പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെത്തുടർന്ന് ഇന്ത്യയിലെ വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഏപ്രിലിൽ വലിയ ഇടിവ് സിവിൽ ഏവിയേഷൻ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം, മാർച്ച് മാസത്തെ അപേക്ഷിച്ച് ആഭ്യന്തര, അന്താരാഷ്ട്ര വിമാനയാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ കുറവാണുണ്ടായത്.
ഏപ്രിലിൽ രാജ്യത്തെ ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്തത് ഏകദേശം 1.40 കോടി ആളുകളാണ്. മുൻ വർഷത്തെ അപേക്ഷിച്ച് നോക്കുമ്പോൾ ഇത് നാല് ശതമാനത്തിന്റെ കുറവാണ്. അന്താരാഷ്ട്ര യാത്രക്കാരുടെ കാര്യത്തിലാണ് വലിയ ഇടിവ് രേഖപ്പെടുത്തിയത്. മുൻ മാസത്തെ അപേക്ഷിച്ച് 20 ശതമാനത്തോളം കുറഞ്ഞ് യാത്രക്കാരുടെ എണ്ണം 28.3 ലക്ഷമായി ചുരുങ്ങി. പശ്ചിമേഷ്യൻ രാജ്യങ്ങളിലെ സംഘർഷം മൂലം വിമാന സർവീസുകൾ റദ്ദാക്കേണ്ടി വന്നതും റൂട്ടുകളിൽ മാറ്റം വരുത്തിയതുമാണ് യാത്രക്കാരുടെ എണ്ണം കുറയാൻ പ്രധാന കാരണമായത്.
പ്രതിസന്ധികൾക്കിടയിലും പശ്ചിമേഷ്യയിലെ വ്യോമയാന മേഖല പതിയെ സാധാരണ നിലയിലേക്ക് മടങ്ങിവരികയാണ്. യുഎഇ വ്യോമയാന അധികൃതർ വ്യോമഗതാഗത സേവനങ്ങൾ പൂർണമായും പുനഃസ്ഥാപിച്ചതായി അറിയിച്ചു. ഇതേത്തുടർന്ന് ഇന്ത്യൻ വിമാനക്കമ്പനികളും യുഎഇ വിമാനക്കമ്പനികളും സർവീസുകൾ വർധിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. സൗദി അറേബ്യ, ഒമാൻ, ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ എന്നിവിടങ്ങളിൽ നിന്നുള്ള വിമാന സർവീസുകൾ ഇപ്പോൾ തടസ്സമില്ലാതെ തുടരുന്നു. ഇറാഖ്, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളിലും പരിമിതമായ തോതിൽ സർവീസുകൾ പുനരാരംഭിച്ചിട്ടുണ്ട്. അതേസമയം, ഇറാനിലെ വ്യോമപാത ഭാഗികമായി മാത്രമാണ് തുറന്നിട്ടുള്ളത്. ചരക്ക് വിമാനങ്ങൾക്കും പ്രത്യേക വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ഇറാനിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരോട് അങ്ങോട്ടുള്ള യാത്രകൾ ഒഴിവാക്കാൻ വിദേശകാര്യ മന്ത്രാലയം കർശന നിര്‍ദേശം നൽകിയിട്ടുണ്ട്.
അവിടെയുള്ളവർക്ക് ഇന്ത്യൻ എംബസിയുടെ സഹായത്തോടെ കരമാർഗ്ഗം സുരക്ഷിതമായി മടങ്ങാൻ സൗകര്യമൊരുക്കുന്നുണ്ട്. ഇതുവരെ 2,500 ലധികം ഇന്ത്യക്കാർ ഈ സംവിധാനം ഉപയോഗപ്പെടുത്തി മടങ്ങിയതായാണ് റിപ്പോർട്ട്. സാഹചര്യം പൂർണ്ണമായും മാറിയിട്ടില്ലാത്തതിനാൽ, പശ്ചിമേഷ്യയിലേക്കുള്ള യാത്രകൾ ആസൂത്രണം ചെയ്യുന്നവർ വിമാനക്കമ്പനികളുമായി ബന്ധപ്പെട്ട് അപ്പപ്പോൾ വിവരങ്ങൾ ഉറപ്പുവരുത്തണമെന്ന് അധികൃതർ നിര്‍ദേശിച്ചു. കണക്റ്റിവിറ്റി ക്രമേണ മെച്ചപ്പെടുന്നുണ്ടെങ്കിലും, സുരക്ഷാ മുൻകരുതലുകൾ തുടരുമെന്നും വ്യോമയാന മന്ത്രാലയം വ്യക്തമാക്കി.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment