കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഖാലിസ്ഥാനി തീവ്രവാദികൾ രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് കാനഡയുടെ രഹസ്യാന്വേഷണ ഏജൻസിയായ കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ്. വെള്ളിയാഴ്ച പുറത്തിറക്കിയ 2025ലെ പബ്ലിക് റിപ്പോർട്ടിലാണ് ഈ നിർണ്ണായക വെളിപ്പെടുത്തലുള്ളത്. തീവ്രവാദ അജണ്ടകൾ പ്രചരിപ്പിക്കുന്നതിനായി ഈ ഗ്രൂപ്പുകൾ കാനഡയിലെ സ്ഥാപനങ്ങളെ ദുരുപയോഗം ചെയ്യുന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.
കാനഡ ആസ്ഥാനമായുള്ള ഖാലിസ്ഥാനി തീവ്രവാദികൾ കനേഡിയൻ താൽപ്പര്യങ്ങൾക്ക് വലിയ വെല്ലുവിളിയാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാനഡയുടെ ചരിത്രത്തിലെ ഏറ്റവും ഭീകരമായ തീവ്രവാദ ആക്രമണമായ, എയർ ഇന്ത്യ വിമാനം (ഫ്‌ളൈറ്റ് 182) ബോംബ് വെച്ച് തകർത്തതിന്റെ 40-ാം വാർഷിക വേളയിലാണ് ഈ റിപ്പോർട്ട് പുറത്തുവരുന്നത്. 329 പേരുടെ ജീവനെടുത്ത ആ ആക്രമണത്തിന് പിന്നിൽ ഖാലിസ്ഥാനി തീവ്രവാദികളായിരുന്നു. അതേസമയം, ഖാലിസ്ഥാൻ രൂപീകരണത്തിനായി സമാധാനപരമായ രീതിയിൽ പ്രചാരണം നടത്തുന്നതിനെ തീവ്രവാദമായി കാണുന്നില്ലെന്നും ഇന്ത്യയിൽ അക്രമം പ്ലാൻ ചെയ്യുകയും അതിനായി ഫണ്ട് കണ്ടെത്തുകയും ചെയ്യുന്ന ചെറിയൊരു വിഭാഗത്തെയാണ് തീവ്രവാദികളായി കണക്കാക്കുന്നതെന്നും റിപ്പോർട്ട് വിശദീകരിക്കുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment