Related News

ഇറാന്റെ സമാധാന നിർദേശം തള്ളി ട്രംപ്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി

Janayugom
Developer Admin

യുദ്ധം അവസാനിപ്പിക്കാനായി മധ്യസ്ഥ രാജ്യമായ പാകിസ്ഥാൻ വഴി ഇറാൻ സമർപ്പിച്ച പുതിയ സമാധാന നിർദേശങ്ങൾ തള്ളി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. “നിലവിൽ അവർ വാഗ്ദാനം ചെയ്യുന്ന കാര്യങ്ങളിൽ ഞാൻ തൃപ്തനല്ല,” എന്ന് വൈറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് പറഞ്ഞു. ഇറാൻ കരാർ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിലും അതിനായി മുന്നോട്ടുവയ്ക്കുന്ന നിബന്ധനകൾ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വ്യാഴാഴ്ച രാത്രിയാണ് ഇറാൻ പുതിയ നിർദേശങ്ങൾ പാകിസ്ഥാൻ വഴി യുഎസിന് കൈമാറിയത്. പുതിയ നിര്‍ദേശത്തിലെ ഉള്ളടക്കങ്ങള്‍ വ്യക്തമല്ല. 

ഇറാന്‍ നേതൃത്വം നിലവിൽ ഭിന്നിച്ചിരിക്കുകയാണെന്നും ശരിയായ ഒരു തീരുമാനത്തിലെത്താൻ അവർക്ക് കഴിയുന്നില്ലെന്നും ട്രംപ് ആരോപിച്ചു. സൈനിക ശക്തി ഏകദേശം തകർന്ന നിലയിലാണെന്നും അതിനാൽ ഇറാന് സമാധാന കരാർ അത്യാവശ്യമാണെന്നും അദ്ദേഹം പരിഹസിച്ചു. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ ഇറാനെതിരെ അതിശക്തമായ സൈനിക നീക്കം നടത്തുമെന്ന ഭീഷണി ട്രംപ് ആവർത്തിച്ചിട്ടുണ്ട്. ഒന്നുകിൽ ഒരു കരാറിലെത്തുക അല്ലെങ്കിൽ അവരെ പൂർണമായും തകർക്കുക എന്നതാണ് മുന്നിലുള്ള വഴിയെന്ന് അദ്ദേഹം വ്യക്തമാക്കി. 

സമാധാന ശ്രമങ്ങളിൽ പാകിസ്ഥാൻ ശുഭാപ്തിവിശ്വാസം പുലർത്തുന്നുണ്ടെങ്കിലും, നിലവിലെ സാഹചര്യം അതീവ സങ്കീർണമാണ്. അമേരിക്കയുടെയും ഇറാന്റെയും കടുപ്പമേറിയ നിലപാടുകൾക്കിടയിൽ സന്തുലിതാവസ്ഥ കണ്ടെത്തുക എന്നത് പാകിസ്ഥാന് വെല്ലുവിളി സൃഷ്ടിക്കുന്നു. ഇറാനിയൻ ഉദ്യോഗസ്ഥർ രാഷ്ട്രീയ‑സൈനിക ശക്തി അമിതമായി പ്രദർശിപ്പിക്കാൻ ശ്രമിക്കുന്നത് ചർച്ചകളെ ബാധിച്ചേക്കാം. മറുവശത്ത്, ട്രംപ് ഭരണകൂടം കേവലമൊരു വിട്ടുവീഴ്ചയിലോ ഭാഗികമായ കരാറിലോ തൃപ്തരല്ല. ഇറാന്റെ ആണവ‑സൈനിക ശേഷികൾ പൂർണമായും ഇല്ലാതാക്കുന്ന ‘പൂർണ വിജയം’ മാത്രമാണ് അവർ ലക്ഷ്യമിടുന്നത്. ഈ കടുംപിടുത്തം കരാറിലെത്തുന്നതിന് തടസം നിൽക്കുന്നു. 

നയതന്ത്ര ചർച്ചകൾക്ക് മുൻഗണന നൽകണോ അതോ ഹോർമുസ് കടലിടുക്കിലെ ഉപരോധം വിലപേശൽ ആയുധമായി ഉപയോഗിക്കണോ എന്ന കാര്യത്തിൽ ഇറാന്റെ ഭരണനേതൃത്വത്തിൽ വലിയ അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു. എന്നാല്‍ നയതന്ത്ര പാത പരീക്ഷിക്കാൻ തീരുമാനിച്ചതിന്റെ ഫലമായാണ് പാകിസ്ഥാൻ വഴി പുതിയ നിർദേശങ്ങൾ സമർപ്പിച്ചതെന്ന് വിലയിരുത്തുന്നു. മേയ് 14, 15 തീയതികളിൽ നടക്കാനിരിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷി ജിൻ പിങ്ങുമായുള്ള ഉച്ചകോടിക്ക് മുമ്പ് സംഘർഷം ലഘൂകരിക്കാൻ ട്രംപ് താല്പര്യപ്പെടുമെന്നാണ് ഇറാൻ ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടൽ. ഷീയുമായുള്ള ചർച്ചകൾക്ക് മുന്നോടിയായി എണ്ണവിലയും ആഗോള വിപണിയും ശാന്തമാകണമെന്ന് അമേരിക്ക ആഗ്രഹിക്കുമെന്ന് ഇറാന്‍ പ്രതീക്ഷിക്കുന്നു. ചർച്ചകൾ നടക്കുമ്പോഴും ഹോർമുസ് കടലിടുക്കിലെ ഉപരോധം പൂർണമായും നീക്കാത്തത് വഴി അമേരിക്കയ്ക്ക് മേൽ സമ്മർദം നിലനിർത്താമെന്നും ഇറാൻ കണക്കുകൂട്ടുന്നു. 

നയതന്ത്ര ശ്രമങ്ങൾ പരാജയത്തിലേക്കും യുദ്ധം വീണ്ടും ശക്തമാകുന്നതിലേക്കും നീങ്ങുന്നതിന്റെ സൂചനകളാണ് നിലവിലുള്ളത്. ചർച്ചകൾ ഫലപ്രദമാകാത്ത പശ്ചാത്തലത്തിൽ, വീണ്ടും സൈനിക നടപടികളിലേക്ക് കടക്കുന്നതിനെക്കുറിച്ച് ഗൗരവമായി ആലോചിക്കുന്നതായി യുഎസ് ഉന്നത ഉദ്യോഗസ്ഥർ സൂചിപ്പിച്ചു. സമാധാന ചർച്ചകൾക്ക് ഇറാൻ സമയം നീട്ടിക്കൊണ്ടുപോവുകയാണെന്ന വിലയിരുത്തലിലാണ് ട്രംപ് ഭരണകൂടം. ചർച്ചകളിൽ അമേരിക്ക നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കാൻ മധ്യസ്ഥ രാജ്യമായ പാകിസ്ഥാന് കഴിയുന്നില്ലെന്ന് ഇറാന്റെ ഭാഗത്തുനിന്നും വിമർശനമുണ്ട്. അമേരിക്കയെ കരാറിൽ ഉറപ്പിച്ചു നിർത്തുന്നതിനോ ഹോർമുസ് കടലിടുക്കിലെ ഉപരോധം നീക്കുന്നതിനോ ഇസ്ലാമാബാദിന് സാധിച്ചില്ലെന്നത് ഇറാനിലെ ഒരു വിഭാഗം നേതാക്കളെ നിരാശരാക്കിയിട്ടുണ്ട്. 

പാകിസ്ഥാനിലുള്ള വിശ്വാസം കുറയുന്നതോടെ നേരിട്ടുള്ള ഏറ്റുമുട്ടലിന്റെ പാതയിലേക്ക് തിരിച്ചെത്താൻ ഇറാനിലെ സൈനിക നേതൃത്വത്തിന് മേൽ സമ്മർദമുണ്ട്. ഇത് മേഖലയിലെ സംഘർഷം കൂടുതൽ രൂക്ഷമാക്കാൻ കാരണമാകും. ഹോർമുസ് കടലിടുക്ക് വഴി കടന്നുപോകുന്നതിന് ഇറാൻ ആവശ്യപ്പെടുന്ന ‘ടോൾ’ നൽകുന്ന ഏതൊരു അന്താരാഷ്ട്ര ഷിപ്പിങ് കമ്പനിയും കടുത്ത യുഎസ് ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് ട്രഷറി ഓഫിസ് പ്രഖ്യാപിച്ചിരുന്നു. ഇറാനിയൻ റെഡ് ക്രസന്റ് സൊസൈറ്റി പോലുള്ള മാനുഷിക സേവന സംഘടനകൾക്ക് നൽകുന്ന സംഭാവനകൾ പോലും ഉപരോധത്തിന്റെ പരിധിയിൽ വരുമെന്ന് അമേരിക്ക അറിയിച്ചു. ഈ നീക്കം സമാധാന ചർച്ചകളെ സാരമായി ബാധിച്ചേക്കാം.

Previous
ഇറാന്റെ എണ്ണ വരുമാനത്തിൽ 480 കോടി ഡോളര്‍ ഇടിവ്
Next
ഇറാനുമായുള്ള യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ മറികടക്കാന്‍ ട്രംപിന്റെ ‘വെടിനിർത്തൽ’...

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment