ഫ്രാൻസിൽ നിന്ന് ഇംഗ്ലീഷ് ചാനൽ വഴി യുകെയിലേക്ക് കടക്കാൻ ശ്രമിച്ച രണ്ട് യുവതികളെ ബോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. സുഡാൻ സ്വദേശികളാണെന്ന് കരുതപ്പെടുന്ന ഇരുപതുകളിൽ പ്രായമുള്ള യുവതികളാണ് മരിച്ചത്. 82 പേരുമായി ശനിയാഴ്ച രാത്രി പുറപ്പെട്ട ബോട്ടിലെ എഞ്ചിൻ തകരാറിലായതാണ് അപകടത്തിന് കാരണമായതെന്ന് ഫ്രഞ്ച് ഉദ്യോഗസ്ഥർ അറിയിച്ചു. എഞ്ചിൻ പ്രവർത്തനം നിലച്ചതിനെത്തുടർന്ന് ബോട്ട് നിയന്ത്രണമില്ലാതെ കടലിൽ ഒഴുകി നടക്കുകയായിരുന്നു. ബോട്ടിലുണ്ടായിരുന്ന പതിനേഴ് പേരെ അധികൃതർ രക്ഷപ്പെടുത്തി ബൊലോൺ‑സുർ‑മെർ തുറമുഖത്തെത്തിച്ചു. ബാക്കിയുള്ള 65 പേരുമായി ബോട്ട് നിയുഫ്ചാറ്റൽ‑ഹാർഡിലോട്ട് കടൽത്തീരത്ത് അടിഞ്ഞു. ഇവിടെ നടത്തിയ പരിശോധനയിലാണ് ബോട്ടിലെ തിരക്കിനിടയിൽ ശ്വാസം മുട്ടിയോ അല്ലെങ്കിൽ മറ്റുള്ളവർക്ക് അടിയിൽപ്പെട്ടോ മരിച്ച നിലയിൽ യുവതികളെ കണ്ടെത്തിയത്.
അപകടത്തിൽ പരിക്കേറ്റ 13 പേരെയും പൊള്ളലേറ്റതടക്കം ഗുരുതരമായ പരിക്കുകളുള്ള മൂന്ന് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അനധികൃതമായി ആളെ കടത്തുന്നവരെ കണ്ടെത്താനായി അതിർത്തി പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. കഴിഞ്ഞ ഏപ്രിലിലും ഇത്തരത്തിൽ യുകെയിലേക്ക് കടക്കാൻ ശ്രമിച്ച ആറുപേർ ഇംഗ്ലീഷ് ചാനലിൽ മരിച്ചിരുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം 2025ൽ മാത്രം ഈ മേഖലയിൽ 29 പേർ മരിച്ചിട്ടുണ്ട്. അഭയാർത്ഥി പ്രവാഹം തടയുന്നതിനായി യുകെയും ഫ്രാൻസും തമ്മിൽ 660 മില്യൺ പൗണ്ടിന്റെ സുരക്ഷാ കരാറിൽ ഏർപ്പെട്ടിട്ടുണ്ടെങ്കിലും അപകടങ്ങൾ തുടരുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment