ഇംഗ്ലണ്ടിന്റെയും മാഞ്ചസ്റ്റർ യുണൈറ്റഡിന്റെയും മുൻ സൂപ്പർ താരം ആഷ്‌ലി യങ്ങ് പ്രൊഫഷണൽ ഫുട്ബോളിൽ നിന്ന് വിരമിക്കുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ടുനിന്ന ഐതിഹാസികമായ കരിയറിനാണ് ഈ സീസണോടെ തിരശീല വീഴുന്നത്. നിലവിൽ ഇംഗ്ലീഷ് ചാമ്പ്യൻഷിപ്പ് ക്ലബ്ബായ ഇപ്സ്‌വിച്ച് ടൗണിന് വേണ്ടിയാണ് 40കാരനായ യങ് കളിക്കുന്നത്.
ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് വിരമിക്കൽ വാർത്ത താരം ആരാധകരുമായി പങ്കുവച്ചത്.
2003ൽ വാറ്റ്‌ഫോർഡിലൂടെ കരിയർ തുടങ്ങിയ യങ്, 2006ൽ ക്ലബ്ബിനെ പ്രീമിയർ ലീഗിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ചു. 2007ൽ വില്ലയിലെത്തിയ താരം പ്രീമിയർ ലീഗിലെ മികച്ച വിങ്ങര്‍മാരിൽ ഒരാളായി വളർന്നു. 2009ൽ ‘പിഎഫ്എ യങ് പ്ലെയർ ഓഫ് ദി ഇയർ’ പുരസ്കാരം നേടി. സർ അലക്സ് ഫെർഗൂസണ് കീഴിൽ യുണൈറ്റഡിലെത്തിയതാണ് കരിയറിലെ സുവർണകാലം. ക്ലബ്ബിനായി പ്രീമിയർ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ് കിരീടങ്ങൾ നേടി. പിന്നീട് ടീമിന്റെ ക്യാപ്റ്റനായും മാറി.
ഇറ്റാലിയൻ കരുത്തരായ ഇന്റർ മിലാനൊപ്പം 2020–21 സീസണിൽ സീരി എ കിരീടം സ്വന്തമാക്കി. ഇംഗ്ലണ്ടിനായി 39 മത്സരങ്ങൾ കളിച്ച യങ് 2012 യൂറോ കപ്പിലും 2018 ലോകകപ്പിലും രാജ്യത്തിന്റെ ജേഴ്സിയണിഞ്ഞു. വാറ്റ്‌ഫോർഡ്, ആസ്റ്റൺ വില്ല, മാഞ്ചസ്റ്റർ യുണൈറ്റഡ്, ഇന്റർ മിലാൻ, എവർട്ടൺ, ഇപ്സ്‌വിച്ച് ടൗൺ എന്നീ ക്ലബ്ബുകൾക്കായി 750ലധികം മത്സരങ്ങളിൽ നിന്ന് 88 ഗോളുകൾ താരം നേടിയിട്ടുണ്ട്. സുവർണ നേട്ടങ്ങളുമായി മൈതാനം വിടുന്ന ആഷ്‌ലി യങ്ങിന് കായിക ലോകം ആദരമർപ്പിക്കുകയാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment