പോരാട്ടത്തിന്റെയും ത്യാഗത്തിന്റെയും തൊഴിൽ മാന്യതയ്ക്കായുള്ള അവസാനിക്കാത്ത പോരാട്ടത്തിന്റെയും ജീവിക്കുന്ന സ്മരണയാണ് മേയ് ദിനം. ചിക്കാഗോയിലെ ചരിത്രപ്രസിദ്ധമായ ഹേ മാർക്കറ്റിൽ നടന്ന ചെറുത്തുനില്പിലും ചിന്തിയ രക്തത്തിലുമാണ് അതിന്റെ ഉത്ഭവം. എട്ട് മണിക്കൂർ ജോലി ദിനം എന്ന ആവശ്യവുമായി 1886 മേയ് മാസത്തിൽ, പതിനായിരക്കണക്കിന് തൊഴിലാളികൾ അമേരിക്കയിലുടനീളം പണിമുടക്കി. അവരെ അടിച്ചമർത്തുന്നതിനുള്ള ശക്തമായ നീക്കങ്ങളുണ്ടായി. മേയ് നാലിന് ഹേമാർക്കറ്റ് സ്ക്വയറിൽ, സമാധാനപരമായി നടന്ന റാലിക്കുനേരെ ഭരണകൂടം ക്രൂരമായ അടിച്ചമർത്തൽ അഴിച്ചുവിട്ടു. നേതാക്കളെ അറസ്റ്റ് ചെയ്തു. കള്ളക്കേസുകൾ ചുമത്തി വിചാരണ ചെയ്തു, ചിലരെ വധിക്കുകയും ചെയ്തു. അവരുടെ രക്തസാക്ഷിത്വം ഒരു പ്രാദേശിക പോരാട്ടത്തെ ആഗോള പ്രതീകമാക്കി. ആഘോഷത്തിൽ നിന്നല്ല, ചൂഷണത്തിനെതിരായ ചെറുത്തുനില്പിൽ നിന്നാണ് മേയ് ദിനം പിറന്നത്. ജോലിക്കും വിശ്രമത്തിനും വിനോദം ഉൾപ്പെടെ ആഗ്രഹിക്കുന്ന മറ്റ് കാര്യങ്ങൾക്കുമായി എട്ട് മണിക്കൂർ വീതം എന്ന ആവശ്യം ലളിതമാണെങ്കിലും വിപ്ലവകരമായിരുന്നു. മുതലാളിത്ത മിച്ചമൂല്യം വേർതിരിച്ചെടുക്കുന്നതിനെതിരായ തൊഴിലാളിവർഗ പോരാട്ടത്തിന്റെ സത്ത ഈ മുദ്രാവാക്യം ഉൾക്കൊള്ളുന്നു. കാൾ മാർക്സ് തുറന്നുകാട്ടിയതുപോലെ, പ്രവൃത്തി ദിവസം നീട്ടിക്കൊണ്ടും അധ്വാനം കടുത്തതാക്കിയും ലാഭം പരമാവധിയാക്കി മുതലാളിത്തം അഭിവൃദ്ധി പ്രാപിക്കുന്നു. അതിനാൽ ജോലി സമയം പരിമിതപ്പെടുത്തുന്നതിനുള്ള പോരാട്ടം കേവലം സാമ്പത്തികമായിരുന്നില്ല, രാഷ്ട്രീയമായിരുന്നു. മൂലധന യുക്തിക്ക് തന്നെ വെല്ലുവിളിയായിരുന്നു അത്. അങ്ങനെ മേയ് ദിനം തൊഴിലാളിവർഗ ഐക്യദാർഢ്യത്തിന്റെ ഒരു അന്താരാഷ്ട്ര ദിനമായി മാറി.
ഇന്ത്യയിൽ, മേയ് ദിനത്തിന് സമ്പന്നവും പോരാട്ടവീര്യമുള്ളതുമായ പാരമ്പര്യമുണ്ട്. 1923 ൽ മദ്രാസിൽ തൊഴിലാളി പ്രസ്ഥാനത്തിന്റെ മുന്നണിപ്പോരാളിയും ആദ്യകാല കമ്മ്യൂണിസ്റ്റുകാരിൽ ഒരാളുമായ എം ശിങ്കാരവേലു ആണ് ആദ്യ മേയ് ദിനാചരണം നടത്തിയത്. ഫ്രഞ്ച് കൊളോണിയൽ ഭരണത്തിലായിരുന്ന പുതുച്ചേരിയിൽ, വി സുബ്ബയ്യ നയിച്ച സമരം ദക്ഷിണേഷ്യയിൽ എട്ട് മണിക്കൂർ ജോലി ദിനം ആദ്യം നടപ്പാക്കുന്നതിൽ ഒന്നായി. ഇത് ഒരു ഔദാര്യമായി അനുവദിച്ചതായിരുന്നില്ല. നിരന്തരമായ കൂട്ടായ്മകൾ, പണിമുടക്കുകൾ, രാഷ്ട്രീയ സമ്മർദം എന്നിവയിലൂടെ നേടിയെടുത്തതാണ്. ദേശീയ തലത്തിൽ, ഭരണ ഇടപെടലിലൂടെയും ആനുകൂല്യങ്ങൾ കൈവരിക്കാനായി. വൈസ്രോയിയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ലേബർ അംഗമെന്ന നിലയിൽ ബി ആർ അംബേദ്കർ തൊഴിൽ സംരക്ഷണം ഉറപ്പാക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു. ഇന്ത്യയിലുടനീളം എട്ട് മണിക്കൂർ ജോലി ദിനമെന്ന നിർദേശം അദ്ദേഹം അവതരിപ്പിച്ചു, പ്രസവാനുകൂല്യങ്ങൾ വിപുലീകരിച്ചു, സാമൂഹിക സുരക്ഷാ നടപടികൾക്ക് അടിത്തറയിട്ടു. ഇവ ഒറ്റപ്പെട്ട പരിഷ്കാരങ്ങളായിരുന്നില്ല. തൊഴിലാളി പ്രസ്ഥാനം ചെലുത്തിയ തുടർച്ചയായ സമ്മർദത്തിന്റെ ഫലങ്ങളായിരുന്നു.
എന്നാല്‍ ഇന്ന്, ആ അവസ്ഥ കടുത്ത ഭീഷണിയിലാണ്. ഇന്നത്തെ ഇന്ത്യയിലെ തൊഴിലാളികൾ ഇരട്ട വെല്ലുവിളിയാണ് നേരിടുന്നത്. ആദ്യത്തേത് ബിജെപി നയിക്കുന്ന ചങ്ങാത്ത, കോർപറേറ്റ് ഭരണകൂടത്തിന്റെ ആക്രമണാത്മകതയാണ്. പരിഷ്കരണമെന്ന പേരിൽ അവർ നാല് തൊഴിൽ നിയമങ്ങൾ നടപ്പിലാക്കിയിട്ടുണ്ട്. അത് പൊരുതി നേടിയ തൊഴിൽ സംരക്ഷണ സംവിധാനങ്ങളിൽ വെള്ളം ചേർക്കുന്നു. ഈ നിയമങ്ങൾ കൂട്ടായ വിലപേശലിനെ ദുർബലപ്പെടുത്തുന്നു, ട്രേഡ് യൂണിയനുകൾ രൂപീകരിക്കുന്നതും നിലനിർത്തുന്നതും ബുദ്ധിമുട്ടാക്കുന്നു, കരാർവൽക്കരണ സാധ്യത വിപുലപ്പെടുത്തുന്നു, നിയമനവും പിരിച്ചുവിടലും തൊഴിലുടമകൾക്ക് എളുപ്പമാക്കുന്നു. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കൈകളിൽ അധികാരം കേന്ദ്രീകരിക്കുന്നു, പരിശോധനകൾ കുറയ്ക്കുന്നു, മൂലധനാനുകൂലമായി കാര്യങ്ങളെ മാറ്റുന്നു. അതോടൊപ്പം, തൊഴിലാളികളെ വർഗീയമായി വിഭജിക്കാനുള്ള ബോധപൂർവമായ ശ്രമവും നടക്കുന്നു.
വർഗ ഐക്യം ഭീഷണിയായി കാണുന്നതിനാൽ വർഗീയ ധ്രുവീകരണത്തിലൂടെ ചെറുത്തുനില്പുകളെ തകർക്കാന്‍ അവര്‍ ശ്രമിക്കുന്നു. മതത്തിന്റെയും സ്വത്വത്തിന്റെയും അടിസ്ഥാനത്തിൽ തൊഴിലാളികളെ പരസ്പരം തമമിലടിപ്പിക്കുന്നു. ഏതൊരു അർത്ഥവത്തായ പോരാട്ടത്തിനും അനിവാര്യമായ കൂട്ടായ്മയെ ദുർബലപ്പെടുത്തുന്നു. തൊഴിലാളി പ്രതിരോധം കൂടുതൽ കൂടുതൽ കുറ്റകൃത്യമാക്കപ്പെടുന്നു. നോയിഡ പോലുള്ള വ്യാവസായിക കേന്ദ്രങ്ങളിൽ അടുത്തിടെയുണ്ടായ സംഭവങ്ങൾ തൊഴിലാളി പ്രതിഷേധങ്ങളെ ഭീഷണിയും അടിച്ചമർത്തലും ഉപയോഗിച്ച് എങ്ങനെ നേരിടുന്നുവെന്നതിന്റെ നേർക്കാഴ്ചയാണ്.
മേയ് ദിനത്തിന് മുന്നോടിയായി ഉത്തർപ്രദേശ് മുഖ്യമന്ത്രി ആദിത്യനാഥ് നൽകിയ മുന്നറിയിപ്പുകൾ എല്ലാ പരിധികളും ലംഘിക്കുന്നതായിരുന്നു. അത്തരം പ്രസ്താവനകൾ യാദൃച്ഛികമല്ല. ട്രേഡ് യൂണിയനുകളെ നിയമവിരുദ്ധമാക്കാനും തൊഴിലാളികളുടെ ആവശ്യങ്ങൾ ക്രമസമാധാനത്തിന് ഭീഷണിയാണെന്ന് ചിത്രീകരിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ്. സംഘടിത തൊഴിലാളികളോടുള്ള ശക്തമായ ഭീതിയാണ് ഇതിലൂടെ പ്രകടമാകുന്നത്. അതേസമയം, വിലക്കയറ്റം, വേതന സ്തംഭനം, വഷളാകുന്ന ജീവിത സാഹചര്യങ്ങൾ എന്നിവയുമായി തൊഴിലാളികൾ കഷ്ടപ്പെടുകയാണ്. എൽപിജി പോലുള്ള അവശ്യവസ്തുക്കളുടെ ക്ഷാമവും വിലക്കയറ്റവും പണപ്പെരുപ്പ പ്രതിസന്ധിയും ഏറ്റവും കൂടുതൽ ബാധിക്കുന്നത് തൊഴിലാളികളെയാണ്.
മഹാമാരിക്കാലത്തും അതിനുശേഷവും ഉണ്ടായതുപോലെ, കുടിയേറ്റ തൊഴിലാളികൾ വിവേചനവും അരക്ഷിതാവസ്ഥയും നേരിടുന്നു. സമ്പത്ത് ഉല്പാദകരെ തന്നെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള വികസന വായ്ത്താരികൾ പൊള്ളയാണ്. ദ്രുതഗതിയിലുള്ള സാങ്കേതിക പരിവർത്തനത്തിൽ നിന്ന് ഉയർന്നുവരുന്നതാണ് രണ്ടാമത്തെ വെല്ലുവിളി. പ്രത്യേകിച്ച് യന്ത്രവൽക്കരണത്തിന്റെയും കൃത്രിമബുദ്ധിയുടെയും ഉയർച്ചയിൽ നിന്ന്. ഇതിനകംതന്നെ തൊഴിൽ വിപണികളെ പുനർനിർമ്മിച്ചുകൊണ്ടിരിക്കുന്നു എന്നതിനാൽ ഇത് വിദൂര ആശങ്കയല്ല. പരമ്പരാഗത ജോലികൾ മാറ്റിസ്ഥാപിക്കപ്പെടുന്നു. പുതിയ രൂപത്തിലുള്ള അസ്ഥിര തൊഴിലുകൾ, പ്രത്യേകിച്ച് ഗിഗ് സമ്പദ്‌വ്യവസ്ഥയിൽ, വികസിച്ചുകൊണ്ടിരിക്കുന്നു. തൊഴിലാളികളെ അരക്ഷിതവും കുറഞ്ഞ വേതനം നൽകുന്നതും അനിയന്ത്രിതവുമായ ജോലികളിലേക്ക് കൂടുതൽ കൂടുതൽ തള്ളിവിടുന്നു.
സാങ്കേതിക മാറ്റത്തിന്റെ അടിസ്ഥാനത്തിലുള്ള തൊഴിൽ മാറ്റം, പുനർനൈപുണ്യ വികസനം, സാമൂഹിക സംരക്ഷണം എന്നിവ പരിഹരിക്കുന്നതിന് ഒരു ഏകീകൃത നയ ചട്ടക്കൂട് നിലവിലില്ല. ഗ്രാമീണ ദുരിതം തൊഴിലാളികളെ നഗരങ്ങളിലേക്ക് തള്ളിവിടുന്നത് തുടരുന്നു, അവിടെ അവർ യാതൊരു സുരക്ഷാ വലയവുമില്ലാതെ അനൗപചാരിക, താൽക്കാലിക തൊഴിൽ മേഖലകളിൽ ചേരാൻ നിർബന്ധിതമാകുന്നു. തൊഴിലാളികൾ കൂടുതൽ അരികുവൽക്കരിക്കപ്പെടുന്നു. സാങ്കേതിക പുരോഗതിയുടെ പേരിൽ സമൂഹത്തിന് മൊത്തത്തിൽ ഗുണം ചെയ്യുന്ന ഒന്നല്ല ഇത്. മറിച്ച് മൂലധന താല്പര്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന സാങ്കേതിക മാറ്റമാണ്. ഈ രണ്ട് വെല്ലുവിളികളും പ്രത്യയശാസ്ത്രപരവും രാഷ്ട്രീയവുമായ വ്യക്തമായ പ്രതികരണം ആവശ്യപ്പെടുന്നു.
തൊഴിലാളിവർഗത്തിന് അവയെ തനിച്ച് നേരിടാൻ കഴിയില്ല. തൊഴിലാളി, കർഷക ഐക്യം അത്യാവശ്യമാണ്. മനുഷ്യക്ഷേമത്തെക്കാൾ കോർപറേറ്റ് ലാഭത്തിന് മുൻഗണന നൽകുന്ന ഒരേ നയമുള്ള ഭരണകൂടത്തിന്റെ പരസ്പരബന്ധിത ഫലങ്ങളാണ് കാർഷിക ദുരിതവും തൊഴിൽ അനിശ്ചിതത്വവും. ഈ സാഹചര്യത്തിൽ, മേയ് ദിനം ആ ഐക്യം വീണ്ടെടുക്കാനുള്ള ആഹ്വാനമാണ്. തൊഴിലാളി വർഗശക്തി കൂട്ടായ പ്രവർത്തനത്തിലാണെന്ന, പോരാട്ടങ്ങൾ സാമ്പത്തികവും രാഷ്ട്രീയവുമായിരിക്കണമെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണിത്. ചിക്കാഗോയുടെയും സോവിയറ്റ് യൂണിയന്റെയും ശിങ്കാരവേലുവിന്റെയും സുബ്ബയ്യയുടെയും അംബേദ്കറുടെയും പൈ തൃകത്തെ വാക്കുകളിൽ മാത്രം അനുസ്മരിക്കേണ്ടതല്ല. അത് പ്രായോഗികമായി മുന്നോട്ട് കൊണ്ടുപോകണം.
എട്ട് മണിക്കൂർ തൊഴിൽ, പ്രസവാനുകൂല്യങ്ങൾ, സാമൂഹിക സുരക്ഷ, സംഘടിക്കാനുള്ള അവകാശം, ഈ നേട്ടങ്ങളെല്ലാം അക്ഷീണ പോരാട്ടത്തിലൂടെ നേടിയെടുത്തതാണ്. പോരാട്ടം ദുർബലമായാൽ അവ ഇല്ലാതാക്കപ്പെടും. അധ്വാനം ഒരു ഉപഭോഗവസ്തുവല്ലെന്ന് മേയ് ദിനം സ്ഥിരീകരിക്കുന്നു. സമ്പത്ത് ഉല്പാദിപ്പിക്കുന്നവർക്ക് അവരുടെ അധ്വാനത്തിന്റെ അവസ്ഥകളിൽ നിയന്ത്രണവും അതിന്റെ ഫലങ്ങളിൽ ന്യായമായ പങ്കും ഉണ്ടായിരിക്കണമെന്ന് അത് ഉറപ്പിക്കുന്നു. ജനാധിപത്യം ബാലറ്റ് പെട്ടിക്കപ്പുറം ജോലിസ്ഥലത്തേക്കും സമ്പദ്‌വ്യവസ്ഥയിലേക്കും വ്യാപിക്കണമെന്ന് അത് നിർബന്ധിക്കുന്നു.
ആഴമേറിയ അസമത്വം, വളരുന്ന സ്വേച്ഛാധിപത്യം, ദ്രുതഗതിയിലുള്ള സാങ്കേതിക മാറ്റം എന്നിവയുടെ കാലഘട്ടത്തിൽ, മേയ് ദിനത്തിന്റെ പ്രസക്തി കൂടുതൽ തീവ്രമായിരിക്കുന്നു. ഐക്യം, വ്യക്തത, ധീരത എന്നിവ മുന്നോട്ടുള്ള യാത്രയ്ക്ക് അനിവാര്യമാണ്. തൊഴിലാളിവർഗം വിഭജനങ്ങൾക്കപ്പുറം ഉയർന്നുവരണം. അവകാശങ്ങൾ തട്ടിയെടുക്കുന്നതിനെ ചെറുക്കണം, നീതിയുക്തവും സമത്വപരവുമായ ഒരു സമൂഹത്തെക്കുറിച്ചുള്ള ദർശനം ആവിഷ്കരിക്കണം. അതാണ് മേയ് ദിനത്തിന്റെ യഥാർത്ഥ അന്തഃസത്ത.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment