്റുന്നതിനും മറ്റ് രണ്ട് മുന്നണികളെയും ഒരുപോലെ തള്ളിക്കളയുന്നതിനുമുള്ള പ്രധാന കാരണങ്ങൾ. നേരത്തെയിറങ്ങിയ എൽഡിഎഫ് നേരത്തെതന്നെ ജയമുറപ്പിച്ചിരിക്കുന്നുവെന്നാണ് സാഹചര്യങ്ങൾ തെളിയിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment