മലയാള സിനിമയിൽ വലിയ തരംഗം സൃഷ്ടിച്ച ‘വാഴ’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചു. ആദ്യ രണ്ട് ഭാഗങ്ങളുടെയും രചയിതാവും സഹനിർമ്മാതാവുമായ വിപിൻ ദാസ് സോഷ്യൽ മീഡിയയിലൂടെയാണ് പുതിയ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. ആദ്യ രണ്ട് ഭാഗങ്ങളും ആൺകുട്ടികളുടെ കഥകൾക്ക് മുൻഗണന നൽകിയപ്പോൾ, ‘വാഴ 3’ പെൺകുട്ടികളുടെ ജീവിതമാകും അവതരിപ്പിക്കുക. ‘ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്’ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈൻ.
മുൻ ഭാഗങ്ങളിലെപ്പോലെ തന്നെ മൂന്നാം ഭാഗത്തിലും സംവിധായകനിൽ മാറ്റമുണ്ട്. വിപിൻ ദാസിന്റെ ഡയറക്ടോറിയൽ ടീമിലുള്ള വിശ്വൻ ശ്രീജിത്താണ് ചിത്രം സംവിധാനം ചെയ്യുന്നത്. വിപിൻ ദാസ് തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. ഹാരിസ് ദേശം, പി ബി അനീഷ്, സാഹു ഗരപതി, ആദർശ് നാരായൺ, ഐക്കൺ സ്റ്റുഡിയോസ് എന്നിവർ വിപിൻ ദാസിനൊപ്പം നിർമ്മാണ പങ്കാളികളാകും. അങ്കിത് മേനോനാണ് സംഗീത വിഭാഗം കൈകാര്യം ചെയ്യുന്നത്. ഇമാജിൻ സിനിമാസ്, ഷൈൻ സ്ക്രീൻസ്, ഡബ്ല്യുബിടിഎസ് പ്രൊഡക്ഷൻസ്, സിഗ്നേച്ചർ സ്റ്റുഡിയോസ് എന്നീ ബാനറുകളിലാണ് ചിത്രം ഒരുങ്ങുന്നത്.
പുതിയ പ്രതിഭകളെ സിനിമയ്ക്ക് പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ‘വാഴ’യ്ക്ക് തുടക്കമിട്ടതെന്നും വരും അധ്യായങ്ങളിലും അത് തുടരുമെന്നും വിപിൻ ദാസ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. സിനിമയിലെ അടുത്ത തലമുറയെ ക്യാമറയ്ക്ക് മുന്നിലും പിന്നിലും എത്തിക്കുന്ന ഫ്രാഞ്ചൈസിയായി ഇത് മാറുമെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ തിരക്കഥ പൂർത്തിയായ ശേഷം പുതിയ പ്രതിഭകൾക്കായി ഓഡിഷൻ പ്രഖ്യാപിക്കും. ചിത്രത്തിന്റെ പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ അടുത്ത വർഷം ആരംഭിക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment