ഉത്തർപ്രദേശിലെ നോയിഡയിൽ വേതന വർധന ഉൾപ്പെടെ ആവശ്യങ്ങൾ ഉന്നയിച്ചുള്ള തൊഴിലാളി സമരം തുടരുകയാണ്. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചുള്ള പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള ആദിത്യനാഥ് സർക്കാരിന്റെ നീക്കം പലയിടങ്ങളിലും സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് നടപടിയെ തുടർന്ന് നിരവധി തൊഴിലാളികൾക്ക് പരിക്കേൽക്കാനിടയാക്കുകയും ചെയ്തു. അറസ്റ്റ് ചെയ്യപ്പെട്ട നൂറുകണക്കിന് തൊഴിലാളികൾ ജയിലിലുമാണ്. വേതന വർധന, തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തൽ, മറ്റു ആനുകൂല‍്യങ്ങൾ ഉറപ്പാക്കുക തുടങ്ങിയവയാണ് സമരക്കാർ ഉന്നയിക്കുന്ന പ്രധാന ആവശ‍്യങ്ങൾ. കുറഞ്ഞത് 20,000 രൂപ എങ്കിലും പ്രതിമാസ ശമ്പളം വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഏപ്രിൽ ഒമ്പത് മുതൽ ആരംഭിച്ച സമരം ശക്തമായി തുടരുകയാണ്. മാത്രവുമല്ല നോയിഡയ്ക്ക് പുറമേ ദേശീയ തലസ്ഥാന മേഖലയുടെ (എൻസിആർ) മറ്റ് ഭാഗങ്ങളിലും വിവിധ ഫാക്ടറികളിലും നിർമ്മാണ യൂണിറ്റുകളിലുമുള്ള ആയിരക്കണക്കിന് തൊഴിലാളികളും പണിമുടക്കിന്റെ ഭാഗമായി. നോയിഡയിൽ മാത്രം 80ലധികം വ്യത്യസ്ത സ്ഥലങ്ങളിൽ നടന്ന പ്രതിഷേധങ്ങളിലും പണിമുടക്കുകളിലും 42,000ൽ അധികം തൊഴിലാളികൾ പങ്കെടുത്തതായാണ് യുപി സർക്കാർ വൃത്തങ്ങളുടെ നിഗമനം. പ്രക്ഷോഭം നേരിടുന്നതിനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങൾ പല സ്ഥലങ്ങളിലും പ്രകടനങ്ങൾ അക്രമാസക്തമാകുന്നതിനും കാരണമായി. ലാത്തിച്ചാർജ് ഉൾപ്പെടെയുള്ള നടപടികളിലൂടെ അടിച്ചമർത്തുന്നതിനുള്ള ശ്രമങ്ങളും നടത്തുന്നു. ഇതിനകം 500ഓളം പേരെ അറസ്റ്റ് ചെയ്യുകയും നിരവധി പേർക്ക് ലാത്തിച്ചാർജിൽ പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റ് ചെയ്ത തൊഴിലാളികൾക്കെതിരെ കസ്റ്റഡി പീഡനം നടന്നതായും തൊഴിലാളി നേതാക്കൾ കുറ്റപ്പെടുത്തുന്നു.
പ്രക്ഷോഭം ശക്തമായതിനെ തുടർന്ന് സംസ്ഥാന സർക്കാർ നേരിയ വേതന വർധന പ്രഖ്യാപിച്ചെങ്കിലും അംഗീകരിക്കാൻ തയ്യാറാകാതെ സമരം തുടരുകയായിരുന്നു. സംസ്ഥാന സർക്കാർ ഗാസിയാബാദ്, നോയിഡ എന്നീ രണ്ട് ജില്ലകളിലെ അവിദഗ്ധ തൊഴിലാളികളുടെ കുറഞ്ഞ വേതനത്തിൽ 21%, സംസ്ഥാനത്തെ മറ്റ് നഗരപ്രദേശങ്ങളിലെ അവിദഗ്ധ തൊഴിലാളികൾക്ക് 15% വർധനവാണ് പ്രഖ്യാപിച്ചത്. ശേഷിക്കുന്ന പ്രദേശങ്ങളിൽ വെറും 9% വർധനവ് മാത്രമേ ഉണ്ടാകൂ. ഇതനുസരിച്ച് നോയിഡയിലെയും ഗാസിയാബാദിലെയും വിദഗ്ധ തൊഴിലാളികളുടെ പ്രതിമാസ വേതനം 13,940ൽ നിന്ന് 16,868, പ്രതിമാസം 12,445 ലഭിച്ചിരുന്ന സെമി-സ്കിൽഡ് തൊഴിലാളികൾക്ക് ഇനി 15,059, അവിദഗ്ധ തൊഴിലാളികളുടേത് 11,313ൽ നിന്ന് 13,690 ആയുമാണ് ഉയർത്തിയത്. ഇത് തീരെ അപര്യാപ്തമാണെന്നതിനാലാണ് പ്രക്ഷോഭം നടത്തുന്ന തൊഴിലാളികളും എല്ലാ പ്രധാന ട്രേഡ് യൂണിയനുകളും സർക്കാർ വാഗ്ദാനം നിരസിച്ച് സമരത്തിൽ ഉറച്ചുനിൽക്കുന്നത്.
എഐടിയുസി ഉൾപ്പെടെ പ്രമുഖ തൊഴിലാളി സംഘടനകളെല്ലാം സമരത്തെ പിന്തുണച്ച് രംഗത്തെത്തുകയും എല്ലാ സഹായങ്ങളും നൽകുകയും ചെയ്യുന്നുണ്ട്. തൊഴിലാളി സമരത്തെ അടിച്ചമർത്താനുള്ള നീക്കം അപലപനീയമാണെന്ന് എഐടിയുസി ജനറൽ സെക്രട്ടറി അമർജീത് കൗർ പറഞ്ഞു. മിനിമം വേതനം ഉയർത്തുക, എട്ട് മണിക്കൂർ ജോലി സമയക്രമം പാലിക്കുക, അധിക ജോലിക്ക് നിയമപ്രകാരം ഇരട്ടി നിരക്കിൽ വേതനം നൽകുക, ജോലിസ്ഥല സുരക്ഷ, സാമൂഹിക സുരക്ഷ എന്നിവ ഉറപ്പുവരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നടക്കുന്ന തൊഴിലാളി പ്രക്ഷോഭത്തെ യുപി സംസ്ഥാന സർക്കാർ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് അവർ കുറ്റപ്പെടുത്തി. അടിസ്ഥാന അവശ്യവസ്തുക്കളുടെ വിലയിൽ ഗണ്യമായ വർധനയുണ്ടായിട്ടും 10 വർഷമായി പല സംസ്ഥാനങ്ങളിലും മിനിമം വേതനം പരിഷ്കരിച്ചിട്ടില്ലെന്നതാണ് വസ്തുത. മിക്ക വ്യാവസായിക കേന്ദ്രങ്ങളിലും, കരാർ തൊഴിലാളികൾ അടിസ്ഥാന സൗകര്യങ്ങളില്ലാത്ത അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കേണ്ടി വരുന്ന കുടിയേറ്റ തൊഴിലാളികളാണ്. ഈ പ്രക്ഷോഭം ഒറ്റപ്പെട്ടതല്ലെന്നും അമർജീത് പറഞ്ഞു. ബരൗണി റിഫൈനറി പ്രദേശങ്ങളിലെ ആയിരക്കണക്കിന് കരാർ തൊഴിലാളികൾ സമാനമായ പ്രക്ഷോഭത്തിലേക്ക് നീങ്ങി. തുടർന്ന് പാനിപ്പത്തിൽ ആയിരക്കണക്കിന് തൊഴിലാളികൾ പ്രക്ഷോഭം നടത്തി. സൂറത്തിലും സമാന പ്രതിഷേധങ്ങൾ നടന്നു, മാർച്ച് അവസാനം മനേസറിലും തൊഴിലാളികൾ തെരുവിലിറങ്ങി പ്രക്ഷോഭം ആരംഭിച്ചു. തൊഴിൽ നിയമ ലംഘനങ്ങൾ ജോലിസ്ഥലങ്ങളിൽ ഒരു സാധാരണ സംഭവമാണെന്നും അവർ പറഞ്ഞു.
തൊഴിലിടങ്ങളിലെ ഗുരുതരമായ പ്രശ്നങ്ങൾ പൊതുസമൂഹത്തിന്റെയും അധികൃതരുടെയും ശ്രദ്ധയിൽക്കൊണ്ടുവരുന്നതിന് നോയിഡയിലെയും എൻസിആറിലെയും തൊഴിലാളി പ്രക്ഷോഭം ഇടയാക്കിയിട്ടുണ്ട്. നോയിഡയിലെ മിക്ക അവിദഗ്ധ, വിദഗ്ധ തൊഴിലാളികളുടെയും പ്രതിമാസ വേതനം ഇപ്പോഴും 15,000 രൂപയിൽ താഴെയാണ്. കേന്ദ്ര തൊഴിലാളി സംഘടനകൾ ദീർഘകാലമായി ഉന്നയിക്കുന്ന കുറഞ്ഞ വേതനം 26,000 രൂപയാണെന്നിരിക്കെയാണ് അതിന്റെ പകുതിയോളം തുകയ്ക്ക് ഇപ്പോഴും തൊഴിലാളികൾക്ക് ജോലിയെടുക്കേണ്ടിവരുന്നത്.
കരാർ തൊഴിലാളികളാകട്ടെ 10,000–12,000 രൂപ വേതനത്തിന് 10–13 മണിക്കൂർ ജോലി ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നു. ഓവർടൈം, ആഴ്ചയിലെ വിശ്രമാവധി, ഇഎസ്ഐ, പ്രോവിഡന്റ് ഫണ്ട്, ബോണസ് എന്നിങ്ങനെ അടിസ്ഥാന സുരക്ഷ പോലും നിഷേധിക്കപ്പെടുന്നു. ഉത്തർപ്രദേശ് സർക്കാർ 2014 മുതൽ സംസ്ഥാനത്തെ മിനിമം വേതനം പരിഷ്കരിച്ചിട്ടുമില്ല. കൂടാതെ തൊഴിലാളികളുടെ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയാൽ ഒരു നടപടിയും സ്വീകരിക്കുന്നുമില്ല. പരിശോധനകൾ നടക്കാറില്ല. ജോലിസ്ഥല സുരക്ഷാ വീഴ്ചയുടെ ഫലമായി വിലപ്പെട്ട ജീവൻ നഷ്ടപ്പെടുകയും നിരവധി പേർക്ക് തൊഴിൽ ശേഷി നഷ്ടപ്പെടുകയും ചെയ്യുന്നു. യൂണിയനുകൾ അനുവദിക്കാറില്ല. ആരെങ്കിലും യൂണിയനുകളുമായി ബന്ധപ്പെട്ടെന്ന് മനസിലാക്കിയാൽ പോലും ജോലി നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഒരു തരത്തിൽ തൊഴിൽ അവകാശങ്ങളുടെ പൂർണ നിഷേധമാണ് ഈ വൻകിട വ്യവസായ മേഖലയിൽ നടക്കുന്നത്. ഈ സാഹചര്യത്തിലാണ് തൊഴിലാളികൾ വിവിധ സംഘടനകളുടെ പിന്തുണയോടെ പ്രക്ഷോഭത്തിനിറങ്ങിയിരിക്കുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment