ഇറാനിൽ നിന്ന് എണ്ണ വാങ്ങുന്നു എന്നാരോപിച്ച് അഞ്ച് ചൈനീസ് എണ്ണക്കമ്പനികൾക്ക് മേൽ അമേരിക്ക ഏർപ്പെടുത്തിയ ഉപരോധം തള്ളി ചൈന. യുഎസ് ഉപരോധം ചൈനീസ് സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ നിയമവിരുദ്ധമായി തടസ്സപ്പെടുത്തുകയാണെന്നും ഇത് അംഗീകരിക്കാനാവില്ലെന്നും ചൈനീസ് വാണിജ്യ മന്ത്രാലയം വ്യക്തമാക്കി. ഉപരോധം നടപ്പിലാക്കുന്നതിനോ അംഗീകരിക്കുന്നതിനോ എതിരെ മന്ത്രാലയം നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. രാജ്യത്തിന്റെ പരമാധികാരം, സുരക്ഷ, വികസന താൽപ്പര്യങ്ങൾ എന്നിവ സംരക്ഷിക്കുന്നതിനാണ് ഇത്തരമൊരു നീക്കമെന്ന് ചൈന അറിയിച്ചു. ഐക്യരാഷ്ട്രസഭയുടെ അംഗീകാരമില്ലാത്തതും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധവുമായ ഏകപക്ഷീയമായ ഉപരോധങ്ങളെ തങ്ങൾ എന്നും എതിർക്കുന്നുവെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
ഹെങ്‌ലി പെട്രോകെമിക്കൽ റിഫൈനറി, ഷാൻഡോംഗ് ജിൻചെങ് പെട്രോകെമിക്കൽ ഗ്രൂപ്പ്, ഹെബെയ് സിൻഹായ് കെമിക്കൽ ഗ്രൂപ്പ്, ഷൗഗുവാങ് ലൂക്വിംഗ് പെട്രോകെമിക്കൽ, ഷാൻഡോംഗ് ഷെങ്‌സിങ് കെമിക്കൽ എന്നീ കമ്പനികൾക്കെതിരെയാണ് അമേരിക്ക നടപടി എടുത്തത്. ഇതിൽ ഹെങ്‌ലി പെട്രോകെമിക്കൽ ഇറാൻ സൈന്യത്തിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുക്കുന്ന പ്രധാന ഉപഭോക്താവാണെന്നാണ് അമേരിക്കൻ ട്രഷറി വിഭാഗം ആരോപിക്കുന്നത്.
ചൈനയുടെ ആകെ എണ്ണ ഉപഭോഗത്തിന്റെ പകുതിയിലധികവും പശ്ചിമേഷ്യയിൽ നിന്നാണ്. ഇതിൽ വലിയൊരു ഭാഗം ഇറാനിൽ നിന്നുള്ളതാണ്. കമ്മോഡിറ്റീസ് ഡാറ്റാ സ്ഥാപനമായ ‘കെപ്ലർ’ നൽകുന്ന വിവരമനുസരിച്ച്, 2025ൽ ഇറാൻ കയറ്റുമതി ചെയ്ത എണ്ണയുടെ 80 ശതമാനത്തിലധികവും വാങ്ങിയത് ചൈനയാണ്. ചൈനയിലെ സ്വതന്ത്ര റിഫൈനറികളായ ‘ടീപോട്ട്’ കമ്പനികളാണ് ഉപരോധം നേരിടുന്ന രാജ്യങ്ങളിൽ നിന്ന് വിലകുറച്ച് എണ്ണ വാങ്ങുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നത്. അമേരിക്കൻ ഉപരോധം ഈ കമ്പനികളുടെ സാമ്പത്തിക ഇടപാടുകളെയും ഉൽപ്പന്ന വിപണനത്തെയും പ്രതിസന്ധിയിലാക്കിയിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment