പുനരുജ്ജീവനത്തിന്റെ സുസ്ഥിര വര്‍ഷങ്ങള്‍

Janayugom
Developer Admin

കേരള സംസ്ഥാനത്തിന്റെ നാളിതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ 1957ഏപ്രില്‍ അഞ്ചിന് കേരള സംസ്ഥാനം രൂപീകൃതമായി ആദ്യമായി അധികാരമേറ്റ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ മുതല്‍ ഇന്ന് കേരളം ഭരിക്കുന്നതുവരെയുള്ള ഇടതുപക്ഷ സര്‍ക്കാരുകളാണ് കേരളത്തെ ഇന്ത്യയിലെ ഏറ്റവും വികസിതമായ സംസ്ഥാനമാക്കി മാറ്റിയത് എന്ന് നിസംശയം പറയാന്‍ സാധിക്കും. ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ ആദ്യ തീരുമാനം കുടികിടപ്പവകാശം ഉറപ്പുവരുത്തിക്കൊണ്ടുള്ളതായിരുന്നു എന്നത് കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളില്‍ ആലേഖനം ചെയ്തിരിക്കുന്നു. തുടര്‍ന്നുവന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭകളാണ് ‘കേരള മോഡല്‍’ എന്ന സ്വപ്നം സഫലമാക്കിയത്. 2016 മേയ് 25ന് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ സ്വാഗതം ചെയ്തത് പ്രശ്നങ്ങളുടെ ഒരു പെരുമഴയായിരുന്നു എന്ന് നമുക്കറിയാം. കേരളത്തിലെ ഹൈവേ വികസനം അവസാനിപ്പിച്ച് ഹൈവേ അതോറിട്ടി സ്ഥലം വിട്ടിരുന്നു. ഖജനാവില്‍ പൂച്ച പെറ്റുകിടക്കുകയായിരുന്നു. വിവാദങ്ങളുടെ ബാക്കിപത്രം മാത്രമായിരുന്നു 2011ലെ യുഡിഎഫ് സര്‍ക്കാര്‍ ബാക്കിവച്ചുപോയത്. 2016ലെ സര്‍ക്കാര്‍ ആദ്യമായി നേരിട്ട പ്രതിസന്ധി സംസ്ഥാനത്തിന്റെ താറുമാറായ സാമ്പത്തിക രംഗമായിരുന്നു.

2016 നവംബര്‍ എട്ടിന് യാതൊരു മുന്നൊരുക്കവുമില്ലാതെ രാത്രി എട്ടുമണിക്ക് ടെലിവിഷനിലൂടെ നരേന്ദ്ര മോഡി നടത്തിയ നോട്ടുനിരോധന പ്രഖ്യാപനം, ഇന്ത്യയിലെ ചെറുകിട, ഇടത്തരം വ്യവസായങ്ങളെയും ചെറുകിട വ്യാപാരികളെയും പൂര്‍ണമായി തകര്‍ത്തപ്പോള്‍ ഒരു ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന്റെ നികുതി വരുമാനത്തെ അത് കാര്യമായി ബാധിച്ചു. 2018ലും 19ലും ലോകം കണ്ട ഏറ്റവും വലിയ പ്രളയങ്ങളും കേരളത്തെ ബാധിച്ചു. അടിസ്ഥാന സൗകര്യങ്ങളില്‍ വന്നത് 45,000 കോടിയോളം രൂപയുടെ നഷ്ടം. ക്ഷീര, കാര്‍ഷിക മേഖലകളും പൂര്‍ണമായി തകര്‍ന്നു. 500ലധികം ജീവനുകള്‍ പൊലിഞ്ഞു. 10 ലക്ഷത്തോളം പേര്‍ ഭവനരഹിതരായി. 10,000 കിലോമീറ്റര്‍ റോഡ് ഒഴുകിപ്പോയി. എന്നാല്‍ ഈ ദുരന്തത്തില്‍ പതറാതെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും മികച്ച രീതിയില്‍ എല്ലാ ജനവിഭാഗങ്ങളെയും ഏകോപിപ്പിച്ചുകൊണ്ട് ലോകം മുഴുവന്‍ ശ്രദ്ധിക്കുന്നതരത്തില്‍ മാതൃകാപരമായ രക്ഷാപ്രവര്‍ത്തനം നടത്തി.

കേരളത്തിലെ തീരദേശങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ അര്‍പ്പണബോധത്തോടെയുള്ള പ്രവര്‍ത്തനം ലോകശ്രദ്ധയിലെത്തി. അപ്പോഴും കേന്ദ്രസര്‍ക്കാര്‍ യാതൊരു ധനസഹായവും നല്‍കിയില്ല, എന്നുമാത്രമല്ല പ്രളയത്തിലകപ്പെട്ടവരെ രക്ഷിക്കുവാന്‍ വന്ന ദുരന്ത രക്ഷാസേനയുടെ ഇന്ധനച്ചെലവടക്കം സംസ്ഥാനത്ത് നിന്നും ഈടാക്കുകയും ചെയ്തു. പക്ഷെ, സംസ്ഥാനസര്‍ക്കാര്‍ ഈ പരാധീനതകള്‍ക്കിടയിലും ദുരന്തബാധിതരുടെ രക്ഷയ്ക്കെത്തി. വിദേശത്തുനിന്ന് വാഗ്ദാനം ചെയ്യപ്പെട്ട സഹായധനം വാങ്ങുവാന്‍ പോലും കേന്ദ്രസര്‍ക്കാര്‍ എതിരുനിന്നപ്പോഴും നിശ്ചയദാര്‍ഢ്യത്തോടെ, വിജയകരമായി ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. പിന്നീട് വന്നത് കോവിഡ് കാലമായിരുന്നു. 2020ജനുവരി മുതല്‍ ഡിസംബര്‍ വരെ കോവിഡ് തരംഗം ആഞ്ഞടിച്ചു. രോഗികള്‍ക്ക് വിദഗ്ധ പരിചരണം ലഭ്യമാക്കുന്നതിലും സംസ്ഥാനത്തെ ജനങ്ങള്‍ക്കൊട്ടാകെ സൗജന്യമായി ഭക്ഷ്യധാന്യം വിതരണം ചെയ്യുന്നതിലും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാര്‍ കാണിച്ച ശ്രദ്ധയും പരിഗണനയും ആഗോളതലത്തില്‍ പ്രശംസ നേടി.

കോവിഡ് കാലത്തും ഇന്ത്യയില്‍ ഏറ്റവും ശക്തമായി പ്രതിരോധം തീര്‍ത്ത കേരളത്തിന് ഒരു സഹായവും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയില്ല. ഇന്ത്യയിലെ പരമോന്നത നീതിപീഠങ്ങള്‍ പോലും കേരളത്തിന്റെ പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിക്കുകയുണ്ടായി. ഇത്രയും ക്ലേശഭരിതമായ കാലത്തിലൂടെ മുന്നോട്ടുപോവുമ്പോഴും സംസ്ഥാനത്തിന്റെ നേട്ടങ്ങളെന്തൊക്കെയായിരുന്നു എന്നുകൂടി നമ്മള്‍ അറിയേണ്ടതുണ്ട്. തുടര്‍ച്ചയായി മൂന്ന് വര്‍ഷങ്ങളില്‍ — 2016, 2017, 2018 ഇന്ത്യയിലെ ഏറ്റവും മികച്ച ഭരണമുള്ള സംസ്ഥാനമായി പബ്ലിക് അഫയേഴ്സ് സെന്റര്‍ തെരഞ്ഞെടുത്തത് കേരളത്തെയാണ്. നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം യുഎന്നിന്റെ സുസ്ഥിര വികസന സൂചികയില്‍ ഒന്നാം സ്ഥാനത്ത് 2018, 2019, 2020 വര്‍ഷങ്ങളില്‍ കേരളമാണ്. നിതി ആയോഗിന്റെ തന്നെ സുസ്ഥിര വികസന പട്ടികയിലും ഒന്നാമത് കേരളം തന്നെയായിരുന്നു. ആരോഗ്യമേഖലയിലും സ്കൂള്‍ വിദ്യാഭ്യാസ മേഖലയിലും ഒന്നാമതും കേരളമായിരുന്നു. പ്രകൃതിദുരന്തവും കോവിഡ് മഹാമാരിയും ഒറ്റക്ക് നേരിടുമ്പോഴും കേരള സംസ്ഥാനം 1,03,361ഭൂരഹിതര്‍ക്ക് പട്ടയവും രണ്ട് ലക്ഷം ഭവനരഹിതര്‍ക്ക് ഭവനവും നല്‍കി. നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ലാഭത്തിലേക്ക് മാറ്റി. ആദ്യത്തെ ആയിരം ദിവസങ്ങള്‍ കൊണ്ട് ക്ഷീരോല്പാദനം ദിവസംതോറും 2,60,000 ലിറ്ററാക്കി ഉയര്‍ത്തി. മുന്‍ സര്‍ക്കാര്‍ നടപ്പിലാക്കാതെ പോയ ഭക്ഷ്യഭദ്രതാ നിയമം നടപ്പിലാക്കി.

റേഷന്‍ വിതരണം കുറ്റമറ്റതാക്കി. വൈറ്റില, കുണ്ടന്നൂര്‍ മേല്പാതകള്‍ പൂര്‍ത്തിയാക്കി. കൊച്ചി വാട്ടര്‍ മെട്രോ പ്രഖ്യാപിച്ചു. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസ് രൂപീകരിച്ചു. 45,000 ഹൈടെക് ക്ലാസ് റൂമുകള്‍ പൊതു വിദ്യാലയങ്ങളില്‍ സ്ഥാപിച്ചു. 34,000 ഏക്കര്‍ സ്ഥലത്തുകൂടി കൃഷിവകുപ്പിന്റെ സഹായത്തോടെ നെല്‍ക്കൃഷി വ്യാപിപ്പിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണമായ അവഗണനയ്ക്കും സാമ്പത്തിക ഉപരോധങ്ങള്‍ക്കുമിടയിലും 2016ലെ സര്‍ക്കാരിന്റെ തിളക്കമേറിയ പ്രവര്‍ത്തനങ്ങള്‍ 2021ലെ സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പില്‍ 99സീറ്റുകള്‍ നേടിക്കൊണ്ടുള്ള ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ തിരിച്ചുവരവിന് നിദാനമായി. 2021 മേയ് 20ന് 99 അസംബ്ലി സീറ്റുകള്‍ നേടിക്കൊണ്ട് വീണ്ടും ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ അധികാരത്തില്‍ വന്നു. 2016ലെ സര്‍ക്കാരിന്റെ തുടര്‍ച്ചയായി സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും ക്ഷേമത്തിനും ആവശ്യമായ പദ്ധതികള്‍ നടപ്പിലാക്കി.

2021ല്‍ ആരംഭിച്ച അതിദരിദ്രരില്ലാത്ത കേരളം എന്ന പദ്ധതിയിലൂടെ 64,006 കുടുംബങ്ങളെ ഭക്ഷണവും വീടും ജീവിക്കാനാവശ്യമായ തൊഴിലും നല്‍കി, സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിയത് ഈ സര്‍ക്കാരാണ്. 2025 നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തില്‍ കേരളം ഇന്ത്യയിലെ അതിദരിദ്രരില്ലാത്ത ആദ്യ സംസ്ഥാനമായി മാറി. 62 ലക്ഷം കുടുംബങ്ങള്‍ക്ക് 2,000 രൂപ വീതം സാമൂഹ്യ സുരക്ഷാ പെന്‍ഷന്‍ നല്‍കുന്നു. ദേശീയപാത 66ന്റെ സ്ഥലമെടുപ്പ് പൂര്‍ത്തിയാക്കി. ഇപ്പോള്‍ നിര്‍മ്മാണവും പൂര്‍ത്തിയായി വരുന്നു. സ്വന്തം ഫണ്ടുപയോഗിച്ച് സ്ഥലമെടുപ്പ് നടത്തിയാണ് ഈ ദേശീയപാത സംസ്ഥാന സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയതെന്നും നമ്മള്‍ അറിയേണ്ടതുണ്ട്. പൊതുവിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രമാക്കി മാറ്റുകയും പുതിയതായി തൊള്ളായിരത്തിലധികം ഡിഗ്രി ക്ലാസുകളും 204 പിജി ക്ലാസുകളും തുടങ്ങുകയും ചെയ്തു. 16 തരം പച്ചക്കറി വിളകള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും അടിസ്ഥാനവില (ഉല്പാദന ചെലവിന്റെ 20% അധികം) നിശ്ചയിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനമായി കേരളം മാറി. 2022ന് ശേഷം പുതിയതായി 2,43,000 ചെറുകിട – ഇടത്തരം സംരംഭങ്ങള്‍ കേരളത്തില്‍ സ്ഥാപിക്കപ്പെട്ടു. ലൈഫ് സയന്‍സ് പാര്‍ക്ക് അടക്കം അനേകം പുതിയ വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിച്ചു. ഇ‑ഗവേണന്‍സില്‍ ഇന്ന് ഇന്ത്യയിലെ ഒന്നാമത്തെ സംസ്ഥാനമാണ് കേരളം.

2024 ജൂലൈ 30ന് വയനാട്ടിലെ മേപ്പാടി പഞ്ചായത്തില്‍ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമറ്റം, അട്ടമല എന്നീ മലയോര പ്രദേശങ്ങളിലുണ്ടായ ദാരുണമായ ഉരുള്‍പൊട്ടലില്‍ നാനൂറിലധികം പേര്‍ മരിക്കുകയും നൂറുകണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേരള ചരിത്രത്തിലെ ഏറ്റവും ഭയാനകമായ ദുരന്തം സംഭവിച്ചു. ഏറ്റവും വേഗത്തില്‍ ഏറ്റവും ഫലപ്രദമായി സംസ്ഥാന സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു. രാവും പകലും മന്ത്രിമാരടക്കമുള്ളവര്‍ ദുരിതബാധിത പ്രദേശത്ത് കേന്ദ്രീകരിച്ച് രക്ഷാപ്രവര്‍ത്തനം നടത്തി. അതിജീവിതര്‍ക്ക് താല്‍ക്കാലിക പുനരധിവാസത്തിനായി 14 ക്യാമ്പുകള്‍ ഒരുക്കി. തുടര്‍ന്ന് അവര്‍ക്ക് താല്‍ക്കാലിക താമസത്തിനുള്ള വീടുകളുടെ വാടകയും 300 രൂപ ദിനബത്തയും മാസം 1,000 രൂപയുടെ പലചരക്ക് സാധനങ്ങള്‍ സപ്ലൈകോ വഴി വാങ്ങുവാനുള്ള കൂപ്പണും അനുവദിച്ചുനല്‍കി. ദുരന്തബാധിതരുടെ പുനരധിവാസം കാലതാമസമില്ലാതെ നടപ്പിലാക്കും എന്ന് റവന്യു മന്ത്രി കെ രാജന്‍ ഉറപ്പുനല്‍കുകയും ചെയ്തു. 2026 മാര്‍ച്ച് ഒന്നിന് കല്പറ്റയിലെ എല്‍സ്റ്റണ്‍ എസ്റ്റേറ്റില്‍ സര്‍ക്കാര്‍ വാങ്ങിയ സ്ഥലത്ത് പൂര്‍ത്തിയായ 178 വീടുകള്‍ ദുരന്തബാധിതര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. ആകെയുള്ള 327 വീടുകളും ഉടനെ പൂര്‍ത്തിയാക്കി കൈമാറും എന്നും മുഖ്യമന്ത്രി ഉറപ്പുനല്‍കി. കഴിഞ്ഞ 10 വര്‍ഷമായി കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണമായ അവഗണനയിലും ഇന്ത്യക്കാകെ മാതൃകയായ വികസന പ്രവര്‍ത്തനങ്ങള്‍ സമ്മാനിച്ച ഭരണമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കേരളത്തില്‍ കാഴ്ചവച്ചത്.

2018ലെ പ്രകൃതിക്ഷോഭത്തിലോ, 2024ലെ ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തിലോ യാതൊരു കേന്ദ്ര സഹായവും ലഭിക്കാത്ത സാഹചര്യത്തില്‍ പോലും രാജ്യത്തിന് മാതൃകയായ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഇച്ഛാശക്തിയോടെ മുന്നോട്ടുവന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരാണ്. ദുരന്തമുഖങ്ങളിലൂടെ കടന്നുപോകുമ്പോഴും സംസ്ഥാനത്തിന്റെ സുസ്ഥിര വികസനത്തിനും മതനിരപേക്ഷതയ്ക്കും ജനക്ഷേമത്തിനും മുന്‍തൂക്കം നല്‍കി, ഈ മേഖലകളിലെല്ലാം രാജ്യത്തെ ഏറ്റവും മികച്ച സംസ്ഥാനമാക്കി കേരളത്തെ ഉയര്‍ത്തുവാനും ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന് സാധിച്ചു. സുസ്ഥിര വികസനത്തിനും ജനക്ഷേമ ഭരണത്തിനും തുടര്‍ച്ച ആവശ്യമാണ്. അതിന് സംസ്ഥാനത്ത് ഇടതുപക്ഷ ജനാധിപത്യ മുന്നണി വീണ്ടും അധികാരത്തിലെത്തേണ്ടതുണ്ട്.

Previous
സ്ത്രീത്വത്തിന്റെ അന്തസും നിയമപരമായ തുല്യതയും
Next
ഒരുങ്ങിയിറങ്ങി എൽഡിഎഫ്; തമ്മിലടിച്ച് യുഡിഎഫും എൻഡിഎയും

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment