വടക്കേയിന്ത്യൻ സംസ്ഥാനങ്ങളിൽ കാണപ്പെടുന്ന ഒരു നാടോടി ഷെഡ്യൂൾഡ് ട്രൈബ് ആണ് പ്രാഥി (Pardhi) അഥവാ ബന്‍ജാരകൾ. ഒരിടത്തും സ്ഥിരതാമസമില്ലാതെ അലഞ്ഞുതിരിഞ്ഞു നടന്ന് ചെറിയ കച്ചവടങ്ങൾ ചെയ്തു ജീവിയ്ക്കുന്ന ഇക്കൂട്ടർ, സാമൂഹികമായി ഏറെ അടിച്ചമർത്തപ്പെട്ട ഒരു വിഭാഗമാണ്. ഈ ജാതിയിൽപ്പെട്ട, മധ്യപ്രദേശിലെ ഇൻഡോറിനടുത്തുള്ള മഹേശ്വറില്‍ നിന്നുള്ള, പെൺകുട്ടിയാണ് മൊണാലിസ ഭോസ്‌ലേ. തിളങ്ങുന്ന വെള്ളാരങ്കണ്ണുകളുള്ള ഒരു സാധാരണ പെൺകുട്ടി. മാതാപിതാക്കളായ ജയ് സിങ് ഭോസ്‌ലെ, ലതാ ഭോസ്‌ലെ, സഹോദരിമാർ, ഒരു സഹോദരൻ എന്നിവർ അടങ്ങിയ വലിയൊരു കുടുംബമാണ് അവളുടേത്. ഉത്സവപ്പറമ്പുകളിലും, മേളകളിലും മുത്തുകളും, മാലകളും, മറ്റു അലങ്കാര സാധനങ്ങളും കൊണ്ട് നടന്നു വിൽക്കുകയാണ് ആ കുടുംബത്തിന്റെ ജോലി. നാടോടികളായത് കൊണ്ട് തന്നെ കുട്ടികളൊന്നും സ്കൂളിൽ പോയിട്ടില്ല. വിദ്യാഭ്യാസമോ, സാമ്പത്തികഭദ്രതയോ ഇല്ലാത്ത മൊണാലിസ, 2025ലെ പ്രയാഗ്‌രാജ് മഹാകുംഭമേളയിൽ കച്ചവടത്തിന് പോയതാണ് അവളുടെ ജീവിതം മാറ്റിമറിച്ചത്. തെരുവിൽ മാലകൾ വിൽക്കുകയായിരുന്ന അവളുടെ മനോഹരമായ കണ്ണുകൾ, ചില സമൂഹമാധ്യമ ഇൻഫ്ലുവൻസർമാരുടെ വീഡിയോയിൽ പതിഞ്ഞു. “കുംഭമേള രുദ്രാക്ഷ പെൺകുട്ടി” എന്ന പേരിൽ വൈറലായ വീഡിയോകളിൽ കൂടി, അവളുടെ കണ്ണുകളും, സെൻസേഷനായി മാറി. അവളെ കാണാനും സെൽഫി എടുക്കാനും ആളുകൾ തിരക്ക് കൂട്ടാൻ തുടങ്ങി. ആൾക്കാരുടെ ഉപദ്രവം കൂടിയപ്പോൾ. അച്ഛന് അവളെ വീട്ടിലേക്ക് തിരികെ അയയ്ക്കേണ്ടി വന്നു. ആ സംഭവം അവളുടെ ജീവിതത്തിൽ വഴിത്തിരിവായി. ഇന്ത്യയൊട്ടാകെ കിട്ടിയ പ്രശസ്തിയ്ക്ക് പുറമെ ഉദ്ഘാടനങ്ങൾക്ക് മുഖ്യാതിഥി ആയി പോകാനും, സിനിമയിൽ അഭിനയിക്കാനുള്ള അവസരങ്ങളും അവളെ തേടിയെത്തി. സനോജ് മിശ്ര എന്ന സംവിധായകന്റെ “ദി ഡയറി ഓഫ് മണിപ്പൂർ” എന്ന സിനിമയിൽ അവൾ നായികയായി. (ഇന്ത്യയിൽ ഇപ്പോൾ ഇറങ്ങുന്ന സംഘ്പരിവാർ പ്രൊപ്പഗാന്റ മോഡലിലുള്ള ഈ സിനിമ). ബിനു വർഗീസ് സംവിധാനം ചെയ്ത ‘നാഗമ്മ’ എന്ന മലയാളം സിനിമയിലും അവൾ നായികാവേഷം ചെയ്യുന്നുണ്ട്.
സോഷ്യൽ മീഡിയയിൽ കൂടിയാണ് മൊണാലിസ നടനും, സിനിമ പ്രവർത്തകനുമായ ഫർമാൻ ഖാനെ പരിചയപ്പെടുന്നത്. ഉത്തര്‍പ്രദേശിലെ ബാഘ്പട് സ്വദേശിയായ ഫർമാൻ ഖാനാണ് നാഗമ്മ എന്ന സിനിമയിൽ വില്ലന്റെ റോൾ ചെയ്തിരുന്നത്. അവരുടെ പ്രണയം കൂടുതൽ ദൃഢമായി. മുസ്ലിമായ ഫർമാനെ മകൾ വിവാഹം കഴിയ്ക്കുന്നതിനെ പിതാവ് എതിർത്തു. ഫർമാന്റെ കുടുംബവും മകൻ ഒരു ഹിന്ദു പെൺകുട്ടിയെ വിവാഹം കഴിക്കുന്നതിനെ അനുകൂലിച്ചില്ല. വീട്ടുകാരുടെ സമ്മർദം കൂടിയപ്പോൾ മൊണാലിസ ഫർമാന്റെ കൂടെ ഇറങ്ങിപ്പോകാൻ തീരുമാനിച്ചു. അവർ രണ്ടുപേരും തിരുവനന്തപുരത്ത് തമ്പാനൂർ പൊലീസ് സ്റ്റേഷനിൽ അഭയം പ്രാപിച്ചു. താനും ഫർമാനും പ്രണയത്തിലാണെന്നും, അച്ഛൻ തന്റെ സമ്മതമില്ലാതെ മറ്റൊരാളെ വിവാഹം കഴിപ്പിയ്ക്കാൻ ശ്രമിക്കുകയാണെന്നും നിയമത്തിന്റെ സംരക്ഷണം വേണമെന്നുമായിരുന്നു മൊണാലിസ പൊലീസിന് നൽകിയ പരാതി. ഇത്തരം കേസുകളിൽ നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങളാണ് പൊലീസ് ചെയ്തത്. ആദ്യമേ മൊണാലിസയുടെ പിതാവിനെ വരുത്തി. താൻ മൊണാലിസയുടെ പിതാവ് ആണെന്ന് തെളിയിക്കാൻ അദ്ദേഹം നൽകിയ ജനനസർട്ടിഫിക്കറ്റ്, മൊണാലിസയുടെ ആധാർകാർഡ്, പാൻ കാർഡ് എന്നീ രേഖകൾ പൊലീസ് ഡിജിറ്റലായും പരിശോധിച്ചു. ആ രേഖകൾ പ്രകാരം മൊണാലിസയുടെ ജന്മദിനം 2008 ജനുവരി ഒന്നായിരുന്നു. അതുപ്രകാരം അവൾക്ക് 18 വയസ് കഴിഞ്ഞതാണെന്നും, നിയമപരമായി പ്രായപൂർത്തിയായ വ്യക്തിക്ക് അവരുടെ ഇഷ്ടപ്രകാരമുള്ള ആളെ വിവാഹം കഴിക്കാമെന്നും അറിയിച്ചു. മൊണാലിസയും, ഫർമാൻ ഖാനും അരുമാനൂർ ശ്രീ നൈനാൻ ദേവക്ഷേത്രത്തിൽ വച്ച് ഹിന്ദു ആചാരപ്രകാരം വിവാഹിതരായി. വിവാഹശേഷം പൂവാർ പഞ്ചായത്തിൽ വിവാഹം നിയമപ്രകാരം രജിസ്റ്റര്‍ ചെയ്തു. സംസ്ഥാന റവന്യു വകുപ്പിന്റെ കെ-സ്മാർട്ട് സംവിധാനം വഴി ഓൺലൈനായി വിവാഹ സർട്ടിഫിക്കറ്റും താമസിയാതെ അവർക്ക് ലഭിച്ചു.
കെ-സ്മാർട്ട് ആപ്പ് നാഷണൽ രജിസ്ട്രേഷനുമായി ബന്ധിക്കപ്പെട്ടതാണ്. അതിൽ ഏതെങ്കിലും ഡാറ്റ കൊടുക്കുമ്പോൾ, അത് ഓട്ടോമാറ്റിക്ക് ആയി ദേശീയ രജിസ്ട്രേഷൻ ഡാറ്റയുമായി ഒത്തുനോക്കി പരിശോധിക്കപ്പെടുന്നു. പ്രായം തെളിയിക്കാൻ നൽകിയ രേഖകൾ, ഇത്തരത്തിൽ ദേശീയ ഡിജിറ്റൽ രേഖകളുമായി ഒത്തുനോക്കി പരിശോധിച്ച്, അതിൽ കൃത്രിമം നടന്നിട്ടില്ല എന്ന് വ്യക്തമായാൽ മാത്രമേ വിവാഹം രജിസ്റ്റർ ചെയ്യാൻ സാധിയ്ക്കുകയുള്ളൂ. മൊണാലിസയുടെ വിവാഹം അങ്ങനെ രജിസ്റ്റർ ചെയ്യപ്പെട്ടു എന്നത് തന്നെ, അവർ നൽകിയ രേഖകൾ എല്ലാം ഒറിജിനൽ ആയിരുന്നു എന്നതിന്റെ തെളിവാണ്.
എന്തായാലും ഈ വിവാഹം മതഭ്രാന്തമാരെയും, സംഘ്പരിവാറിനെയും ചൊടിപ്പിച്ചു. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും അധിക്ഷേപവും, വധഭീക്ഷണിയും വരെ നേരിട്ട ദമ്പതികൾ സർക്കാരിന്റെ സംരക്ഷണം തേടുകയും ചെയ്തിട്ടുണ്ട്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നിന്നുള്ള സാമൂഹിക പ്രവർത്തകനും, അഭിഭാഷകനുമായ പ്രീതം ദുബെ എന്ന ബിജെപി നേതാവ്, ഈ വിവാഹത്തിനെതിരെ സമർപ്പിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ദേശീയ ഷെഡ്യൂൾഡ് ട്രൈബ് കമ്മിഷൻ കേസെടുത്തു. ഈ വിവാഹം വെറുമൊരു സ്വകാര്യ കാര്യമല്ലെന്നും, ലൗ ജിഹാദ് എന്നതിന്റെ നിലനില്പ് നിഷേധിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്നും, വിവാഹത്തിൽ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ സജീവ പങ്കാളിത്തവും, പോപ്പുലർ ഫ്രണ്ട് പോലുള്ള സംഘടനകളുടെ ഗൂഢാലോചനയും ഉണ്ടെന്നും ഒക്കെ ആയിരുന്നു ദുബെ പരാതിയിൽ ആരോപിച്ചത്. എൻസിഎസ്‌ടി ഡയറക്ടർ പി കല്യാൺ റെഡ്ഡി, കമ്മിഷന്റെ നിയമോപദേഷ്ടാവ് പ്രകാശ് കുമാർ എന്നിവരടങ്ങുന്ന രണ്ടംഗ അന്വേഷണ സമിതി കേരളവും, മധ്യപ്രദേശിലെ മഹേശ്വർ ജില്ലയും സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിച്ചു. ആശുപത്രി രേഖകളില്‍ മോണലിസയുടെ ജനനം നടന്നത് 2009 ഡിസംബർ 30ന് ആണെന്നും, അതിനാൽ അവൾ മൈനർ ആണെന്നും ആയിരുന്നു കമ്മിഷന്റെ ‘കണ്ടുപിടിത്തം’. അതോടെ ഫർമാൻ ഖാനെതിരെ പോസ്കോ നിയമപ്രകാരം കേസെടുക്കാൻ കമ്മിഷൻ ഉത്തരവിട്ടു. മധ്യപ്രദേശ് പൊലീസ് ഫർമാൻ ഖാനെതിരെ ലൈംഗിക കുറ്റകൃത്യങ്ങളിൽ നിന്നുള്ള കുട്ടികളുടെ സംരക്ഷണം (പോക്സോ) നിയമപ്രകാരവും, മൈനറിനെ തട്ടിക്കൊണ്ടു പോകൽ കേസും ഫയൽ ചെയ്തു. മധ്യപ്രദേശ് ബിജെപി സർക്കാർ ഒരു പടി കൂടി കടന്ന്, മോണാലിസയുടെ ജനന സർട്ടിഫിക്കറ്റ് തന്നെ റദ്ദ് ചെയ്ത് ഉത്തരവ് ഇറക്കിയിട്ടുണ്ട്. അവിടെ വോട്ടർപട്ടികയിൽ അവളുടെ പേരുള്ളപ്പോൾ ആയിരുന്നു ഇതെന്ന് ഓർക്കുക. മധ്യപ്രദേശ് കേസുകളുമായി ബന്ധപ്പെട്ട് ദമ്പതികളുടെ അറസ്റ്റ് കേരള ഹൈക്കോടതി സ്റ്റേ ചെയ്തിട്ടുണ്ട്.
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ നിയമവിരുദ്ധ വിവാഹത്തിന് അവർ സൗകര്യമൊരുക്കിയെന്ന് ആരോപിച്ച് മന്ത്രി വി ശിവൻകുട്ടി, സിപിഐ(എം) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ, എ എ റഹീം എംപി എന്നിവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ദേശീയ വനിതാ കമ്മിഷൻ ഉപദേശക സമിതി അംഗമായ ജി അഞ്ജന ദേവി എന്ന ബിജെപി നേതാവും മധ്യപ്രദേശ് മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടുണ്ട്. ഒരു കാര്യം തീർച്ചയാണ്. കേരളത്തിൽ ആയതുകൊണ്ട് മാത്രമാണ് ഈ ദമ്പതികൾ ഇപ്പോഴും ജീവനോടെയിരിക്കുന്നത്. വടക്കേ ഇന്ത്യയിൽ ആയിരുന്നുവെങ്കിൽ എന്നേ ജീവഹാനി സംഭവിക്കുകയോ, ലൗ ജിഹാദ് എന്ന പേരിൽ ജയിലിൽ അടയ്ക്കപ്പെടുകയോ ചെയ്യുമായിരുന്നു. മിശ്രവിവാഹങ്ങളെ ഇല്ലാതാക്കുക എന്നത് സംഘ്പരിവാറിന്റെ എക്കാലത്തെയും വലിയ അജണ്ടകളിൽ ഒന്നാണ്. മനുഷ്യർ മതവും ജാതിയും നോക്കാതെ വിവാഹം കഴിക്കാനും ഒരുമിച്ചു ജീവിക്കാനും തുടങ്ങിയാൽ, തങ്ങളുടെ അടിത്തറയായ വർഗീയതയും ഉന്നതജാതി മേധാവിത്വവും വംശീയ ശുദ്ധതാവാദവും തകരുമെന്ന് അവർ ഭയക്കുന്നു. അതിനായി ലൗ ജിഹാദ് എന്ന നുണ പരത്തി മിശ്രവിവാഹങ്ങളെ തകർക്കുക എന്നത് അവരുടെ അജണ്ടയാണ്. സംഘടിത ആക്രമണങ്ങൾ നടത്തിയും സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തും അവർ അതിനായി പരിശ്രമിക്കുന്നു. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മൊണാലിസ നേരിടുന്ന വെല്ലുവിളികൾ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment