സ്ത്രീത്വത്തിന്റെ അന്തസും നിയമപരമായ തുല്യതയും

Janayugom
Developer Admin

നൂറ്റാണ്ടുകൾക്ക് മുമ്പ് കോപ്പൻഹേഗനിൽ ജ്വലിച്ചുയർന്ന വിപ്ലവവീര്യത്തിന്റെ അനുരണനങ്ങൾ 21-ാം നൂറ്റാണ്ടിന്റെ രണ്ടാം പാദത്തിലും പ്രതിധ്വനിക്കുകയാണ്. 1910ൽ നടന്ന തൊഴിലെടുക്കുന്ന സ്ത്രീകളുടെ രണ്ടാം രാജ്യാന്തര സമ്മേളനത്തിൽ ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവ് ക്ലാര സെട്കിൻ മുന്നോട്ടുവച്ച ‘അന്താരാഷ്ട്ര വനിതാ ദിനം’ എന്ന ആശയം ആഘോഷങ്ങളില്‍ ഒതുങ്ങുന്നതായിരുന്നില്ല. അത് തുല്യാവകാശങ്ങൾക്കായുള്ള സ്ത്രീകളുടെ സംഘടിത പോരാട്ടത്തിന്റെ വിളംബരമായിരുന്നു. തൊഴിലാളി പ്രസ്ഥാനങ്ങളുടെ സംഘടിത കരുത്തിലൂടെ മാത്രമേ സ്ത്രീവിമോചനം സാധ്യമാകൂ എന്ന് ഉറച്ചുവിശ്വസിച്ചിരുന്ന വിപ്ലവകരമായ ആശയങ്ങളുടെ വക്താവായിരുന്ന സെട്കിനെ മാഞ്ചസ്റ്റർ ഗാർഡിയൻ ‘കമ്മ്യൂണിസത്തിന്റെ മുത്തശി’ എന്നായിരുന്നു വിശേഷിപ്പിച്ചത്. 17 രാജ്യങ്ങളിൽ നിന്നുള്ള നൂറിലധികം പ്രതിനിധികൾ പങ്കെടുത്ത ആ സമ്മേളനം ‘അന്താരാഷ്ട്ര വനിതാ ദിനം’ എന്ന ആശയം സ്വീകരിച്ചതോടെ യൂറോപ്പിലുടനീളം ലക്ഷക്കണക്കിന് വനിതകളുടെ പ്രാതിനിധ്യം രേഖപ്പെടുത്തിയ വമ്പൻ റാലികൾക്ക് വേദിയൊരുങ്ങി. ജോലി ചെയ്യാനും വോട്ടുചെയ്യാനും പൊതുപദവികൾ വഹിക്കാനും വിവേചനങ്ങൾ അവസാനിപ്പിക്കാനുമുള്ള അവകാശങ്ങൾക്കായി സ്ത്രീകൾ തെരുവിലിറങ്ങിയ ആ നാളുകൾ തങ്ങൾക്കുനേരെ കൊട്ടിയടച്ച ലോകത്തിന്റെ ജാലകങ്ങൾ തുറന്നുകിട്ടാനുള്ള സംഘടിത പരിശ്രമങ്ങളുടെയും പോരാട്ടങ്ങളുടെയും തുടക്കമായിരുന്നു. എന്നാൽ നൂറ്റാണ്ടുകളായി തുടരുന്ന പോരാട്ടങ്ങൾക്കൊടുവിലും സ്ത്രീകളുടെ അടിസ്ഥാന ആവശ്യങ്ങൾ പൂർണമായി നിറവേറ്റപ്പെട്ടിട്ടില്ല എന്നത് ജനാധിപത്യ ബോധമുള്ള സമൂഹത്തിന് ലജ്ജാകരമാണ്. 

ലിംഗസമത്വം, സ്ത്രീശാക്തീകരണം, സാമൂഹിക നീതി എന്നിവ ഇന്നും ആഗോളതലത്തിൽ പ്രധാന ചർച്ചാവിഷയങ്ങളായി തുടരുന്നത് വിവേചനത്തിന്റെ വേരുകൾ അത്രമേൽ ആഴത്തിലായതിനാലാണ്. 2026ലെ അന്താരാഷ്ട്ര വനിതാ ദിനവും ഇതേ ആവശ്യങ്ങൾ തന്നെയാണ് ഉയർത്തിപ്പിടിക്കുന്നത്. തങ്ങളുടെ നീതിക്കും അവകാശങ്ങൾക്കുമായി പോരാടാൻ എല്ലാ പെൺകുട്ടികളോടും സ്ത്രീകളോടും ഈ ദിനം ആഹ്വാനം ചെയ്യുന്നു. പുരുഷനും സ്ത്രീയും തുല്യരല്ലെന്ന ചിന്തയും, അബദ്ധവും അന്ധവുമായ വിശ്വാസങ്ങളും, നിലനിൽക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളും സ്ത്രീപുരോഗതിയെ തടയുമ്പോഴും അവകാശങ്ങൾ നേടിയെടുക്കുമെന്ന ദൃഢനിശ്ചയത്തിൽ നിന്ന് മാറ്റമില്ലെന്ന പ്രഖ്യാപനമാണ് ലോകമെമ്പാടും മുഴങ്ങുന്നത്. ഉത്തരാധുനിക യുഗത്തിൽ ജീവിക്കുമ്പോഴും പുരുഷനും സ്ത്രീയും തമ്മിലുള്ള നിയമപരമായ വിടവ് നിലനിൽക്കുന്നു എന്നത് ഗുരുതരമാണ്. പുരുഷന്മാർക്ക് നൽകിയിട്ടുള്ള നിയമപരമായ അവകാശങ്ങളുടെ 64 ശതമാനം മാത്രമാണ് ഇന്നും സ്ത്രീകൾക്ക് ലഭിക്കുന്നത് എന്നത് വികസിതമെന്ന് അവകാശപ്പെടുന്ന ലോകത്തിന്റെ പരാജയമാണ്. ജോലി, വേതനം, സുരക്ഷ, കുടുംബം, സ്വത്തവകാശം, സഞ്ചാരസ്വാതന്ത്ര്യം തുടങ്ങിയ മൗലിക മേഖലകളിലെല്ലാം സ്ത്രീകൾ വ്യവസ്ഥാപിതമായ വിവേചനം നേരിടുന്നു. നിലവിലെ വേഗതയിലാണ് മാറ്റങ്ങൾ സംഭവിക്കുന്നതെങ്കിൽ സ്ത്രീകളുടെ നിയമപരമായ സംരക്ഷണം ഉറപ്പാക്കാൻ ഇനിയും 286 വർഷങ്ങൾ വേണ്ടിവരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവേചനപരമായ നിയമങ്ങളും ദോഷകരമായ സാമൂഹിക ആചാരങ്ങളും സ്ത്രീകളുടെ അവകാശങ്ങളെ കാർന്നുതിന്നുന്നു. നീതി നിഷേധിക്കപ്പെടുമ്പോൾ അവകാശങ്ങൾ അർത്ഥശൂന്യമാകുന്നു. അത് കേവലം പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാകുന്നു. പെൺകുട്ടികൾക്ക് വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കുക, ഇഷ്ടമുള്ള തൊഴിൽ ചെയ്യാനുള്ള സാഹചര്യം സജ്ജമാക്കുക, ബാലവിവാഹം അവസാനിപ്പിക്കുക, തൊഴിലിടങ്ങളിൽ നേതൃപരമായ പദവികൾ നൽകുക തുടങ്ങിയവ അനിവാര്യമാണ്. ലിംഗാധിഷ്ഠിത അതിക്രമങ്ങൾ അവസാനിപ്പിക്കാനും കുടുംബ – തൊഴിൽ — ആരോഗ്യ മേഖലകളിൽ വിവേചനമില്ലാത്ത നിയമങ്ങൾ നടപ്പിലാക്കാനും ഭരണകൂടങ്ങൾ ബാധ്യസ്ഥരാണ്. അതിക്രമങ്ങളെ അതിജീവിക്കുന്നവർക്ക് കേന്ദ്രീകൃതമായതും പക്ഷപാതരഹിതവുമായ നീതിന്യായ വ്യവസ്ഥയും താങ്ങാനാവുന്ന നിയമസഹായവും ഉറപ്പാക്കേണ്ടതുണ്ട്. 

1977ൽ ഐക്യരാഷ്ട്രസഭ മാർച്ച് എട്ട് ഔദ്യോഗികമായി അംഗീകരിച്ചെങ്കിലും വേരുകൾ റഷ്യൻ ചരിത്രത്തിലെ വിപ്ലവകരമായ പ്രതിഷേധങ്ങളിലാണ് ചെന്നെത്തുക. 1913ലും 1917ലും റഷ്യൻ സ്ത്രീകൾ യുദ്ധത്തിനും പട്ടിണിക്കും സർ ഭരണകൂടത്തിനുമെതിരെ നടത്തിയ ഐതിഹാസിക സമരങ്ങൾ റഷ്യൻ വിപ്ലവത്തിന് തിരികൊളുത്തുകയും അവർക്ക് വോട്ടവകാശം നേടിക്കൊടുക്കുകയും ചെയ്തു. 1913 ഫെബ്രുവരി 23ന്, ജൂലിയൻ കലണ്ടർ പ്രകാരം ഒന്നാം ലോകമഹായുദ്ധത്തിനെതിരെ റഷ്യൻ സ്ത്രീകൾ പ്രതിഷേധിച്ചു (ഗ്രിഗോറിയൻ കലണ്ടറിൽ മാർച്ച് എട്ട്). വനിതാ ദിന റാലികൾക്കുള്ള ആഗോള മാനദണ്ഡമായി ഇത് മാറി. 1917 ഫെബ്രുവരി 23ന് റഷ്യൻ സ്ത്രീകൾ യുദ്ധം, ഭക്ഷ്യക്ഷാമം, സർ നിക്കോളാസ് രണ്ടാമന്റെ ഭരണം എന്നിവ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം നടത്തി. മേയ് ദിന പ്രകടനങ്ങൾക്ക് മുമ്പ് പ്രതിഷേധങ്ങൾ സംഘടിപ്പിച്ചതിൽ ലിയോൺ ട്രോട്സ്കിയെപ്പോലുള്ളവർ തുടക്കത്തിൽ നിരാശരായിരുന്നുവെന്ന് ചരിത്രകാരിയായ റോഷൽ റൂത്ത്ചൈൽഡ് രേഖപ്പെടുത്തുന്നുണ്ട്. പ്രതിഷേധങ്ങൾ റഷ്യൻ വിപ്ലവത്തിന് കാരണമായി. സർ അധികാരഭ്രഷ്ടനാക്കപ്പെട്ടു, ഒരു കമ്മ്യൂണിസ്റ്റ് രാഷ്ട്ര രൂപവല്‍ക്കരണത്തിന് വഴിയൊരുങ്ങി. റഷ്യയിൽ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു. 1920ൽ അമേരിക്കൻ ഐക്യനാടുകളിൽ വെള്ളക്കാരായ സ്ത്രീകൾക്ക് വോട്ടവകാശം ലഭിച്ചു, കറുത്തവർഗക്കാരായ സ്ത്രീകൾക്ക് അത് ലഭിക്കാൻ 1965ലെ വോട്ടിങ് അവകാശ നിയമം വരെ കാത്തിരിക്കേണ്ടിവന്നു. തൊഴിലാളി പ്രസ്ഥാനങ്ങളിൽ നിന്ന് തുടങ്ങിയ ഈ യാത്ര തുല്യനീതിക്കായുള്ള പോരാട്ടം നേടുന്ന നാൾ വരെ എന്ന ലക്ഷ്യപ്രാപ്തിക്കായി അവിശ്രമം തുടരുകയാണ്. ഓരോ സ്ത്രീയുടെയും അന്തസോടെയുള്ള ജീവിതത്തിന് നിയമപരമായ തുല്യതയും സാമൂഹിക നീതിയും ഉറപ്പാക്കുക എന്നത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്. 

Previous
മഹീന്ദ്രയുടെ പുത്തൻ ബി ഇ 6 ഫോർമുല ഇ എഡിഷൻ സ്വന്തമാക്കി നടൻ അജിത്
Next
പുനരുജ്ജീവനത്തിന്റെ സുസ്ഥിര വര്‍ഷങ്ങള്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment