യുവേഫ ചാമ്പ്യൻസ് ലീഗ് സെമി ഫൈനലിൽ ഫുട്ബോൾ ലോകത്തെ വിസ്മയിപ്പിക്കുന്ന പ്രകടനവുമായി പിഎസ്ജി. ആദ്യ പാദത്തിൽ ബയേൺ മ്യൂണിക്കിനെ പരാജയപ്പെടുത്തിയ മത്സരത്തിൽ നിരവധി റെക്കോഡുകളാണ് ചാമ്പ്യന്മാർ തിരുത്തിക്കുറിച്ചത്. നാലിനെതിരെ അഞ്ച് ഗോള്‍ വിജയം പിഎസ്ജി സ്വന്തമാക്കി. മേയ് ആറിന് മ്യൂണിക്കിൽ നടക്കുന്ന രണ്ടാം പാദ പോരാട്ടം ഇതോടെ അതിനിർണായകമായി മാറി.
മത്സരത്തിന്റെ തുടക്കം മുതൽ തന്നെ ഇരുടീമുകളും ആക്രമിച്ചു കളിച്ചു. ഇടതുവശത്തുനിന്ന് ബോക്സിനുള്ളിലേക്ക് വെട്ടിത്തിരിഞ്ഞ് ഖ്വിച്ച ക്വാറത്സെലിയ തൊടുത്ത ഷോട്ട് വലയുടെ മൂലയിൽ പതിച്ചതോടെ പിഎസ്ജി ലീഡെടുത്തു. ജോവോ നീവ്‌സിന്റെ ഗ്ലാൻസിങ് ഹെഡറിലൂടെ പിഎസ്ജി മുന്നേറിയെങ്കിലും മൈക്കൽ ഒലീസെയുടെ വ്യക്തിഗത മികവിൽ ബയേൺ ഒപ്പമെത്തി. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ അൽഫോൺസോ ഡേവിസിന്റെ കയ്യിൽ പന്ത് തട്ടിയതിന് പിഎസ്ജിക്ക് അനുകൂലമായി ലഭിച്ച പെനാൽറ്റി വിവാദമായി. എന്നാൽ വാർ പരിശോധനയ്ക്ക് ശേഷം ലഭിച്ച ഈ അവസരം ഒസ്മാൻ ഡെംബെലെ ഗോളാക്കി മാറ്റി.
രണ്ടാം പകുതിയിൽ അഷ്റഫ് ഹക്കിമിയുടെ പാസിൽ നിന്ന് ക്വാറത്സെലിയയും പിന്നാലെ ഡെംബെലെയും വീണ്ടും വലകുലുക്കിയതോടെ പിഎസ്ജി 5–2 എന്ന നിലയിൽ വിജയം ഉറപ്പിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ദയോട്ട് ഉപമെക്കാനോ, ലൂയിസ് ഡയസ് എന്നിവരിലൂടെ തിരിച്ചടിച്ച ബയേൺ രണ്ടാം പാദത്തിലേക്ക് തങ്ങളുടെ പ്രതീക്ഷകൾ സജീവമാക്കി.
പിഎസ്ജിയുടെ ആക്രമണക്കരുത്ത് വിളിച്ചോതുന്നതായിരുന്നു ഈ മത്സരത്തിലെ കണക്കുകൾ. ചാമ്പ്യൻസ് ലീഗ് നോക്കൗട്ട് ഘട്ടത്തിൽ തുടർച്ചയായ ഒമ്പത് മത്സരങ്ങളിൽ രണ്ട് ഗോളിലധികം നേടുന്ന ആദ്യ ടീമായി പിഎസ്ജി മാറി. 2025 ജനുവരിയിൽ ടീമിലെത്തിയ ശേഷം ചാമ്പ്യൻസ് ലീഗിൽ 20 ഗോൾ പങ്കാളിത്തങ്ങൾ (13 ഗോൾ, ഏഴ് അസിസ്റ്റ്) പൂർത്തിയാക്കി. മറ്റേതൊരു താരത്തേക്കാളും മുന്നിലാണിത്.
ഒസ്മാൻ ഡെംബെലെ പിഎസ്ജിക്കായി ചാമ്പ്യൻസ് ലീഗ് നോക്കൗട്ടിൽ ഏറ്റവും കൂടുതൽ ഗോൾ പങ്കാളിത്തം (17) എന്ന റെക്കോഡിനൊപ്പമെത്തി. ബുഡാപെസ്റ്റിൽ നടക്കുന്ന ഫൈനലിൽ ആഴ്സണലിനെയോ അത്‌ലറ്റിക്കോ മാഡ്രിഡിനെയോ ആണ് വിജയികൾ നേരിടുക. റയൽ മാഡ്രിഡിന് ശേഷം തുടർച്ചയായി രണ്ട് തവണ ചാമ്പ്യൻസ് ലീഗ് കിരീടം നേടുന്ന ടീമാകാനാണ് പിഎസ്ജി ലക്ഷ്യമിടുന്നത്. മേയ് ആറിന് രാത്രി 12.30നാണ് ഇരുടീമും തമ്മിലുള്ള രണ്ടാം പാദ മത്സരം.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment