ഇന്ത്യൻ ജനസംഖ്യയിൽ ദാരിദ്ര്യത്തിന്റെ പിടിയിലകപ്പെട്ടവർ എത്രയാണ് എന്നതു സംബന്ധമായി അക്കാദമിക്ക് സമൂഹത്തിൽ മാത്രമല്ല, ഔദ്യോഗിക വൃത്തങ്ങളിലും ഗൗരവതരമായ അഭിപ്രായഭിന്നതകളാണ് നിലവിലുള്ളത്. ഒരു വിഭാഗം വാദിക്കുന്നത് ഇവരുടെ എണ്ണം 75 ദശലക്ഷം വരുമെന്നാണ്. എന്നാൽ, മറ്റൊരു വിഭാഗം പറയുന്നു 342 ദശലക്ഷം ഇന്ത്യക്കാരെങ്കിലും ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന്. കണക്കുകളിലെ ഈ അന്തരം ചെറുതല്ലെന്നിരിക്കെ അത് നികത്തുക ശ്രമകരമായൊരു അഭ്യാസം തന്നെയാണ്. ഇക്കാരണത്താൽ മൊത്തം ദാരിദ്ര്യത്തിന് ഇരയായിട്ടുള്ളവരുടെ എണ്ണം തിട്ടപ്പെടുത്തുന്നതിന് സഹായകമായൊരു അളവുകോൽ — ദാരിദ്ര്യരേഖ ഏതുവിധത്തിൽ വരയ്ക്കാനാകുമെന്നത് — ഒരു പ്രശ്നമാണ്. ഔദ്യോഗിക ദാരിദ്ര്യ രേഖാ നിർണയ മാനദണ്ഡങ്ങൾ ഏതെല്ലാമാണെന്നതില്‍ ഏകാഭിപ്രാഭയമല്ല ഉള്ളത്. ഇതു സംബന്ധമായ സംശയങ്ങൾക്ക് കൃത്യമായ മറുപടി നല്‍കാന്‍ ഔദ്യോഗിക വക്താക്കൾ മാത്രമല്ല, മന്ത്രിമാരും സന്നദ്ധരാകുന്നില്ല. സാധാരണഗതിയിൽ മാനദണ്ഡമാക്കുന്നത് വിലനിലവാരം, ഉപഭോഗ മാതൃകകൾ, ജീവിതശെെലികൾ തുടങ്ങിയവയാണ്.
ദാരിദ്ര്യം സംബന്ധിച്ച് ഏകകണ്ഠമായൊരു ധാരണയിലെത്താൻ കഴിയാത്തതിനുള്ള മുഖ്യകാരണം, വ്യത്യസ്ത ഏജൻസികൾ പരസ്പരവിരുദ്ധമായ കണക്കുകളാണ് പുറത്തുവിടുന്നത് എന്നതാണ്. ലോകബാങ്ക് രേഖ പ്രകാരം പരമദാരിദ്ര്യം എന്നാൽ ആളോഹരി പ്രതിദിന വരുമാനം മൂന്ന് ഡോളർ നിരക്കിലുള്ള അവസ്ഥയാണ്. ഇത് 2021ൽ നിലവിലിരുന്ന ക്രയശേഷി അടിസ്ഥാനമാക്കിയുള്ളതാണ്. ഇത് 2011–12ൽ 27% ആയിരുന്നെങ്കിൽ, 2022–23 ആയതോടെ 5.3% ആയി താഴുകയായിരുന്നു. ഇതേത്തുടർന്ന് കാലയളവിൽ 270 ദശലക്ഷം പേർ ദാരിദ്ര്യരേഖയ്ക്കു മുകളിലേക്ക് അധികമായി ചെന്നെത്തുകയും ചെയ്തു. ഇത് സുപ്രധാനമായൊരു നേട്ടമായിരുന്നുവെന്നാണ് അവകാശവാദം. എന്നാൽ, ഈ നേട്ടം പരമദാരിദ്ര്യത്തിൽ നിന്നുള്ള രക്ഷപ്പെടൽ പ്രക്രിയ മാത്രമേ ആയിരുന്നുള്ളു. ഇതിന്റെയർത്ഥം സാമ്പത്തിക സുസ്ഥിരതയും സുരക്ഷയും നേടിക്കഴിഞ്ഞു എന്നല്ല. ഈ സ്ഥിതിവിശേഷത്തിന് ഏത് നിമിഷത്തിലും മാറ്റവുമുണ്ടാകാം.
ഇന്ത്യയെപ്പോലൊരു രാജ്യത്ത് നഗര ഗ്രാമീണ മേഖലാ കുടുംബങ്ങൾ പരമദാരിദ്ര്യത്തിൽ നിന്നും മോചനം നേടുന്നതിൽ വിജയം കെെവരിച്ചിട്ടുണ്ടെന്ന യാഥാർത്ഥ്യം അംഗീകരിക്കുമ്പോൾത്തന്നെ, അവ ഏതവസരത്തിലും ദാരിദ്ര്യാവസ്ഥയിലേക്കു തന്നെ വഴുതിവീഴാന്‍ ഇടയുണ്ടെന്ന കരുതലോടെ വേണം നിലപാടുകളെടുക്കാന്‍. പണപ്പെരുപ്പവും വിലക്കയറ്റവും മാത്രമല്ല, ആരോഗ്യ മേഖലയിലെ തിരിച്ചടികളും തൊഴിലില്ലായ്മയും ഉണ്ടായേക്കാവുന്ന പ്രകൃതിദുരന്തങ്ങളും നാശനഷ്ടങ്ങളും എല്ലാം ഇതിന്റെ ഭാഗമാകാം.
സാമ്പത്തിക ദാരിദ്ര്യം, അതായത് മോശപ്പെട്ട ധനകാര്യ ലഭ്യതയും അപര്യാപ്തതയും മൂലമുണ്ടാകുന്ന ദാരിദ്ര്യം എന്നതിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുള്ള വിശകലനമല്ല വേണ്ടത്, മറിച്ച് ബഹുമുഖ ദാരിദ്ര്യ സൂചിക (മൾട്ടി ഡെെമെൻഷണൽ പോവർട്ടി ഇൻഡക്സ് — എംപിഐ) കണക്കിലെടുത്തുകൊണ്ടുള്ളൊരു വിശകലനമാണ് കൂടുതൽ യാഥാർത്ഥ്യ ബോധത്തോടെ ഉള്ളതായിരിക്കുക. നിലവിലുള്ള ദാരിദ്ര്യത്തിന്റെ നിജസ്ഥിതി കണ്ടെത്താനും, ദാരിദ്ര്യം കൃത്യമായി അളന്ന് തിട്ടപ്പെടുത്താനും ഇത്തരമൊരു രീതിശാസ്ത്രം ആണ് പൊതുവിൽ ഇന്ത്യയിൽ പ്രയോഗത്തിലിരിക്കുന്നതും. ഈ വിഷയത്തിൽ എക്കാലവും പ്രസക്തമായി കരുതാൻ കഴിയുന്ന അളവുകോൽ ഔദ്യോഗികതലത്തിൽ അംഗീകാരം നേടിയിട്ടുമില്ല. ഇത്തരമൊരു പശ്ചാത്തലം നിലവിലിരിക്കുന്നിടത്തോളം, ദാരിദ്ര്യം അളന്നുതിട്ടപ്പെടുത്തുന്നതിൽ നിലവിലിരിക്കുന്ന അനിശ്ചിതത്വം തുടരുകതന്നെ ചെയ്യും.
യുഎൻഡിപിക്ക് കീഴിലുള്ള ഓക്സ്ഫോഡ് പോവർട്ടി ആന്റ് ഹ്യൂമൻ ഡെവലപ്മെന്റ് ഇനിഷ്യേറ്റീവ് (ഒപിഎച്ച്ഐ) തയ്യാറാക്കിയ ആഗോള ഹ്യൂമൻ ഡെവലപ്മെന്റ് ഇൻഡെക്സ് (എച്ച്ഡിഐ) മൾട്ടി ഡെവലപ്മെന്റ് മാതൃകയിലുള്ളതാണെങ്കിൽത്തന്നെയും, മുൻകാലങ്ങളിൽ സാമ്പത്തിക വരുമാനം കണക്കിലെടുത്തുകൊണ്ട് തയ്യാറാക്കുന്ന ദാരിദ്ര്യ നിലവാര മാതൃക അപ്പാടെ തള്ളിക്കളയേണ്ടതാണെന്ന നിലപാട് സ്വീകരിച്ചിരുന്നില്ല. ഇന്ത്യയെക്കാൾ താഴെ വരുമാനമുള്ള ഇടത്തരം വിഭാഗക്കാർ അധികമുള്ള ഭൂട്ടാൻ, വിയറ്റ്നാം എന്നീ രാജ്യങ്ങളും, യുഎൻ ഏജൻസിയുടേതിനോടൊപ്പം, സ്വന്തം നിലയിലുള്ള ദാരിദ്ര്യരേഖാ നിർണയ മാതൃകകൾ തയാറാക്കി വരുന്നുണ്ട്. അടിസ്ഥാന ജീവിതാവശ്യങ്ങൾ തൃപ്തിപ്പെടുത്തുന്നതിനാവശ്യമായ വരുമാനത്തിന് പുറമെ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ശൗചാലയ സൗകര്യങ്ങൾ തുടങ്ങിയ സാമൂഹ്യ വികസന സാഹചര്യങ്ങൾക്കാവശ്യമുള്ള വരുമാനം കൂടി ലഭ്യമാക്കേണ്ടതല്ലേ എന്ന ചോദ്യവും പ്രസക്തമാണ്.
ദാരിദ്ര്യരേഖ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണക്കിലെടുക്കേണ്ട മറ്റൊരു കാര്യമുണ്ട്. ദരിദ്രരല്ലാത്ത വിഭാഗത്തിൽപ്പെടുന്നവർ എന്നതുകൊണ്ട് ലക്ഷ്യമാക്കുന്ന ഒരാളുടെയോ കുടുംബത്തിന്റെയോ വരുമാനത്തിന്റെയും ഉപഭോഗത്തിന്റെയും തോത് എന്ത് എന്നതാണിത്. മിനിമം വേതനം, ഭക്ഷ്യ സബ്സിഡി അടക്കമുള്ള പ്രത്യേക ‘സൗജന്യങ്ങള്‍’ വിഭാഗത്തിൽ ഉൾപ്പെടുന്നതിനുള്ള യോഗ്യതയോ അർഹതയോ കണ്ടെത്തൽ തുടങ്ങിയ കാര്യങ്ങൾ ഇതിന്റെ ഭാഗമായിരിക്കും. ഈ മാനദണ്ഡങ്ങൾകൂടി പരിഗണനയ്ക്കെടുക്കുന്നതോടെ ദാരിദ്ര്യ എസ്റ്റിമേറ്റുകൾ തിട്ടപ്പെടുത്തുന്നതിന്റെ രീതിശാസ്ത്രത്തിൽ വലിയ മാറ്റങ്ങൾ വരുത്തേണ്ടിവരുകയും ചെയ്യും.
ഏറ്റവുമൊടുവിലത്തെ ഗാർഹിക ഉപഭോഗ ചെലവ് അവലോകനം ഇത്തരത്തിൽ ഭേദഗതി ചെയ്ത നിലയിലാണ് തയ്യാറാക്കിയിരിക്കുന്നത്. കണക്കുകളിലെ കൃത്യതയെക്കാൾ പ്രധാനം വിശ്വാസ്യതയാണ്. ഇതിനാവശ്യം വേണ്ടത് യാന്ത്രികതയല്ല, അനുഭവജ്ഞാനമാണ്. കണക്കുകളും അനുഭവങ്ങളും സമാനമാകണമെന്നുമില്ല. ഇവ തമ്മിൽ പ്രകടമായ വൈരുദ്ധ്യവുമുണ്ടാകും. അതേയവസരത്തിൽ സുതാര്യത ഏതുവിധേനയും സംരക്ഷിക്കപ്പെടുകയും വേണം. ഏതൊരു സമൂഹത്തിന്റെയും സമ്പദ്‌വ്യവസ്ഥയുടെയും പുരോഗതിയുടെ അടയാളം സ്ഥിതിവിവര കണക്കുകളിലൂടെയുള്ള മുന്നേറ്റമല്ല, ജീവിതാനുഭവങ്ങളിൽ പ്രകടമാക്കപ്പെടുന്ന ഗുണപരമായ മാറ്റങ്ങൾ വഴിയുള്ളതാണ്.
ഈ അവസരത്തിൽ ഡിസ്രേലിയുടെ വാക്കുകള്‍ക്ക് പ്രസക്തിയുണ്ട്. സ്ഥിതിവിവരക്കണക്കുകളെ അദ്ദേഹം ഉപമിക്കുന്നത് ‘കള്ളങ്ങളോടും തനിക്കള്ളങ്ങളോടു‘മാണ്. ഇതിൽ സത്യത്തിന്റെ കണികപോലുമുണ്ടായിരിക്കില്ല. ബഹുമുഖ ദാരിദ്ര്യ സൂചികയുടെ ചട്ടക്കൂടിനുള്ളിൽ തന്നെ, ഔദ്യോഗിക ഭാഷ്യം പൊതുസ്വഭാവമുള്ളതായിരിക്കണമെന്നില്ല. അത് പുറത്തുവിടുന്ന കണക്കുകൾ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ടവയാകാം. ഇക്കാരണത്താൽ ദാരിദ്ര്യവുമായി ബന്ധപ്പെട്ട പഠന റിപ്പോർട്ടുകൾ ദാരിദ്ര്യത്തിന്റെ അസാധാരണവും ബഹുമുഖവുമായ ഒരു ചിത്രത്തോടൊപ്പം സാധാരണവും മൃദുത്വസ്വഭാവവുമുള്ളൊരു ചിത്രം കൂടി നമുക്ക് നൽകുന്നു. ഏതൊരു സമൂഹവും ഒന്നിലേറെ പരാധീനതകൾ ഉൾക്കൊള്ളുന്ന ദാരിദ്ര്യം സഹിക്കേണ്ട സാഹചര്യത്തില്‍ തന്നെ പരമ ദാരിദ്ര്യമുക്തമല്ലാത്ത ഒരു അവസ്ഥാവിശേഷത്തിൽ തുടരുകയും ചെയ്തേക്കാം.
ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയിലെയും നിസാരമല്ലാത്ത ഒരുവിഭാഗം കുടുംബങ്ങൾ ഘടനാപരമായി പരമദാരിദ്ര്യാവസ്ഥയിലേക്ക് തള്ളിനീക്കപ്പെടുമെന്ന് കരുതാവുന്നൊരു പ്രതിസന്ധിയിലാണ് കഴിയുന്നത്. 2024ൽ ആഗോള ദാരിദ്ര്യ സൂചിക നൽകിയത്, ഇന്ത്യയിലെ 330 ദശലക്ഷം ജനങ്ങൾ — 16.4% — ദരിദ്രരായിരുന്നു എന്ന വിവരമാണ്. ഇതിനുപുറമെ, 18.7% — 266.3 ദശലക്ഷം — ബഹുമുഖ ദാരിദ്ര്യത്തിലേക്ക് വഴുതിമാറിയേക്കാമെന്നുമാണ്. ഒറ്റനോട്ടത്തിൽ കാണപ്പെടുന്ന ദാരിദ്ര്യനിരക്കില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്നതിൽ അർത്ഥമില്ലെന്നാണ് ഇതിലൂടെ വെളിവാകുന്നത്. ഈ നിരക്കിന് താഴെയുള്ള വലിയൊരു ഭാഗം മേൽത്തട്ടിലെത്തിയേക്കാം എന്നുകൂടി കണക്കിലെടുക്കേണ്ടതാണ്. അതായത് അടിത്തട്ടിൽ ദാരിദ്ര്യത്തിന് ഇരയായവരുടെ എണ്ണം കൂടി ചേർത്താൽ മാത്രമേ, പിന്തുടരുന്ന രീതിശാസ്ത്രത്തിന് സാധൂകരണം നല്‍കാന്‍ സാധ്യമാകൂ. എന്നാൽ നമ്മുടെ ഭരണവർഗത്തിന് അതിൽ താല്പര്യമുണ്ടായിരിക്കുകയുമില്ല.
2025 മാർച്ച് 10ന് മോഡി സർക്കാർ പാർലമെന്റിന് നൽകിയ വിവരം നിതി ആയോഗ് കേന്ദ്രസർക്കാരിന് സമർപ്പിച്ച കണക്കുകൾ മാത്രമായിരുന്നു. ദാരിദ്ര്യത്തിന്റെ യഥാർത്ഥ ചിത്രം ഇതിൽ നിന്നും ഭിന്നമാണെന്ന ബോധ്യം ഉണ്ടായിരുന്നിട്ടുകൂടി ഇതാണവർ ചെയ്തത്. അതായത്, എക്സിക്യൂട്ടീവ്, ഇത്തരം കാതലായ മേഖലകളിൽ വരുത്തുന്ന വീഴ്ചകൾ ജനശ്രദ്ധയിലെത്തിക്കാനുള്ള ഭരണഘടനാ സ്ഥാപനമെന്ന നിലയിലുള്ള ബാധ്യത നിറവേറുന്നില്ലെന്ന് കരുതാൻ നിർബന്ധിതമാകുന്നു.
പരമദാരിദ്ര്യത്തിന് ഇരയായിരിക്കുന്ന കോടികൾ വരുന്ന ജനവിഭാഗത്തിന്റെ ശരാശരി പ്രതിദിന വരുമാനം മൂന്ന് ഡോളർ മാത്രമായിരിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇവരുടെ ജീവിത നിലവാരമാണെങ്കിൽ പരിമിതമായ സാമ്പത്തിക സുരക്ഷയ്ക്കുപോലും പര്യാപ്തമാവുകയുമില്ല. 2047 ആകുന്നതോടെ, വികസിത സമ്പദ്‌വ്യവസ്ഥ എന്ന് മോഡി അവകാശപ്പെടുകയും കൊട്ടിഘോഷിക്കുകയും ചെയ്യുന്ന ‘വികസിത് ഭാരത്’ കൈവരിക്കണമെങ്കിൽ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഇനിയും ബഹുദൂരം മുന്നേറേണ്ടിയിരിക്കുന്നു. അതിലേക്കുള്ള പുതുക്കിയ വികസന ചട്ടക്കൂട് രൂപപ്പെടുത്തുന്നതിലേക്ക് 2026ൽ തയ്യാറെടുക്കുന്ന നാഷണൽ കുടുംബ സർവേ ഇത്തരം കാര്യങ്ങൾ കൂടി പരിഗണിക്കേണ്ടിവരും. ഈ സർവേ കുടുംബ വരുമാന കേന്ദ്രീകൃതമായ ഇന്ത്യയിലെ പ്രഥമ പാൻ ഇന്ത്യൻ അഭ്യാസമായിരിക്കുകയും ചെയ്യും. ഇത് ദാരിദ്ര്യത്തിനെതിരായ പോരാട്ടത്തിന് സഹായകമായ ഒരു പൊതുനയ രൂപീകരണത്തിനും അത് ഫലപ്രദമായും സമയബന്ധിതമായും നടപ്പാക്കുന്നതിനുള്ള ഭരണകൂട ബാധ്യത കൂടി ഉറപ്പാക്കുന്നതിനും സഹായകമാകും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment