ഡച്ച് രാജകുമാരികളെ വധിക്കാനായി പദ്ധതിയിട്ട യുവാവിനെ പിടികൂടിയതായി നെതർലൻഡ്സ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. കാതറിന അമാലിയ, സഹോദരി അലക്സിയ തുടങ്ങിയ രാജകുമാരികളെയാണ് 33 കാരനായ പ്രതി കൊലപ്പെടുത്താൻ പദ്ധതിയിട്ടത്.
കഴിഞ്ഞ ഫെബ്രുവരി മാസം ഇയാൾ രാജകുമാരികളെ വധിക്കാൻ ഗൂഢാലോചനയിട്ടിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വില്ലെം അലക്‌സാണ്ടർ രാജാവിന്റെയും മാക്‌സിമ രാജ്ഞിയുടെയും മക്കളാണ് അമാലിയയും അലക്‌സിയയും. ഇവർ കഴിഞ്ഞ ഏപ്രിൽ 27 ന് നടന്ന ‘കിങ്‌സ് ഡേ’ ആഘോഷത്തിൽ പങ്കെടുത്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ വാർത്തകളിൽ നിറഞ്ഞിരുന്നു. വൻ സുരക്ഷാ സന്നാഹങ്ങളോടെയാണ് രാജ കുടുംബം കിങ്‌സ് ഡേയിൽ പങ്കെടുത്തത്. ഇതിനുപിന്നാലെയാണ് അവർക്കുനേരെ ഫെബ്രുവരിയിൽ വധശ്രമം നടന്നതിന്റെ റിപോർട്ടുകൾ പുറത്തുവന്നത്.
പ്രതിയുടെ പക്കല്‍ നിന്നും ആയുധങ്ങള്‍ക്കു പുറമേ ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസിയെ പരാമർശിക്കുന്ന ചില കുറിപ്പുകളും കണ്ടെത്തിയിട്ടുണ്ട്. പ്രതിയെക്കുറിച്ചുളള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. ഇയാളെ തിങ്കളാഴ്ച ഡച്ച് കോടതിയിൽ ഹാജരാക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment