Related News

ബ്രിജ് ഭൂഷണെതിരെ പരാതി നൽകിയ ആറുപേരില്‍ ഒരാള്‍ ഞാനാണ്; വെളിപ്പെടുത്തലുമായി വിനേഷ് ഫോഗട്ട്

Janayugom
Developer Admin

ഗുസ്തി ഫെഡറേഷൻ മുൻ അധ്യക്ഷനും ബിജെപി നേതാവുമായ ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ ആറ് താരങ്ങളിൽ ഒരാൾ താനാണെന്ന് വെളിപ്പെടുത്തി വിനേഷ് ഫോഗട്ട്. എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് വിനേഷ് ഫോഗട്ട് ഈ നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. കേസ് കോടതിയുടെ പരിഗണനയിലായതിനാൽ ഇതുവരെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നില്ലെന്നും തങ്ങളുടെ സാക്ഷിമൊഴികൾ ഇപ്പോഴും തുടരുകയാണെന്നും വിനേഷ് പറഞ്ഞു.

മെയ് 10 മുതല്‍ 12 വരെ ഉത്തര്‍പ്രദേശിലെ ഗോണ്ടയില്‍ നടക്കാനിരിക്കുന്ന നാഷണല്‍ ഓപ്പണ്‍ റാങ്കിംഗ് ടൂര്‍ണമെന്റിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെയാണ് വെളിപ്പെടുത്തല്‍. ബ്രിജ് ഭൂഷണ് ശക്തമായ സ്വാധീനമുള്ള ഗോണ്ടയിൽ മത്സരിക്കാൻ പോകുന്നത് വലിയ മാനസിക സമ്മർദ്ദമുണ്ടാക്കുന്ന കാര്യമാണ്. അദ്ദേഹത്തിന്റെ വീടിനും കോളജിനും അടുത്തുള്ള വേദിയിൽ എത്തുമ്പോൾ അവിടെയുള്ള ഓരോ വ്യക്തിയും അദ്ദേഹവുമായി ബന്ധമുള്ളവരായിരിക്കും. ഇത്തരമൊരു സാഹചര്യത്തിൽ 100 ശതമാനം കഴിവും പുറത്തെടുക്കാൻ കായികതാരങ്ങൾക്ക് കഴിയില്ലെന്ന് വിനേഷ് പറഞ്ഞു.

താനാണ് ഇപ്പോഴും ഗുസ്തി ഫെഡറേഷൻ നടത്തുന്നതെന്ന് ബ്രിജ് ഭൂഷൺ പരസ്യമായി പറഞ്ഞിട്ടും കായിക മന്ത്രാലയമോ സർക്കാരോ നടപടിയെടുക്കുന്നില്ലെന്ന് വിനേഷ് കുറ്റപ്പെടുത്തി. “താൻ ഒരാളെ കൊന്നിട്ടുണ്ടെന്ന് ക്യാമറയ്ക്ക് മുന്നിൽ വെളിപ്പെടുത്തിയ വ്യക്തിയാണ് അദ്ദേഹം. ഗോണ്ടയിലെ മത്സരത്തിനിടെ തനിക്കോ തന്റെ ടീമിനോ എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ ഉത്തരവാദിത്തം സർക്കാരിനായിരിക്കും,” വിനേഷ് മുന്നറിയിപ്പ് നൽകി. 

പാരിസ് ഒളിമ്പിക്‌സിന് ശേഷം വിനേഷ് പങ്കെടുക്കുന്ന ആദ്യ മത്സരമാണിത്. 57 കിലോഗ്രാം വിഭാഗത്തിലാണ് ഇത്തവണ താരം മത്സരിക്കുന്നത്. 2026ലെ ഏഷ്യൻ ഗെയിംസിലേക്കുള്ള യോഗ്യത നേടുന്നതിൽ ഈ ടൂർണമെന്റ് നിർണ്ണായകമാണ്. പാരിസ് ഒളിമ്പിക്‌സിലെ അയോഗ്യതയെത്തുടർന്ന് വിരമിക്കൽ പ്രഖ്യാപിച്ചെങ്കിലും പിന്നീട് അത് പിൻവലിച്ച് 2028ലെ ലോസ് ഏഞ്ചൽസ് ഒളിമ്പിക്‌സ് ലക്ഷ്യമിട്ട് മുന്നേറുകയാണ് വിനേഷ് ഫോഗട്ട്.

Previous
ഇറാനിൽ നിന്ന് എണ്ണ വാങ്ങിയെന്നാരോപണം; അഞ്ച് ചൈനീസ് എണ്ണക്കമ്പനികൾക്ക് മേൽ അമേരി...
Next
ഡച്ച് രാജകുമാരികളെ വധിക്കാൻ പദ്ധതി; പ്രതി പിടിയില്‍

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment