1886 മേയ് ഒന്നിന് ചിക്കാഗോയിലെ ഹേമാർക്കറ്റിൽ നടന്ന തൊഴിലാളി സമരത്തിന്റെ 140-ാം വാർഷിക ദിനത്തിൽ എല്ലാ തൊഴിലാളികളേയും എഐടിയുസി അഭിവാദ്യം ചെയ്യുന്നു. ചിക്കാഗോ സമരത്തിന് നേതൃത്വം കൊടുത്തതിന്റെ പേരിൽ തൂക്കിലേറ്റപ്പെട്ട സഖാക്കൾ അഗസ്റ്റസ് സ്പീസ്, ആൽബർട്ട് പാഴ്സൻ, അഡോൾഫ് ഫിഷർ, ജോർജ് ഏംഗൽ എന്നിവരും തടങ്കലിലാക്കപ്പെട്ട സാമുവൽ ഫിയൽഡൻ, മൈക്കേൽ ഷ്വാബ്, ഓസ്ക്കർ നീബ്, ലൂയി ലിങ്ങ് എന്നിവരുമുൾപ്പെടെ ആ സമരത്തോടനുബന്ധിച്ച് നടന്ന വെടിവയ്പിലും മർദനത്തിലും കൊല്ലപ്പെട്ട അനശ്വരരായ അനേകം രക്തസാക്ഷികളുടെ ദീപ്തമായ സ്മരണകൾക്ക് മുന്നിൽ എഐടിയുസി ആദരപൂർവം അഭിവാദ്യങ്ങൾ അർപ്പിക്കുന്നു. ചിക്കാഗോ സമരത്തിൽ നിന്നും ആവേശമുൾക്കൊണ്ട ആഗോള തൊഴിലാളി വർഗം തങ്ങളുടെ മൗലികാവകാശങ്ങൾ നേടിയെടുക്കുന്നതിനായി നടത്തിയ മുന്നേറ്റങ്ങൾക്കാണ് പിന്നീടുള്ള ദശകങ്ങൾ സാക്ഷ്യംവഹിച്ചത്. ആ മുന്നേറ്റങ്ങളുടേയും സംഘടിത പോരാട്ടങ്ങളുടേയും പരിണിതഫലമായിരുന്നു തൊഴിലാളികളുടെ അവകാശങ്ങൾ അംഗീകരിക്കാതെയും അവരുടെ സഹകരണം കൂടാതെ ഇനിയും മുന്നോട്ട് പോകാനാവില്ലെന്നുമുള്ള അധികാരി വർഗത്തിന്റെ തിരിച്ചറിവ്. ആ തിരിച്ചറിവിൽ നിന്നാണ് തൊഴിലാളിക്കും തൊഴിലുടമയ്ക്കും ഭരണകൂടത്തിനും തുല്യ അധികാരങ്ങളുള്ള അന്താരാഷ്ട്ര തൊഴിൽ സംഘടന ജനിക്കുന്നത്. ആ സംഘടനയുടെ ആദ്യ തീരുമാനം തന്നെ പ്രവൃത്തി സമയം എട്ടുമണിക്കൂർ എന്നതായിരുന്നു. ആ തീരുമാനവും തുടർന്നുള്ള കരാറുകളും നടപ്പാക്കാൻ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങൾ നിർബന്ധിതമായി. എന്നാൽ ഇന്ന് ചരിത്രം തിരികെ നടക്കുന്ന കാഴ്ചയാണ് നാം കാണുന്നത്. സർക്കാരുകളുടെ ഒത്താശയോടെ കോർപറേറ്റുകളും മൂലധനശക്തികളും ചേർന്ന് അധ്വാനിക്കുന്ന ജനവിഭാഗത്തെ ആധുനിക അടിമകളാക്കുന്നു. പ്രവൃത്തിസമയം കുറയ്ക്കണമെന്ന ആവശ്യം ആഗോളതലത്തിൽ ഉയർത്തുമ്പോൾ ദിവസേന 10–12 മണിക്കൂർ പണിയെടുക്കണമെന്ന് മുതലാളിത്തം ആജ്ഞാപിക്കുന്നു. ലാഭം കുമിഞ്ഞുകൂടുമ്പോഴും വേതനം സ്തംഭനാവസ്ഥയിൽ തുടരുന്നു. സാമൂഹികസുരക്ഷ ഭരണകൂട ഉത്തരവാദിത്തമല്ലെന്ന് വ്യാഖ്യാനിക്കപ്പെടുന്നു. കൂട്ടായ വിലപേശലും പണിമുടക്കവും തൊഴിലാളികളുടെ അവകാശമല്ലെന്ന് വാദിക്കുന്നു. അവകാശ സമരങ്ങളെ അടിച്ചമർത്തുന്നു. ട്രേഡ് യൂണിയൻ പ്രവർത്തകരെ പീഡിപ്പിക്കുന്നു. പണിമുടക്കുകളെ കുറ്റകൃത്യമാക്കുന്നു. ജനാധിപത്യാവകാശങ്ങൾ നിയന്ത്രിക്കപ്പെടുന്നു. തൊഴിലിടങ്ങളിലെ സുരക്ഷാ സംവിധാനങ്ങൾ “പാഴ്‌ചെലവ്” എന്നാണ് ഉടമകളുടെ പക്ഷം.
ചിക്കാഗോ തെരുവീഥികളിൽ അരങ്ങേറിയ തൊഴിലാളി സമരങ്ങളെ അനുസ്മരിപ്പിക്കുന്ന കാഴ്ചയാണ് നോയിഡയിലും ഗുരുഗ്രാമിലും ഉത്തർപ്രദേശിലും ഝാർഖണ്ഡിലും ഉത്തരാഖണ്ഡിലുമെല്ലാം 140 വർഷങ്ങൾക്ക് ശേഷമുള്ള ഈ മേയ് ദിനാചരണ വേളയിലും നാം കാണുന്നത്. ആ സമരം ഇന്ത്യയിലെ തൊഴിൽ സാഹചര്യങ്ങളെ തുറന്ന് കാട്ടുന്നു. സമ്പത്ത് ഉല്പാദിപ്പിക്കുന്ന തൊഴിലാളിക്ക് തിരികെ ലഭിക്കുന്നത് തറക്കൂലിയും അപമാനവും അവകാശ നിഷേധവും അടിച്ചമർത്തലും തോക്കും ലാത്തിയുമാണ്. ഇതാണ് മോഡി അവകാശപ്പെടുന്ന ‘വികസിത് ഭാരത’ത്തിലെ തൊഴിലാളിയുടെ അവസ്ഥ. തൊഴിലാളികളിൽ 92% പണിയെടുക്കുന്നത് സാമൂഹിക സംരക്ഷണം, നിയമപരമായ തൊഴിൽ അവകാശങ്ങൾ എന്നിവയുടെ അഭാവമുള്ള അനൗപചാരിക മേഖലയിലാണ്. നോയിഡയിലെ കരാർ തൊഴിലാളികളും ഈ വിഭാഗത്തിൽ പെടും. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ തൊഴിലാളി വിരുദ്ധ, ചങ്ങാത്ത മുതലാളിത്ത ലേബർ കോഡുകളുടെ ആദ്യ ഇരകളാണ് മിനിമം കൂലിക്കും തൊഴിൽ സുരക്ഷയ്ക്കും വേണ്ടി തെരുവിലിറങ്ങി ഭരണകൂട ഭീകരതയുടെ ബലിയാടുകളായി മാറിയ ഈ കരാർ തൊഴിലാളികൾ. മോഡി ഭരണകൂടത്തിന്റെ തൊഴിലാളി വിരുദ്ധ ലേബർ കോഡുകൾ ഈ കരാർ തൊഴിലാളികളുടെ ചൂഷണത്തിന് നിയമസംരക്ഷണം നേടിക്കൊടുത്തിരിക്കുന്നു. നൂറ്റാണ്ട് കാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത തൊഴിൽ അവകാശങ്ങൾ പരിഷ്കരണത്തിന്റെയും ബിസിനസ് എളുപ്പത്തിലാക്കുന്നതിന്റെയും പേരിൽ നശിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരായ മുന്നേറ്റമാണ് ഈ സമരം.
ഈ സമരത്തെ ചോരയിൽ മുക്കിക്കൊല്ലാനാണ് കേന്ദ്രസർക്കാരിനോടൊപ്പം ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, ഝാർഖണ്ഡ് സംസ്ഥാന സർക്കാരുകൾ ശ്രമിക്കുന്നത്. മോഡി സർക്കാർ കൊണ്ടുവന്ന ലേബർ കോഡുകൾ നടപ്പാക്കുന്നതിൽ ഏറ്റവും മുൻപന്തിയിലുള്ള ബിജെപി സർക്കാരുകളാണ് ഈ സംസ്ഥാനങ്ങളിലെന്ന വസ്തുതയും ഓർക്കേണ്ടതുണ്ട്. ഈ നിഷേധാത്മക നിലപാടിനെതിരെ ഇക്കഴിഞ്ഞ 27ന് എഐടിയുസി കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം പ്രകടിപ്പിക്കുകയും സമരപഥത്തിലെ തൊഴിലാളികൾക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു. 2026ലെ മേയ് ദിനാചരണം ഈ കരാർ തൊഴിലാളികളുടെ സമരത്തിനോടുള്ള ഐക്യദാർഢ്യ പ്രകടനമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല.
1889ൽ പാരിസിൽ ചേർന്ന രണ്ടാം ഇന്റർനാഷണലാണ് മേയ് ദിനം സാർവദേശീയ തൊഴിലാളി ദിനമായി ആചരിക്കാൻ തീരുമാനിച്ചത്. 1945ൽ ആഗോള തൊഴിലാളി പ്രസ്ഥാനമായ ലോക ട്രേഡ് യൂണിയൻ ഫെഡറേഷൻ രൂപംകൊണ്ടതു മുതൽ മേയ് ദിനത്തിന്റെ സാർവദേശീയ പ്രാധാന്യം വർധിച്ചു. ഇന്ത്യയിൽ 1920 മുതലാണ് മേയ് ദിനാചരണം ആരംഭിക്കുന്നത്. ആദ്യ മേയ് ദിന റാലി നടന്നത് മദ്രാസിൽ 1923 മേയ് ഒന്നിന് എഐടിയുസി സ്ഥാപക നേതാവ് ശിങ്കാരവേലു ചെട്ടിയാരുടെ നേതൃത്വത്തിലാണ്. കേരളത്തിൽ ആദ്യ മേയ് ദിന റാലി നടന്നത് 1936 മേയ് ഒന്നിന് തൃശൂരിലാണ്. ആദ്യമായി രൂപംകൊണ്ട തൊഴിലാളി യൂണിയനായ ലേബർ ബ്രദർ ഹുഡ്ഡിന്റെ നേതൃത്വത്തിലായിരുന്നു റാലി. കെ കെ വാരിയർ, എം എ കാക്കു, കെ പി പോൾ, കടവിൽ വറീത്, കൊച്ചന്റെ പോൾ, ഒ കെ ജോർജ്, കാട്ടുക്കാരൻ തോമസ് എന്നിവരായിരുന്നു ആ മേയ് ദിന റാലിയിൽ പങ്കെടുത്തത്. ആദ്യം കാഴ്ചക്കാരായി മാറി നിന്ന തൊഴിലാളികൾ പിന്നീട് അവർക്ക് പിന്നിൽ അണിനിരക്കുകയായിരുന്നു.
അസമത്വങ്ങൾ അഭൂതപൂർവമായി വർധിക്കുകയും ജനാധിപത്യ, ട്രേഡ് യൂണിയൻ അവകാശങ്ങൾ ആക്രമിക്കപ്പെടുകയും സാമ്രാജ്യത്വ യുദ്ധങ്ങളും ഉപരോധങ്ങളും പെരുകുകയും ചെയ്യുന്ന ഇന്ന് ചിക്കാഗോ രക്തസാക്ഷികൾ നമുക്ക് നൽകിയ സന്ദേശങ്ങൾക്കും അവർ ഉയർത്തിയ ആവശ്യങ്ങൾക്കും പ്രസക്തിയേറിയിരിക്കുകയാണ്. ഗാസയിലെ പലസ്തീനികളുടെ വംശഹത്യ, സങ്കല്പത്തിനുമതീതമായ ഇസ്രയേലിന്റെ ഭരണകൂട ക്രൂരതകൾ, ഇറാനെതിരെ അമേരിക്കയും ഇസ്രയേലും ചേർന്ന് നടത്തുന്ന പ്രകോപനപരമയ ആക്രമണങ്ങളും കൊലപാതകങ്ങളും, വെനസ്വേലയുടെ മേലുള്ള അധിനിവേശം, അവിടുത്തെ പ്രസിഡന്റിനെ തട്ടിക്കൊണ്ട് പോകൽ, ക്യൂബക്കെതിരായ ആക്രമണ ഭീഷണികളും ഉപരോധങ്ങളുമെല്ലാം ചേർന്ന് സാമ്രാജ്യത്വത്തിന്റെ കാപട്യവും നിന്ദ്യതയും വ്യാപ്തിയും മനുഷ്യത്വരഹിത സ്വഭാവവും തുറന്നുകാട്ടുന്നു. അത് ലോകമെമ്പാടുമുള്ള സാധാരണക്കാരുടേയും തൊഴിലാളികളുടേയും ജീവിതത്തിൽ കടുത്ത പ്രത്യാഘാതങ്ങളുണ്ടാക്കുന്നു. ട്രംപിന്റെ നിബന്ധനകൾക്ക് വഴങ്ങി ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്തവിധം ഇന്ത്യൻ ഭരണകൂടം അതിന്റെ നയങ്ങൾ തീരുമാനിക്കുന്നു. സാമ്രാജ്യത്വവും ചങ്ങാത്ത മുതലാളിത്തവും ചേർന്നുള്ള അവിശുദ്ധ കൂട്ടുകെട്ട് സാധാരണക്കാരുടേയും തൊഴിലാളികളുടേയും ഉപജീവനമാർഗങ്ങൾക്ക് ഭീഷണിയുയർത്തുന്നു. അതിനാൽ സാമ്രാജ്യത്വ യുദ്ധങ്ങൾക്കെതിരെ സമാധാനത്തിന്റെ പതാക കൂടി ഈ മേയ് ദിനത്തിൽ ഉയർത്തിപ്പിടിക്കുവാൻ എഐടിയുസി എല്ലാ തൊഴിലാളികളോടും അഭ്യർത്ഥിക്കുന്നു. മേയ് 20 മുതൽ 27 വരെ ഒരാഴ്ച നീണ്ടുനിൽക്കുന്ന സാമ്രാജ്യത്വ‑യുദ്ധ വിരുദ്ധ കാമ്പയിന്‍ സംഘടിപ്പിക്കാനും എഐടിയുസി തീരുമാനിച്ചിട്ടുണ്ട്.
മാന്യമായ വേതനം, തൊഴിലവകാശങ്ങൾ, വിലക്കയറ്റത്തിൽ നിന്ന് മോചനം, സാർവത്രിക സാമൂഹികസുരക്ഷ, തൊഴിലിടങ്ങളിലെ സുരക്ഷ, ട്രേഡ് യൂണിയൻ അവകാശങ്ങളോടും ജനാധിപത്യ സ്വാതന്ത്ര്യത്തോടുമുള്ള ബഹുമാനം എന്നിവയാണ് തൊഴിലാളി വർഗം ആവശ്യപ്പെടുന്നത്. യുദ്ധങ്ങളിലും സംഘർഷങ്ങളിലും തൊഴിലാളികൾക്ക് താല്പര്യമില്ല. അവർ വർഗബോധത്തിലധിഷ്ഠിതമായ ഐക്യത്തിലും അവകാശ പോരാട്ടങ്ങളിലുമാണ് വിശ്വസിക്കുന്നത്.
സമ്രാജ്യത്വ യുദ്ധങ്ങളും വിവേചനങ്ങളും ചുഷണങ്ങളുമില്ലാത്ത ഒരു ലോകത്തിനായും, നേടിയെടുത്ത അവകാശങ്ങൾ സംരക്ഷിക്കുന്നതിനായും, ആർഎസ്എസ്-ബിജെപി സർക്കാരിന്റെ ജനവിരുദ്ധ, തൊഴിലാളി വിരുദ്ധ, ദേശവിരുദ്ധ, ഭരണഘടന വിരുദ്ധ നയങ്ങളെ പരാജയപ്പെടുത്തുന്നതിനായുമുള്ള പോരാട്ടങ്ങളുടേയും പ്രതിരോധങ്ങളുടേയും ഒരു നാഴികക്കല്ലു കൂടി സ്ഥാപിക്കുന്നതാകട്ടെ 2026‑ലെ ഈ മേയ് ദിനം.
മേയ് ദിനം നീണാൽ വാഴട്ടെ!
തൊഴിലാളി വർഗ ഐക്യം നീണാൽ വാഴട്ടെ!
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment