പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോൾ ഫലങ്ങൾ തള്ളി മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനത്ത് തൃണമൂൽ കോൺഗ്രസ് (ടിഎംസി) 226ലധികം സീറ്റുകൾ നേടി സർക്കാർ രൂപീകരിക്കുമെന്ന് മമത വീഡിയോ സന്ദേശത്തിലൂടെ അവകാശപ്പെട്ടു. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിയും ടിഎംസിയും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടം പ്രവചിക്കുന്ന പശ്ചാത്തലത്തിലാണ് മമതയുടെ പ്രതികരണം.
എക്സിറ്റ് പോൾ കണക്കുകൾ ബിജെപി ഓഫീസിൽ നിന്ന് വരുന്നതാണെന്നും ടിഎംസി പ്രവർത്തകരുടെ മനോവീര്യം തകർക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും മമത കുറ്റപ്പെടുത്തി. യഥാർത്ഥ കണക്കുകൾ പുറത്തുവന്നാൽ ഓഹരി വിപണി തകരുമെന്നും അവർ കൂട്ടിച്ചേർത്തു. വോട്ടെണ്ണൽ ദിനമായ മെയ് 4ന് പ്രവർത്തകർ അതീവ ജാഗ്രത പാലിക്കണമെന്നും ഇവിഎം സ്ട്രോങ്ങ് റൂമുകൾക്ക് കാവൽ നിൽക്കണമെന്നും അവർ നിർദ്ദേശിച്ചു.
സംസ്ഥാനത്തെ 294 സീറ്റുകളിലേക്ക് നടന്ന വോട്ടെടുപ്പിൽ ചാണക്യ സ്ട്രാറ്റജീസ്, മട്രിസ്, പി-മാർക്ക് തുടങ്ങിയ ഏജൻസികൾ ബിജെപിക്ക് ഭരണസാധ്യത പ്രവചിക്കുന്നുണ്ട്. പോൾസ് ഓഫ് പോൾസ് കണക്കുകൾ പ്രകാരം ഇരു പാർട്ടികൾക്കും 145 സീറ്റുകൾ വീതം ലഭിക്കാനാണ് സാധ്യത. എന്നാൽ ഒട്ടുമിക്ക സർവേകളും തൃണമൂലിന് 140 സീറ്റുകൾക്ക് അപ്പുറം നൽകുന്നില്ല. രണ്ട് ഘട്ടങ്ങളിലായി നടന്ന വോട്ടെടുപ്പിൽ 90 ശതമാനത്തിലേറെ പോളിംഗ് രേഖപ്പെടുത്തിയ ബംഗാളിൽ മെയ് നാലിനാണ് വിധി നിർണ്ണയം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment