വാൽപ്പാറയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ മരിച്ച ഒമ്പത് പേരുടെയും മൃതദേഹങ്ങൾ പൊതുദർശനത്തിനായി പാങ്ങ് എച്ച് എസ് എസിൽ എത്തിച്ചു. പൊള്ളാച്ചിയിൽ നിന്ന് വിലാപയാത്രയായി എത്തിയ ആംബുലൻസുകളെ വിങ്ങലോടെയാണ് നാട് വരവേറ്റത്. പ്രധാനാധ്യാപിക അജിത ടീച്ചർ, അധ്യാപകരായ ആശ, റംല, ഷക്കീന, മജീദ് മാസ്റ്റർ, അദ്ദേഹത്തിന്റെ ഭാര്യ റുഖിയ, സഹായി സാജിത, സുഹറ ടീച്ചർ, പന്ത്രണ്ടുകാരൻ ഹിഷാം എന്നിവരുടെ ഭൗതികശരീരങ്ങളാണ് സ്കൂളിലെത്തിച്ചത്.
സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആദ്യം മൃതദേഹങ്ങൾ കാണാൻ സൗകര്യമൊരുക്കിയിരിക്കുന്നത്. ഒന്നര മണിക്കൂർ നീളുന്ന പൊതുദർശനത്തിന് ശേഷം മൃതദേഹങ്ങൾ പ്രിയപ്പെട്ടവരുടെ വീടുകളിലേക്ക് കൊണ്ടുപോകും. കുട്ടികൾക്കുണ്ടായ കടുത്ത മാനസികാഘാതം കണക്കിലെടുത്ത് അവർക്ക് കൗൺസിലിംഗ് നൽകുമെന്ന് മലപ്പുറം ജില്ലാ കളക്ടർ വിനയ് ഗോയൽ അറിയിച്ചു.
അപകടത്തിൽ പരിക്കേറ്റ് കോയമ്പത്തൂർ മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന മുഹമ്മദ് ഫായിസ്, നൗഷാദ് അലി എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. അടുത്ത 48 മണിക്കൂർ ഇവർ നിരീക്ഷണത്തിലായിരിക്കും. അതേസമയം, പരിക്കേറ്റ ഷഹദിൻ മുഹമ്മദ് അപകടനില തരണം ചെയ്തതായും വാർഡിലേക്ക് മാറ്റിയതായും ഡോക്ടർമാർ അറിയിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment