തൊഴിൽരംഗത്ത് വളർന്നുവരുന്നത് വിസ്ഫോടനാത്മക അന്തരീക്ഷം

Janayugom
Developer Admin

ദേശീയ തലസ്ഥാന മേഖലയിൽ ഉൾപ്പെട്ട നോയിഡയിൽ ആരംഭിച്ച തൊഴിലാളി പ്രക്ഷോഭത്തിന് താല്‍ക്കാലിക ശമനമായ പ്രതീതി സൃഷ്ടിക്കാൻ ക്രൂരമായ പൊലീസ് നടപടികൾ, അറസ്റ്റുകൾ, വ്യാപക കരുതൽതടങ്കലുകൾ, നാമമാത്ര വേതന വർധന, സംഘടിത ട്രേഡ്‌യൂണിയനുകളുടെ അഭാവം എന്നിവവഴി കഴിഞ്ഞിട്ടുണ്ടെങ്കിലും ഇപ്പോഴത്തെ ശാന്തത താൽക്കാലികം മാത്രമാണെന്നുവേണം കരുതാൻ. അസംഘടിത വ്യാവസായിക തൊഴിലാളികളുടെ ചെറുത്തുനില്പ് സമരം നോയിഡയിൽ മാത്രമായി ഒതുങ്ങിനിൽക്കുന്ന ഒരു പ്രതിഭാസമല്ല. ഉത്തർപ്രദേശ്, ഹരിയാന, ഗുജറാത്ത്, മഹാരാഷ്ട്ര, ദക്ഷിണേന്ത്യൻ വ്യാവസായിക കേന്ദ്രങ്ങൾ തുടങ്ങി രാജ്യവ്യാപകമായി തൊഴിലാളി കേന്ദ്രങ്ങൾ അസ്വസ്ഥമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോയിഡയിലെ പ്രക്ഷോഭത്തിന് ദേശീയ, ആഗോള മാധ്യമങ്ങളിൽ ലഭിച്ച പരിഗണന ഇതര തൊഴിലാളി കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങൾക്ക് ലഭിച്ചിരുന്നില്ല എന്നതാണ് വസ്തുത. അവിടങ്ങളിലെ തൊഴിലാളി പ്രകടനങ്ങളും പ്രതിഷേധങ്ങളും നോയിഡയിലേതുപോലെ അക്രമാസക്തവും കർക്കശ പൊലീസ് നടപടികളിലേക്കും നീങ്ങിയില്ല. മാത്രമല്ല, പ്രക്ഷോഭങ്ങളെ ബലംപ്രയോഗിച്ച് അടിച്ചമർത്താനാവില്ലെന്നും, അതിനുശ്രമിച്ചാൽ തൊഴിലാളി പ്രക്ഷോഭം കൈവിട്ടുപോകാൻ സാധ്യത ഏറെയാണെന്നും ബോധ്യപ്പെട്ടതോടെ യുപിയിലും ഹരിയാനയിലും നേരിയ വേതനവർധന പ്രഖ്യാപിക്കാൻ ഇരു സംസ്ഥാനങ്ങളിലെയും ബിജെപി സർക്കാരുകൾ നിർബന്ധിതമായി. മോഡി സർക്കാരിന്റെ പുത്തൻ തൊഴിൽ കോഡുകളും തൊഴിൽനയങ്ങളും പണിയിടങ്ങളിൽ തൊഴിലാളി യൂണിയൻ പ്രവർത്തനം അസാധ്യമാക്കിയത് തൊഴിലാളികളുടെ കൂട്ടായ വിലപേശലിനുള്ള കരുത്തിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. അത് തൊഴിലാളി പ്രക്ഷോഭങ്ങളിൽ പരമ്പരാഗതമായി തുടർന്നുവന്നിരുന്ന ട്രേഡ് യൂണിയൻ പ്രവർത്തനശൈലിയെയും വിലപേശൽ രീതികളെയും ദുർബലപ്പെടുത്തുകയും പ്രക്ഷോഭത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത തുടർച്ചാ സാധ്യതകൾക്ക് മങ്ങലേല്പിക്കുകയും ചെയ്തിട്ടുണ്ട്. 

നരേന്ദ്ര മോഡിയുടെ ഒരു വ്യാഴവട്ടക്കാലത്തിലേറെയായി തുടരുന്ന ഭരണത്തിൽ തൊഴിലാളികളുടെ വേതനത്തിൽ ഗണ്യമായ ഇടിവ് സംഭവിച്ചതായി സർക്കാരിന്റെ കണക്കുകൾതന്നെ സാക്ഷ്യപ്പെടുത്തുന്നു. മോഡി ഭരണത്തിൽ സ്ഥിര സ്വാഭാവമുള്ള തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള നഗര തൊഴിലാളികളുടെ വേതനത്തിൽ 1.2 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കേന്ദ്രസർക്കാരിന്റെ കാലിക തൊഴിൽ ശക്തി സർവേ അനുസരിച്ച് 2022–25 കാലയളവിൽ ഗ്രാമീണ അ സ്ഥിര തൊഴിലുകളിൽ ഏർപ്പെട്ടിട്ടുള്ള പുരുഷന്മാരുടെ യഥാർത്ഥ വേതനം മൂന്ന് ശതമാനംകണ്ട് കുറഞ്ഞു. നഗരങ്ങളിലും ആനുപാതികമായി വേതനത്തിൽ കുറവ് വന്നതായി കാണാം. 2004–2012 കാലയളവിൽ നഗര തൊഴിലാളികളുടെ വേതനത്തിൽ നാല് ശതമാനവും ഗ്രാമീണ മേഖലയിൽ മൂന്ന് ശതമാനവും വർധന രേഖപ്പെടുത്തിയിരുന്നിടത്താണ് ഇത്. മോഡിപൂർവ കാലഘട്ടത്തിൽ തൊഴിൽനിയമങ്ങളിൽ വൈദഗ്ധ്യമുള്ള, ഉത്തരവാദപ്പെട്ട, ട്രേഡ്‌ യൂണിയനുകളും അവയുടെ നേതാക്കളും തർക്കപരിഹാരശ്രമങ്ങളിൽ ക്രിയാത്മക ഇടപെടൽ നടത്തിയിരുന്നത് തൊഴിൽ സംഘർഷങ്ങൾ ല ഘൂകരിക്കാൻ സഹായകമായിരുന്നു. മോഡി ഭരണകൂട തൊഴിൽനയങ്ങളും തൊഴിൽ കോഡുകളും അത്തരം തർക്കപരിഹാര സാധ്യതകൾ ഇല്ലാതാക്കുകയും തൽഫലമായി തൊഴിലാളികൾ തെരുവിലിറങ്ങാൻ നിർബന്ധിതരാവുകയും ചെയ്തിരിക്കുന്നു. അത്തരം പ്രതിഷേധങ്ങൾ അക്രമങ്ങളിലേക്ക് തിരിയാനുള്ള സാധ്യത ഏറെയാണ്. പുതിയ തൊഴിൽ നയങ്ങളും നിയമങ്ങളും ഇന്ത്യയുടെ ഔപചാരിക തൊഴിൽ മേഖലയെപ്പോലും തിരിച്ചറിയാനാവാത്തവിധം മാറ്റിമറിച്ചിരിക്കുന്നു. ഔപചാരിക തൊഴിൽ മേഖലയിൽ, 2025ലെ കണക്കുകൾ അനുസരിച്ച് 58 ശതമാനത്തിലധികം തൊഴിലാളികളും യാതൊരു കരാറും കൂടാതെ തൊഴിൽദാതാക്കളുടെ ഔദാര്യത്തിലാണ് പണിയെടുക്കുന്നത്. 51 ശതമാനത്തിലേറെ തൊഴിലാളികൾക്കും യാതൊരു സാമൂഹ്യ സുരക്ഷാ പദ്ധതിയുടെയും സംരക്ഷണമില്ല. 47% തൊഴിലാളികളുടെയും അവധി ആനുകൂല്യങ്ങൾപോലും നിഷേധിക്കപ്പെട്ടിരിക്കുന്നു. ഇത് ഇന്ത്യയിലെ തൊഴിൽരംഗത്ത് നിലനിൽക്കുന്ന കൊടിയ നീതിനിഷേധത്തിന്റെയും ചൂഷണത്തിന്റെയും സൂചനപോലും ആകുന്നില്ല. രാജ്യത്തെ തൊഴിൽരംഗം അനൗപചാരികതയുടെയും അനിശ്ചിതത്വത്തിന്റെയും അവ്യവസ്ഥയുടെയും കൂത്തരങ്ങായി അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. നിതി ആയോഗിന്റെ കണക്കുകളനുസരിച്ച് 2020–21ൽ 7.7 ദശലക്ഷം തൊഴിലാളികളുണ്ടായിരുന്ന ഗിഗ് തൊഴിൽ മേഖലയിൽ ഈ പതിറ്റാണ്ടിന്റെ അന്ത്യത്തോടെ 23 ദശലക്ഷം തൊഴിലാളികളാണ് എത്തിച്ചേരുക. 

തൊഴിലാളികളുടെ വേതനത്തിലും സാമൂഹ്യസുരക്ഷയടക്കം അനുബന്ധ ആനുകൂല്യങ്ങളിലും സംഭവിക്കുന്ന ഇടിവും നിഷേധവും, തൊഴിലാളികളുടെ സംഘടിക്കാനും കൂട്ടായ വിലപേശലിനുമുള്ള അവകാശം റദ്ദ് ചെയ്യപ്പെട്ടതും, ഔപചാരിക തൊഴിലിനുപകരം തൊഴിൽരംഗത്ത് നടമാടുന്ന അവ്യവസ്ഥയും അനിശ്ചിതത്വവും പ്രവചനാതീതമായ പ്രത്യാഘാതങ്ങളായിരിക്കും ക്ഷണിച്ചുവരുത്തുക. തൊഴിൽരംഗത്തെ പ്രശ്നങ്ങൾ ചർച്ചചെയ്യാനും സമവായ ശ്രമങ്ങളിലൂടെ പരിഹാരം കാണാനും നിർണായകവും ചരിത്രപരവുമായ പങ്കുവഹിച്ചിരുന്ന, ഇന്ത്യയുടെ ‘ലേബർ പാർലമെന്റെ‘ന്ന് അറിയപ്പെട്ടിരുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് അവസാനം സമ്മേളിച്ചത് 2015ലാണ്. 46 വർഷക്കാലം രാജ്യത്തിന്റെ ചരിത്രഗതിയിൽ നിർണായക പങ്കുവഹിച്ചിരുന്ന, തൊഴിലാളികളെയും തൊഴിൽ ഉടമകളെയും സർക്കാരിനെയും ഒരു വേദിയിൽ ഒരുമിച്ചുകൊണ്ടുവരുന്ന, സമവായ സംവിധാനമാണ് മോഡി സർക്കാർ ഉപേക്ഷിച്ചത്. രാജ്യത്തിന്റെ സമ്പത്തുല്പാദനത്തിൽ നിർണായക ഘടകങ്ങളായ തൊഴിലാളികളെയും കർഷകരെയും അവഗണിച്ചു മുന്നോട്ടുപോകാനുള്ള ഭരണകൂടനീക്കം അതിന്റെ നിലനില്പിനുതന്നെ കനത്ത വെല്ലുവിളിയാണ് ഉയർത്തുന്നത്. ഉപരിതലത്തിലെ ശാന്തത വരാനിരിക്കുന്ന വിസ്ഫോടനത്തിന്റെയും മഹാവിപത്തിന്റെയും മുന്നോടിയാണെന്ന് തിരിച്ചറിയാൻ രാഷ്ട്രീയ വിവേകം കൂടിയേതീരു. 

Previous
മേയ് ദിനവും സമകാലിക തൊഴില്‍ അവകാശ പോരാട്ടങ്ങളും
Next
സംശയരോഗം; തൃശൂരില്‍ ഭാര്യയെ ഭര്‍ത്താവ് കഴുത്തു ഞെരിച്ച് കൊന്നു

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment