ഇറാനുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വെള്ളിയാഴ്ച കോൺഗ്രസ് നേതാക്കൾക്ക് അയച്ച കത്തിലാണ് ട്രംപിന്റെ പ്രഖ്യാപനം. ഫെബ്രുവരി 28ന് തുടങ്ങിയ സൈനിക നീക്കങ്ങൾ ഏപ്രിൽ ഏഴിലെ വെടിനിർത്തലോടെ ഫലത്തിൽ അവസാനിച്ചുവെന്ന് പ്രസിഡന്റ് അവകാശപ്പെടുന്നു. രണ്ടാഴ്ചത്തേക്ക് പ്രഖ്യാപിച്ച വെടിനിർത്തൽ പിന്നീട് നീട്ടിയെന്നും അതിനുശേഷം ഇരുവിഭാഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹൗസ് സ്പീക്കർ മൈക്ക് ജോൺസൺ, സെനറ്റ് പ്രസിഡന്റ് പ്രോ ടെംപോർ ചക്ക് ഗ്രാസ്ലി എന്നിവരെയാണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്.
അമേരിക്കൻ നിയമപ്രകാരം, കോൺഗ്രസിന്റെ അനുമതിയില്ലാതെ പ്രസിഡന്റിന് 60 ദിവസത്തിൽ കൂടുതൽ യുദ്ധം തുടരാനാകില്ല. ഈ സമയപരിധി മേയ് ഒന്നിന് അവസാനിച്ചിരുന്നു. യുദ്ധം അവസാനിച്ചു എന്ന് പ്രഖ്യാപിക്കുന്നതിലൂടെ, സൈനിക നീക്കത്തിന് കോൺഗ്രസിന്റെ പ്രത്യേക അനുമതി തേടേണ്ട സാഹചര്യം ഒഴിവാക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ചൂണ്ടിക്കാട്ടുന്നത്. ഇറാനിലെ സൈനിക നടപടികൾക്ക് കോൺഗ്രസിന്റെ അനുമതി തേടാന്‍ ഉദ്ദേശ്യമില്ലെന്ന് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവേ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിന് മുമ്പ് ഇത്തരം കാര്യങ്ങളിൽ അനുമതി തേടിയിട്ടില്ല എന്നതാണ് അദ്ദേഹത്തിന്റെ വാദം.
1973ലെ വാർ പവേഴ്സ് ആക്ട് പൂർണമായും ഭരണഘടനാ വിരുദ്ധമാണെന്നും ട്രംപ് അഭിപ്രായപ്പെട്ടു. സൈനിക നടപടികൾ സ്വീകരിക്കാനുള്ള പ്രസിഡന്റിന്റെ അധികാരത്തെ ഈ നിയമം തടയുന്നു എന്നതാണ് അദ്ദേഹത്തിന്റെ പക്ഷം. ശത്രുത അവസാനിച്ചുവെന്ന് കത്തിലൂടെ പ്രഖ്യാപിച്ചതിനാൽ, 60 ദിവസത്തിനകം കോൺഗ്രസിന്റെ അനുമതി തേടണം എന്ന വാർ പവേഴ്‌സ് ആക്ടിലെ വ്യവസ്ഥ തനിക്ക് ബാധകമല്ലെന്നും ട്രംപ് പരോക്ഷമായി സമർത്ഥിക്കുന്നു.
സെനറ്റ് ആംഡ് സർവീസസ് കമ്മിറ്റിക്ക് മുമ്പാകെ പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നടത്തിയ പ്രസ്താവന പ്രസിഡന്റ് ട്രംപിന്റെ നിലപാടിന് കൃത്യമായ അടിത്തറയൊരുക്കുന്നതായിരുന്നു. വാർ പവേഴ്സ് ആക്ട് പ്രകാരമുള്ള 60 ദിവസത്തെ സമയപരിധി വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിലൂടെ തടയാനാകുമെന്ന് ഹെഗ്‌സെത്ത് വാദിച്ചു. അതായത്, വെടിനിർത്തൽ നിലവിൽ വന്നാൽ സൈനിക നടപടികൾ ‘തുടർച്ചയായതല്ല’ എന്നും അതിനാൽ കോൺഗ്രസിന്റെ അനുമതി തേടേണ്ടതില്ലെന്നുമാണ് പെന്റഗണിന്റെ നിലപാട്.
പ്രതിരോധ സെക്രട്ടറി ഈ വാദം ഉന്നയിക്കുകയും തൊട്ടടുത്ത ദിവസം ട്രംപ് അത് സ്ഥിരീകരിച്ച് കത്തയക്കുകയും ചെയ്തത് ഭരണകൂടം വളരെ ആസൂത്രിതമായാണ് ഈ നീക്കം നടത്തുന്നതെന്ന് വ്യക്തമാക്കുന്നു. ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ഡെമോക്രാറ്റുകൾ കൊണ്ടുവന്ന പ്രമേയം പരാജയപ്പെട്ടിരുന്നു. വാർ പവേഴ്സ് ആക്ട് പ്രകാരം പ്രസിഡന്റിന്റെ സൈനിക അധികാരം പരിമിതപ്പെടുത്താൻ ലക്ഷ്യമിട്ട ആറാമത്തെ പ്രമേയമായിരുന്നു ഇത്. റിപ്പബ്ലിക്കൻ സെനറ്റർ സൂസൻ കോളിൻസ് പ്രമേയത്തെ പിന്തുണച്ച് ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തിരുന്നു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment