Related News

വാൽപ്പാറയിലെ വാഹനാപകടം; മരണം ഒൻപത് ആയി

Janayugom
Developer Admin

പൊള്ളാച്ചി വാൽപ്പാറ ചുരത്തിൽ മിനി വാൻ മറിഞ്ഞ് ഒമ്പതുപേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു. മരിച്ചവരിൽ ഏഴുപേർ സ്ത്രീകളും രണ്ടുപേർ കുട്ടികളുമാണ്.
മലപ്പുറം വളാഞ്ചേരിക്ക് സമീപം പാങ്ങ് പാറമ്മൽ ജിഎൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. വാൽപ്പാറയിൽനിന്ന് പൊള്ളാച്ചിയിലേക്ക് പോകുന്നതിനിടെ ഇന്ന് വൈകിട്ടോടെയാണ് അപകടം. 13-ാം ഹെയർ പിൻ വളവിൽനിന്ന് നിയന്ത്രണം വിട്ട് സുരക്ഷ ഭിത്തിയിൽ ഇടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ വാൻ 11-ാം വളവിലാണ് വന്ന് പതിച്ചത്. പാങ്ങ് ജിഎൽപി സ്കൂൾ എച്ച്എം പുലാന്തോൾ പാലൂർ പരുത്തിയിൽ അജിത (54), റംല (52), സുഹറ (43), ആശ (41), മജീദ് (43), സാജിത (45), ഷക്കീല (37), നൗഷാദ് (39), റുഖിയ (39), ഹിഷാം (12), ഷഹദിൻ (11), മസീൻ (10) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്. മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയായ മുഹമ്മദ് ഫായിസ് (21) ആണ് വാഹനം ഓടിച്ചിരുന്നത്.

പൊള്ളാച്ചി-വാൽപ്പാറ റോഡിലെ 13-ാം ഹെയർപിൻ വളവിൽ വച്ച് നിയന്ത്രണം വിട്ട മിനിവാൻ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച ശേഷം സംരക്ഷണ ഭിത്തി തകർത്ത് കൊക്കയിലേക്ക് മറിയുകയായിരുന്നു. പുലർച്ചെ മൂന്ന് മണിയോടെ മലപ്പുറം കോളത്തൂർ സ്റ്റേഷൻ പരിധിയിൽ നിന്നാണ് സംഘം വിനോദയാത്ര തിരിച്ചത്. ചാലക്കുടി ‑അതിരപ്പിള്ളി — മലക്കപ്പാറ വഴിയാണ് സംഘം വാൽപ്പാറയിലെത്തിയത്. ഒരു ദിവസത്തെ യാത്ര കഴിഞ്ഞ് രാത്രിയോടെ മടങ്ങിയെത്താനായിരുന്നു സംഘം തീരുമാനിച്ചിരുന്നത്. അപകടത്തില്‍ വാഹനം പൂർണമായും തകർന്നു. നാട്ടുകാരും പൊലീസും അഗ്നിരക്ഷാസേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഡ്രൈവറടക്കം 13 പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റവരെ പൊള്ളാച്ചിയിലെ ആശുപത്രികളിലേക്ക് മാറ്റി. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. 40 ഹെയർപിൻ വളവുകളാണ് വാൽപ്പാറ ചുരത്തിലുള്ളത്. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി പൊള്ളാച്ചി ജില്ലാ ആശുപത്രിയിലേക്കു മാറ്റി. സംഭവത്തിൽ തമിഴ്‌നാട് പൊലീസ് അന്വേഷണം ആരംഭിച്ചു. വാൽപ്പാറയിൽ ഉണ്ടായ ദാരുണമായ അപകടത്തിൽ യാത്രികർക്ക് ജീവൻ നഷ്ടപ്പെട്ടത് ഏറെ ദുഃഖകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ ആഴത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരിച്ചവരുടെ കുടുംബങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ സർക്കാർ നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംഭവത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി.

രക്ഷാപ്രവർത്തനത്തിന് മലപ്പുറത്ത് നിന്ന് വിദഗ്ധ സംഘം

വാല്‍പ്പാറ വാഹനാപകടത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനായി മലപ്പുറം ജില്ലാ കളക്ടർ ഡോ. വിനയ് ഗോയൽ, കോയമ്പത്തൂർ കളക്ടർ പവൻ കുമാർ ജി ഗിരിയപ്പനവറുമായി ബന്ധപ്പെട്ട് അപകടത്തില്‍പ്പെട്ടവർക്കുള്ള അടിയന്തര സഹായം ഉറപ്പാക്കി. മരിച്ചവരുടെ മൃതദേഹം ഉടൻ നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ സ്വീകരിക്കും. പരിക്കേറ്റവർക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കും.
മലപ്പുറത്ത് നിന്ന് പെരിന്തൽമണ്ണ സബ് കളക്ടർ സാക്ഷി മോഹന്റെ നേതൃത്വത്തിൽ തഹസിൽദാർ അടങ്ങുന്ന റവന്യു സംഘം, ജൂനിയർ അഡ്മിനിസ്ട്രേറ്റീവ് മെഡിക്കൽ ഓഫിസര്‍ ഡോ. ജെ മാത്യുവിന്റെ നേതൃത്വത്തിൽ മെഡിക്കൽ ടീം, പൊലീസ് എന്നിവരടങ്ങുന്ന പ്രത്യേക സംഘം, പാലക്കാട് നിന്ന് മെഡിക്കൽ ടീം, എഡിഎം, രണ്ട് റവന്യു ഉദ്യോഗസ്ഥർ, പൊലീസ് എന്നിവരടങ്ങുന്ന ടീം പൊള്ളാച്ചിയിലേക്ക് പുറപ്പെട്ടു. ഇവർ തുടർനടപടികൾക്കു മേൽനോട്ടം വഹിക്കും. പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന പൊള്ളാച്ചി സർക്കാർ ആശുപത്രിയിലും കോയമ്പത്തൂർ മെഡിക്കൽ കോളജിലും ഡോക്ടർമാരുടെ സേവനവും ക്രിട്ടിക്കൽ കെയർ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്.

Previous
ഷറഫുദീൻ നായകനായ ഫാമിലി റോം-കോം എന്റെർറ്റൈനെർ “മധുവിധു” ട്രെയ്‌ലർ പുറത്ത്; ചിത്രത...
Next
നോയിഡയിലെ തൊഴിലാളി പ്രക്ഷോഭം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment