കഴിഞ്ഞ വര്‍ഷം ജൂണിലുണ്ടായ എയർ ഇന്ത്യ വിമാനാപകടത്തിന് കാരണം പൈലറ്റുമാരുടെ ഇടപെടലില്ലാതെ സംഭവിച്ച ഇന്ധന വിതരണ തടസമാണെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ പൈലറ്റ്‌സ് (എഫ്ഐപി). വിമാനം പറന്നുയരുന്നതിന് മുമ്പുണ്ടായ ഇലക്ട്രിക്കൽ തകരാര്‍ മൂലമാണ് ഇത്തരത്തില്‍ ഇന്ധന വിതരണം തടസപ്പെട്ടതെന്നും പൈലറ്റുമാരുടെ സംഘടന അവകാശപ്പെട്ടു. ലിഥിയം-അയൺ ബാറ്ററിയുടെ പ്രവർത്തനം, അസാധാരണമായ വോൾട്ടേജിലെ റിലേകളുടെ പ്രതികരണം, ബോയിങ് 787 ഡ്രീംലൈനറിന്റെ ഇലക്ട്രിക്കൽ ഘടന എന്നിവയിലെ പിഴവുകൾ സംബന്ധിച്ച് സ്വതന്ത്രമായ സാങ്കേതിക അന്വേഷണം വേണമെന്ന് സംഘടന കേന്ദ്ര വ്യോമയാന മന്ത്രാലയത്തോടും എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയോടും (എഎഐബി) ആവശ്യപ്പെട്ടു.
അപകടത്തിന് പിന്നിൽ പൈലറ്റുമാരാണെന്ന പ്രാഥമിക നിഗമനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് എഫ്‌ഐപി വിശദമായ സാങ്കേതിക റിപ്പോര്‍ട്ട് സമർപ്പിച്ചത്. ഐസിഎഒ മാനദണ്ഡങ്ങൾ പാലിച്ച് എല്ലാ സാങ്കേതിക കാരണങ്ങളും ആദ്യം പരിശോധിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ലിഥിയം-അയൺ ബാറ്ററിയിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് സംഭവങ്ങളുടെ തുടക്കമെന്ന് എഫ്‌ഐപിയുടെ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇത് വിമാനത്തിന്റെ ഡിസി ഇലക്ട്രിക്കൽ സിസ്റ്റത്തിൽ വോൾട്ടേജ് വ്യതിയാനങ്ങൾക്ക് കാരണമായി. ബോയിങ് 787 ന്റെ ബാറ്ററിയുമായി ബന്ധപ്പെട്ട് മുമ്പ് എൻടിഎസ്ബി, ജപ്പാൻ ഗതാഗത സുരക്ഷാ അതോറിട്ടി എന്നിവർ കണ്ടെത്തിയ ഇലക്ട്രിക്കൽ ആർക്കിങ്, ഉയർന്ന വൈദ്യുതി പ്രവാഹം തുടങ്ങിയ കാര്യങ്ങളും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
റാറ്റ് വിന്യസിച്ചതിന് ശേഷമുള്ള ഇലക്ട്രിക്കൽ സംവിധാനത്തിലെ വോൾട്ടേജ് മാറ്റം പൈലറ്റ് ഇടപെടാതെ തന്നെ എന്‍ജിനുകൾ ‘റൺ’ എന്ന അവസ്ഥയിൽ നിന്നും ‘കട്ട് ഓഫ്’ എന്ന അവസ്ഥയിലേക്ക് മാറാൻ കാരണമായെന്ന് എഫ്‌ഐപി പ്രസിഡന്റ്, സി എസ് രൺധാവ പറഞ്ഞു.
വിമാനം റൺവേയിലൂടെ ഓടുമ്പോൾ തന്നെ റാറ്റ് വിന്യസിക്കപ്പെട്ടതിന്റെ ദൃശ്യങ്ങൾ സാങ്കേതിക തകരാറിന്റെ സൂചനയാണെന്ന് പൈലറ്റുമാർ പറയുന്നു. എഎഐബി റിപ്പോർട്ടിലെ സമയക്രമത്തിൽ വ്യക്തത വരുത്താൻ ഐഐടി ബോംബെ, എയറോനോട്ടിക്കൽ ഡെവലപ്‌മെന്റ് ഏജൻസി അല്ലെങ്കിൽ എച്ച്എഎൽ തുടങ്ങിയ സ്ഥാപനങ്ങളെക്കൊണ്ട് ഇലക്ട്രിക്കൽ അനാലിസിസ് നടത്തണമെന്നും സംഘടന ആവശ്യപ്പെട്ടു. കൂടാതെ, ബോയിങ് 787 സിമുലേറ്റർ ഉപയോഗിച്ച് ഈ സമയക്രമം പരിശോധിക്കണമെന്ന ആവശ്യവും സംഘടന ആവർത്തിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment