പഞ്ചാബിലെ ജലന്ധറിലും അമൃത്‌സറിലും ബിഎസ് എഫ് കേന്ദ്രങ്ങൾക്ക് സമീപം മണിക്കൂറുകളുടെ വ്യത്യാസത്തിൽ രണ്ട് സ്ഫോടനങ്ങൾ നടന്നു. സ്ഫോടനങ്ങളിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. പ്രദേശത്ത് സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ന്ന് പഞ്ചാബ് പൊലീസും കേന്ദ്ര ഏജൻസികളും സംയുക്തമായി അന്വേഷണം ആരംഭിച്ചു.
ആദ്യ സ്ഫോടനം നടന്നത് ജലന്ധറിലെ ബിഎസ്എഫ് ചൗക്കിലാണ്. ബിഎസ്എഫ് ആസ്ഥാനത്തിന് തൊട്ടടുത്തുള്ള തിരക്കേറിയ ഈ പ്രദേശത്ത് പാർക്ക് ചെയ്തിരുന്ന ഒരു സ്കൂട്ടർ പെട്ടെന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഫോടനത്തിന് പിന്നാലെ സ്കൂട്ടറിൽ തീപടർന്നത് പ്രദേശത്ത് വലിയ പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങളിൽ സ്കൂട്ടർ പൊട്ടിത്തെറിക്കുന്നതും സമീപത്തുണ്ടായിരുന്ന ആൾ ഓടി മാറുന്നതും കാണാം. സ്കൂട്ടർ ഉടമയായ ഗുർപ്രീത് സിങ് എന്ന ഡെലിവറി ഏജന്റിനെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. എന്നാല്‍ തന്റെ സ്കൂട്ടറിന് പെട്ടെന്ന് തീപിടിക്കുകയായിരുന്നു എന്നാണ് ഇയാൾ മൊഴി നൽകിയിരിക്കുന്നത്.
ജലന്ധറിലെ സംഭവത്തിന് മണിക്കൂറുകൾക്ക് ശേഷം രാത്രി വൈകി അമൃത്‌സറിലെ ഖാസ മേഖലയിലുള്ള ആർമി ക്യാമ്പിന് പുറത്ത് രണ്ടാമത്തെ സ്ഫോടനം നടന്നത്. ബൈക്കിലെത്തിയ അജ്ഞാതർ ഗ്രനേഡ് എറിഞ്ഞതാണെന്ന് സംശയിക്കുന്നു. അന്താരാഷ്ട്ര അതിർത്തിയിൽ നിന്ന് വെറും 15 കിലോമീറ്റർ മാത്രം അകലെയുള്ള അതീവ സുരക്ഷാ മേഖലയിലാണ് ഈ സ്ഫോടനം നടന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment