ഓർബാന്റെ പതനം നൽകുന്ന ഗുണപാഠങ്ങൾ

Janayugom
Developer Admin

പ്രിൽ 12 ഞായറാഴ്ച രാത്രിയോടെ ഹംഗറിയിലെയും യൂറോപ്പിലെയും ജനാധിപത്യശക്തികൾ ആകാംക്ഷാപൂർവം കാത്തിരുന്ന ആ നിമിഷം സമാഗതമായി. പതിനാറുവർഷമായി ഹങ്കറിയെ അടക്കിവാണ, തീവ്ര വലതുപക്ഷ ദേശീയതയുടെയും സ്വേച്ഛാധിപത്യത്തിന്റെയും അഴിമതിയുടെയും പ്രതീകമായി മാറിയ, പ്രധാനമന്ത്രി വിക്റ്റർ ഓർബാനും അദ്ദേഹത്തിന്റെ പാർട്ടിയും പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിലംപരിശായി. ഓർബാനും അദ്ദേഹത്തിന്റെ യാഥാസ്ഥിതിക ഫിഡെസ് പാർട്ടിയും പരാജയപ്പെടുമെന്ന് ഏതാണ്ട് ഉറപ്പായിരുന്നെങ്കിലും എതിരാളി പീറ്റർ മാജ്യാറും അദ്ദേഹത്തിന്റെ പുതുതായി രൂപീകൃതമായ ടിസ പാർട്ടിയും കാഴ്ചവച്ചതുപോലൊരു തകർപ്പൻ പ്രകടനം അവർപോലും പ്രതീക്ഷിച്ചിരുന്നില്ല. ടിസ പാർട്ടിയോടോ പീറ്റർ മാജ്യാറിനോടോ ഉള്ള പ്രതിപത്തിക്കോ ആരാധനയ്ക്കോ അപ്പുറം വിക്റ്റർ ഓർബാന്റെ ദുർഭരണത്തിന് അറുതിവരുത്തണമെന്ന ജനങ്ങളുടെ, വിശിഷ്യാ പുതുതലമുറയുടെ നിശ്ചയദാർഢ്യമാണ് തെരഞ്ഞെടുപ്പുഫലത്തിൽ പ്രതിഫലിച്ചത്. പതിനാറുവർഷത്തെ ഓർബാൻ ഭരണത്തിൽ യൂറോപ്യൻ യൂണിയനിലെ ഏറ്റവും അഴിമതി നിറഞ്ഞത്, മാധ്യമസ്വാതന്ത്ര്യം ഏറ്റവും താഴ്ന്നനിലയിലുള്ളത്, ജനാധിപത്യ സ്വാതന്ത്ര്യങ്ങളും മനുഷ്യാവകാശങ്ങളും ഏറ്റവുമധികം നിഷേധിക്കപ്പെടുന്നത്, കടുത്ത കുടിയേറ്റ വിരുദ്ധത എന്നിവയുടെയെല്ലാം തലസ്ഥാനമായി ഹംഗറി മാറിയിരുന്നു. യൂറോപ്യൻ യൂണിയനിലെ ട്രംപിന്റെ അഞ്ചാംപത്തിയായി അറിയപ്പെട്ടിരുന്ന ഓർബാൻ യൂറോപ്പിൽനിന്നുള്ള റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുട്ടിന്റെ ഉറ്റസുഹൃത്തുമായിരുന്നു. ട്രംപ്, പുട്ടിൻ നയതന്ത്രത്തിന്റെ അച്ചാണിയും ഇടനിലക്കാരനുമായാണ് ഓർബാൻ അറിയപ്പെട്ടിരുന്നത്. യൂറോപ്പിൽ സാവധാനം ദുർബലമായിക്കൊണ്ടിരിക്കുന്ന വലതുപക്ഷ രാഷ്ട്രീയത്തിലെ ഏറ്റവും പ്രബലനും ഭരണാധികാരം കയ്യാളിയിരുന്ന അവസാനത്തെ ശക്തികേന്ദ്രവുമായിരുന്നു പരാജയപ്പെട്ട് അധികാരത്തിൽനിന്നും പുറത്തായ വിക്റ്റർ ഓർബാൻ. 

ഹംഗറിയുടെ പാർലമെന്റായ നാഷണൽ അസംബ്ലിയിലേക്ക് നടന്ന പത്താമത് തെരഞ്ഞെടുപ്പിൽ 2024ൽ മാത്രം രൂപംകൊണ്ട ടിസ പാർട്ടി 199ൽ 137 സീറ്റുകൾ കരസ്ഥമാക്കിയാണ് അട്ടിമറി വിജയം നേടിയത്. പതിനാറുവർഷം പ്രധാനമന്ത്രിയായി വിരാജിച്ച വിക്റ്റർ ഓർബാന്റെ ഫിഡെസ് പാർട്ടിക്ക് 56 സീറ്റുകൾ മാത്രമേ നേടാനായുള്ളു. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 79 സീറ്റുകളുടെ കുറവ്. ഓർബാൻ അധികാരത്തിൽ തുടരുന്നതിനായി തെരഞ്ഞെടുപ്പുചട്ടങ്ങളിൽ ഭേദഗതികൾ കൊണ്ടുവന്ന് പ്രതിയോഗികൾക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കുക ദുഷ്കരമാക്കിയിരുന്നു. എന്നിട്ടും ഏതാണ്ട് 80% സമ്മതിദായകർ വോട്ടു രേഖപ്പെടുത്തി. അത് കഴിഞ്ഞ തെരഞ്ഞെടുപ്പിനേക്കാൾ 10% ഉയർന്ന പോളിങ് നിരക്കാണ്. ഇത് വ്യക്തമാക്കുന്നത് ഓർബാനും ഫിഡെസിനും എതിരായ ശക്തമായ ജനവികാരമാണ്. ഹംഗ­റി യൂറോപ്യൻ യൂണിയനിൽ അംഗമാണെങ്കിൽത്തന്നെയും യൂണിയന്റെ പൊ­തുനയങ്ങൾക്കു വിരുദ്ധമായ നിഷേധാത്മക നിലപാടുകൾ സ്വീകരിക്കുക മാത്രമല്ല അംഗരാഷ്ട്രമെന്നനിലയിൽ തങ്ങളുടെ വീറ്റോ അധികാരമുപയോഗിക്കാനും ഓർബാൻ യാതൊരു മടിയും കാണിച്ചിരുന്നില്ല. അത് യൂണിയനും ഹംഗറിയും തമ്മിൽ നിരന്തര സംഘർഷങ്ങളിലേക്ക് നയിച്ചിരുന്നു. ട്രംപ് ഭരണകൂടം വ്യാപാരത്തെ നയതന്ത്രവുമായി ബന്ധിപ്പിച്ച് ആരംഭിച്ച താരിഫ് യുദ്ധം, നാറ്റോ അംഗരാജ്യങ്ങൾ കൂടുതൽ സാമ്പത്തിക പങ്കാളിത്തത്തിന് തയ്യാറാവണമെന്ന് ട്രംപ് യൂറോപ്പിന്റെ മേൽ തുടർന്നുവരുന്ന സമ്മർദം, റഷ്യ, ഉക്രെയ്ൻ യുദ്ധത്തിൽ ട്രംപും യൂറോപും തമ്മിലുള്ള ഭിന്നത, പശ്ചിമേഷ്യൻ യുദ്ധത്തെ തുടർന്ന് ട്രംപും യൂറോപും അവലംബിക്കുന്ന ഭിന്ന നിലപാടുകൾ എന്നിവയിലെല്ലാം ട്രംപിനോടൊപ്പം നിലയുറപ്പിച്ച ഓർബാന്റെ കനത്ത പരാജയം ബ്രസൽസും യൂറോപ്യൻ തലസ്ഥാനങ്ങളും ഏറെ ആശ്വാസത്തോടെയും ആഹ്ലാദത്തോടെയുമാണ് വരവേറ്റത്.

ഓർബാന്റെ പരാജയം യൂറോപ്പിലെ തീവ്ര വലതുപക്ഷ ദേശീയവാദശക്തികൾക്ക് മാത്രമല്ല ലോകത്തെമ്പാടുമുള്ള സമാന പ്രതിലോമ രാഷ്ട്രീയത്തിനും അവയുടെ നേതൃത്വത്തിനും വ്യക്തമായ മുന്നറിയിപ്പാണ് നൽകുന്നത്. ഓർബാൻ പ്രതിനിധാനം ചെയ്തിരുന്ന, ഫാസിസത്തോട് ചേർന്നുനിൽക്കുന്ന, തീവ്ര വലതുപക്ഷ ദേശീയ രാഷ്ട്രീയം നമുക്ക് സുപരിചിതമായ ഒന്നാണ്. അത് ജനങ്ങളെ സാർവത്രിക സാഹോദര്യത്തിന്റെ തത്വാധിഷ്ഠിത നിലപാടുകളുടെ അടിസ്ഥാനത്തിൽ കൂട്ടിയോജിപ്പിക്കുന്നതിനു പകരം രാഷ്ട്രീയ ജീവിതത്തിൽ അപരന്മാരെ സൃഷ്ടിക്കുകയും അവർക്കെതിരായ വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും വളക്കൂറിൽ തഴച്ചുവളരുകയുമാണ് ചെയ്യുന്നത്. നൂറ്റാണ്ടുകൾ നീണ്ട കൊളോണിയൽ ആധിപത്യത്തിന്റെയും ചൂഷണത്തിന്റെയും തുടർന്നുള്ള സാമ്രാജ്യത്വ അധിനിവേശങ്ങളുടെയും അതിക്രമങ്ങളുടെയും ഇരകളും ഉപോല്പന്നവുമാണ്, വലിയൊരളവിൽ, യൂറോപ്പിലേക്കുള്ള അഭയാർത്ഥി പ്രവാഹവും കുടിയേറ്റ പ്രവണതയും. അതിനെ രാഷ്ട്രീയമായി അഭിസംബോധന ചെയ്യുന്നതിനുപകരം രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമാക്കാനാണ് ഓർബാനടക്കം പല യൂറോപ്യൻ രാഷ്ട്രീയ നേതാക്കളും ശ്രമിക്കുന്നതും ശ്രമിച്ചതും. സാഹചര്യങ്ങളും കാര്യകാരണങ്ങളും വ്യത്യസ്തമാണെങ്കിലും ഇന്ത്യയിലും വലതുപക്ഷ ദേശീയതയുടെ രാഷ്ട്രീയം മറ്റൊന്നുമല്ല നടപ്പാക്കാൻ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് നിയമങ്ങൾ, നയസമീപനങ്ങൾ എന്നിവയിലുള്ള കൗശലപൂർണമായ ഇടപെടലുകളിലൂടെ അധികാരത്തിൽ കടിച്ചുതൂങ്ങാൻ ഓർബാൻ നടത്തിയ ശ്രമത്തിനു സമാനമാണ് ഇപ്പോൾ വനിതാ സംവരണത്തിന്റെ മറവിൽ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടം മാറ്റിവരയ്ക്കാനും ഫെഡറൽ ജനാധിപത്യത്തെ അട്ടിമറിക്കാനും രാജ്യത്തെത്തന്നെ ശിഥിലീകരിക്കാനും മോഡി, ഷാ പ്രഭൃതികളുടെ നേതൃത്വത്തിൽ അരങ്ങേറിയ പൊറാട്ടുനാടകം. എന്നാൽ, അത്തരക്കാർ തിരിച്ചറിയേണ്ടത് ഓർബാൻ ഒറ്റപ്പെട്ട പ്രതിഭാസമല്ലെന്നും അത് ലോകത്തെവിടെയും, ഏതുരാജ്യത്തിനും ബാധകമായ സാർവത്രിക രാഷ്ട്രീയ യാഥാർത്ഥ്യമാണെന്ന വസ്തുതയാണ്.

Previous
മിശ്രവിവാഹത്തെ ഭയക്കുന്ന സംഘ്പരിവാർ
Next
പ്രിയപ്പെട്ടവർക്ക് വിട നൽകാൻ പാങ്ങ്; മൃതദേഹങ്ങളുമായി ആംബുലന്‍സ് സ്കൂൾ മുറ്റത്ത്

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment