Related News

ലങ്കൻ ക്രിക്കറ്റിൽ വൻ അഴിച്ചുപണി; ഷമ്മി സിൽവ രാജിവച്ചു

Janayugom
Developer Admin

സാമ്പത്തിക ക്രമക്കേടുകളും അഴിമതി ആരോപണങ്ങളും ശക്തമായ പശ്ചാത്തലത്തിൽ ശ്രീലങ്കൻ ക്രിക്കറ്റ് ഭരണസമിതി രാജിവച്ചു. പ്രസിഡന്റ് ഷമ്മി സിൽവ ഉൾപ്പെടെയുള്ള ഭാരവാഹികളാണ് പടിയിറങ്ങിയത്. ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി നടത്തിയ ചർച്ചകൾക്കൊടുവിലാണ് ഭരണസമിതി സ്ഥാനമൊഴിയാൻ തീരുമാനിച്ചത്.

ക്രിക്കറ്റ് ബോർഡിന്റെ എല്ലാ ഭരണപരമായ ചുമതലകളും താൽക്കാലികമായി കായിക മന്ത്രാലയം ഏറ്റെടുത്തതായി കായിക മന്ത്രി സുനിൽ കുമാര ഗാമേജ് അറിയിച്ചു. 1973ലെ കായിക നിയമത്തിലെ 31, 34 വകുപ്പുകൾ പ്രകാരമാണ് ഈ നടപടി. ബോർഡിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിനുമായി ഉടൻ തന്നെ ഒരു ഇടക്കാല സമിതിയെ സർക്കാർ നിയമിക്കും.

ബോർഡിനെതിരെ ഉയർന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള പരാതികൾ വലിയ പ്രതിഷേധങ്ങൾക്ക് കാരണമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ശ്രീലങ്കൻ ടീം തുടർച്ചയായി പരാജയപ്പെടുന്നതും കളിക്കാരിൽ നിന്നുള്ള പരാതികളും ഭരണമാറ്റത്തിന് ആക്കം കൂട്ടി. നേരത്തെ തന്നെ ഷമ്മി സിൽവയെ പുറത്താക്കാൻ സർക്കാർ നീക്കങ്ങൾ നടത്തിയിരുന്നെങ്കിലും ഇപ്പോഴാണ് അത് പ്രാവർത്തികമായത്.

2019 മുതൽ ഏഴ് വർഷത്തോളം ശ്രീലങ്കൻ ക്രിക്കറ്റിന്റെ അമരക്കാരനായിരുന്നു ഷമ്മി സിൽവ. 2021, 2023, 2025 വർഷങ്ങളിൽ എതിരില്ലാതെയാണ് അദ്ദേഹം പ്രസിഡന്റ് സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ പ്രസിഡന്റ് സ്ഥാനവും അദ്ദേഹം വഹിച്ചിട്ടുണ്ട്. ടീമിന്റെ ദയനീയ പ്രകടനവും അഴിമതിയും ലങ്കൻ ക്രിക്കറ്റ് പ്രേമികൾക്കിടയിൽ വലിയ അമർഷമുണ്ടാക്കിയിരുന്നു. പുതിയ ഇടക്കാല സമിതി വരുന്നതോടെ ലങ്കൻ ക്രിക്കറ്റിൽ സമഗ്രമായ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.

Previous
തോമസ് കപ്പ്; ഇന്ത്യക്ക് ആശ്വാസമായി ആയുഷ്
Next
പാരിസിൽ പിഎസ്ജി സിംഹനാദം

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment