പശ്ചിമേഷ്യൻ സംഘർഷങ്ങളെത്തുടർന്ന് വിമാന ഇന്ധന വിലയിലുണ്ടായ വൻ വർധനവ് ആഗോള വ്യോമയാന മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു. പ്രവർത്തനച്ചെലവ് കുത്തനെ ഉയർന്നതോടെ ഇന്ത്യയുൾപ്പെടെയുള്ള പ്രമുഖ വിപണികളിലെ വിമാനക്കമ്പനികൾ സർവീസുകൾ വെട്ടിക്കുറയ്ക്കാനും യാത്രാ ഷെഡ്യൂളുകൾ പുനഃക്രമീകരിക്കാനും നിർബന്ധിതരായി. ഇന്ത്യയിലെ പ്രമുഖ വിമാനക്കമ്പനികളായ എയർ ഇന്ത്യയും ഇൻഡിഗോയും തങ്ങളുടെ അന്താരാഷ്ട്ര സർവീസുകളിൽ വലിയ കുറവ് വരുത്തിയിട്ടുണ്ട്.
ജൂൺ, ജൂലൈ മാസങ്ങളിലെ അന്താരാഷ്ട്ര സർവീസുകൾ വെട്ടിക്കുറയ്ക്കാൻ എയർ ഇന്ത്യ തീരുമാനിച്ചു. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്‌ട്രേലിയ തുടങ്ങിയ ദീർഘദൂര റൂട്ടുകളെയാണ് ഇത് പ്രധാനമായും ബാധിക്കുക. പ്രതിദിനം ഏകദേശം 100 വിമാനങ്ങൾ (ആകെ ഷെഡ്യൂളിന്റെ 10 ശതമാനം) റദ്ദാക്കാനാണ് കമ്പനിയുടെ നീക്കം. ഫെബ്രുവരിയിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോൾ മെയ് മാസത്തിൽ തങ്ങളുടെ അന്താരാഷ്ട്ര ശേഷിയിൽ 17 ശതമാനം കുറവാണ് ഇൻഡിഗോ വരുത്തിയിരിക്കുന്നത്.
അമേരിക്കൻ വിപണിയിലും ഇന്ധനവില വർധന വലിയ ആഘാതമുണ്ടാക്കി. 34 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള യുഎസിലെ സ്പിരിറ്റ് എയർലൈൻസ് കടബാധ്യതയും ഇന്ധനച്ചെലവും താങ്ങാനാവാതെ പ്രവർത്തനം അവസാനിപ്പിച്ചു. ജെറ്റ് ബ്ലൂ, എയർ ഫ്രാൻസ്-കെഎൽഎം, ലുഫ്താൻസ തുടങ്ങിയ പ്രമുഖ കമ്പനികളും തങ്ങളുടെ ലാഭവിഹിതത്തിൽ കുറവുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏഷ്യ‑പസഫിക് മേഖലയിൽ എയർ ഏഷ്യ, കാഥേ പസഫിക് എന്നിവ ഇന്ധന സർചാർജ് വർധിപ്പിക്കുകയോ സർവീസുകൾ കുറയ്ക്കുകയോ ചെയ്തു.
ഒരു വിമാനക്കമ്പനിയുടെ പ്രവർത്തനച്ചെലവിന്റെ 35 മുതൽ 40 ശതമാനം വരെ വിമാന ഇന്ധനത്തിനായാണ് ചെലവാകുന്നത്. ഇന്ത്യയെപ്പോലെ നികുതി നിരക്ക് കൂടുതലുള്ള രാജ്യങ്ങളിൽ ഇന്ധനവില വർധിക്കുന്നത് വിമാനക്കമ്പനികളുടെ ലാഭത്തെ നേരിട്ട് ബാധിക്കുന്നു. പ്രതിസന്ധി മറികടക്കാൻ വിമാനക്കമ്പനികൾ ബേസ് ഫെയറിലും സർചാർജുകളിലും വർധനവ് വരുത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കിൽ 15 മുതല്‍ 20 ശതമാനം വർധനവുണ്ടായി. ദീർഘദൂര റൂട്ടുകളിലെ ടിക്കറ്റ് നിരക്കിലും വലിയ വർധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ധനക്ഷമതയുള്ള ചെറിയ വിമാനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ ഈ സാഹചര്യം കമ്പനികളെ പ്രേരിപ്പിക്കുന്നുവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment