രാജ്യത്തെ ഉന്നതവിദ്യാഭ്യാസ മേഖലയില്‍ ഗുരുതരമായ ഫണ്ട് വിവേചനമുള്ളതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ. ഉന്നതവിദ്യാഭ്യാസ ഫണ്ടിന്റെ 50 ശതമാനത്തിലധികം തുക ഐഐടി, ഐഐഎം, എൻഐടി തുടങ്ങിയ പ്രമുഖ സ്ഥാപനങ്ങൾക്കായി നീക്കിവെക്കുമ്പോൾ 97 % വിദ്യാർത്ഥികൾ പഠിക്കുന്ന സംസ്ഥാന സർവകലാശാലകളും കോളജുകളും കനത്ത അവഗണനയാണ് നേരിടുന്നത്. കഴിഞ്ഞ വർഷം 23 ലക്ഷം വിദ്യാർത്ഥികൾ ഐഐടി ജെഇഇ പരീക്ഷ എഴുതിയപ്പോൾ ആകെ ലഭ്യമായത് 18,191 സീറ്റുകൾ മാത്രമാണ്. നീറ്റ് പരീക്ഷയുടെ കാര്യത്തിലും സ്ഥിതി സമാനമാണ്. ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ എന്നിവയിലായി ആകെ പത്ത് ലക്ഷത്തോളം വിദ്യാർത്ഥികൾ മാത്രമാണ് പഠിക്കുന്നത്. എന്നാൽ 2026–27 ബജറ്റിൽ 18,000 കോടി രൂപയിലധികം രൂപ ഈ 75 ഓളം സ്ഥാപനങ്ങൾക്ക് മാത്രമായി വകയിരുത്തിയിട്ടുണ്ട്. അതേസമയം, രാജ്യത്തെ 4.46 കോടി വിദ്യാർത്ഥികളിൽ 3.2 കോടി പേരും പഠിക്കുന്നത് സംസ്ഥാന സർവകലാശാലകളിലാണ്. 1,338 സർവകലാശാലകളും 50,000ത്തിലധികം കോളജുകളുമുള്ള ഇന്ത്യയിൽ ഭൂരിഭാഗം സ്ഥാപനങ്ങളും പരിമിതമായ സൗകര്യങ്ങളിലും കുറഞ്ഞ ബജറ്റിലുമാണ് പ്രവര്‍ത്തിക്കുന്നത്.
നിലവിലെ സാമ്പത്തിക വർഷം വിദ്യാഭ്യാസ ബജറ്റ് 1.4 ലക്ഷം കോടി രൂപയായി ഉയർത്തിയിട്ടുണ്ട്. ഇതിൽ ഉന്നതവിദ്യാഭ്യാസ വകുപ്പിന് 55,727.22 കോടി രൂപയാണ് അനുവദിച്ചത്. ഐഐടികൾ 12,123 കോടി, എൻഐടികൾ 6,260 കോടി, ഐഐഎമ്മുകൾ 292 കോടി, ഐഐഎസ് സി ബാംഗ്ലൂർ 845 കോടി രൂപ (കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് കുറവ്) എന്നിങ്ങനെയാണ് അനുവദിച്ചിട്ടുള്ളത്. സെൻട്രൽ യൂണിവേഴ്സിറ്റികൾ 17,440.58 കോടി രൂപ (57 സർവകലാശാലകൾക്കായി)യും അനുവദിച്ചു. ഐഐഎസ്ഇആർ പോലുള്ള ഗവേഷണ സ്ഥാപനങ്ങൾക്കുള്ള ഫണ്ട് 1,319 കോടിയായി വെട്ടിക്കുറച്ചു. ഇന്ത്യയുടെ ഗവേഷണ വികസന ചിലവ് ജിഡിപിയുടെ 0.6–0.7% എന്ന നിരക്കിൽ തന്നെ തുടരുന്നത് ആഗോളതലത്തിൽ വെല്ലുവിളിയാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ എണ്ണം വർധിക്കുമ്പോഴും ഗുണനിലവാരത്തിൽ വലിയ വിടവുണ്ട്. 85% എന്‍ജിനീയറിങ് ബിരുദധാരികൾക്കും പ്ലേസ്‌മെന്റ് ലഭിക്കുന്നില്ല. ജോലി ചെയ്യുന്നവരിൽ 80 ശതമാനത്തിലധികം പേരും പഠിച്ച വിഷയമോ നേടിയ നൈപുണ്യമോ ആവശ്യമില്ലാത്ത മേഖലകളിലാണ് പ്രവർത്തിക്കുന്നത്. ഇന്ത്യൻ തൊഴിൽ സേനയുടെ 56 ശതമാനത്തിന് മാത്രമേ ആവശ്യമായ തൊഴിൽ നൈപുണ്യമുള്ളൂ. ഇത് വിദ്യാഭ്യാസ രംഗത്തെ പാഠ്യപദ്ധതിയും വ്യവസായ ലോകത്തെ ആവശ്യങ്ങളും തമ്മിലുള്ള പൊരുത്തക്കേട് വ്യക്തമാക്കുന്നു. സർക്കാർ ഫണ്ട് കുറയുന്നതോടെ പല പൊതുസ്ഥാപനങ്ങളും സ്വയം സാമ്പത്തിക സ്രോതസുകൾ കണ്ടെത്തേണ്ടി വരുന്നു. ഇത് ഫീസ് വർധനവിനും സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസം ലഭിക്കാതെ പോകുന്നതിനും കാരണമാകുന്നു. ഐഐടി മദ്രാസ് സാൻസിബാറിലും ഐഐടി ഡൽഹി അബുദാബിയിലും കാമ്പസുകൾ തുറന്ന് ആഗോളതലത്തിൽ ശ്രദ്ധ നേടുമ്പോഴും രാജ്യത്തെ സാധാരണ വിദ്യാഭ്യാസ വ്യവസ്ഥിതി തകർച്ചയിലാണെന്ന ആശങ്ക ശക്തമാണ്. ചുരുക്കം ചില സ്ഥാപനങ്ങൾക്ക് മാത്രം കൂടുതൽ ഫണ്ട് നൽകുന്ന രീതി വിദ്യാഭ്യാസ രംഗത്ത് വലിയൊരു വിഭജനം സൃഷ്ടിക്കുന്നു. രാജ്യത്തിന്റെ യുവജനശക്തിയെ ഉല്പാദനക്ഷമമാക്കാൻ പരിമിതമായ വിഭവങ്ങൾ വിതരണം ചെയ്യുന്നതിന് പകരം വിദ്യാഭ്യാസത്തിനായുള്ള ആകെ പൊതുചിലവ് ജിഡിപിയുടെ നിശ്ചിത ശതമാനമായി ഉയർത്തുകയും വേണം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment