Related News

ഭാര്യയെ കവർച്ചക്കാർ കൊലപ്പെടുത്തിയെന്ന് കെട്ടിചമച്ചു; പൊലീസിന്റെ ചോദ്യം ചെയ്യലില്‍ ഭര്‍ത്താവ് കുടുങ്ങി

Janayugom
Developer Admin

ഉത്തർപ്രദേശിലെ മീററ്റിൽ ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ യുവാവ് പിടിയില്‍. സാഖിബ് എന്ന യുവാവാണ് തന്റെ ഭാര്യയായ നസ്റീനെ കൊലപ്പെടുത്തിയ കേസിൽ പൊലീസിന്റെ പിടിയിലായത്. വ്യാഴാഴ്ച രാത്രിയായിരുന്നു നാടിനെ നടുക്കിയ സംഭവം നടന്നത്.

വീട്ടിൽ അതിക്രമിച്ചു കയറിയ കവർച്ചക്കാർ ഭാര്യയെ കൊലപ്പെടുത്തിയെന്നും സ്വർണ്ണവും പണവും കവർന്നുവെന്നും ബഹളം വെച്ച് ഇയാൾ നാട്ടുകാരെ വിശ്വസിപ്പിക്കുകയായിരുന്നു. നാട്ടുകാർ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് കഴുത്തറുത്ത നിലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ പ്രാഥമിക പരിശോധനയിൽ തന്നെ പൊലീസിന് ചില സംശയങ്ങൾ ഉടലെടുത്തു.

വീട്ടിനുള്ളിൽ ബലപ്രയോഗം നടന്നതിന്റെ ലക്ഷണങ്ങളോ പുറത്തുനിന്ന് ഒരാൾ അതിക്രമിച്ചു കയറിയതിന്റെ തെളിവുകളോ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞില്ല. ഇതോടെ സാഖിബിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. ഇതിനെ നസ്റീൻ എതിർത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്നും പ്രതി സമ്മതിച്ചു.

കാമുകിയെ വിവാഹം കഴിക്കാൻ നസ്റീൻ തടസ്സമാകുമെന്ന് കരുതിയ സാഖിബ് കൃത്യമായ ആസൂത്രണത്തോടെയാണ് കൊലപാതകം നടത്തിയത്. കൃത്യത്തിന് ശേഷം പിടിക്കപ്പെടാതിരിക്കാൻ അലമാരകൾ വാരിവലിച്ചിടുകയും സാധനങ്ങൾ നശിപ്പിക്കുകയും ചെയ്ത് കവർച്ചാ ശ്രമമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചു. എന്നാൽ സാഹചര്യത്തെളിവുകളും സാങ്കേതിക തെളിവുകളും നിരത്തി പൊലീസ് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നു. നിലവിൽ റിമാൻഡിലുള്ള പ്രതിയെ സഹായിക്കാൻ മറ്റാരെങ്കിലും ഉണ്ടായിരുന്നോ എന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.

Previous
ഇറാനുമായുള്ള യുദ്ധം അവസാനിച്ചു; കോൺഗ്രസിനെ മറികടക്കാന്‍ ട്രംപിന്റെ ‘വെടിനിർത്തൽ’...
Next
പോരാട്ടങ്ങൾ നിലയ്ക്കുന്നില്ല

Comments (0)

No comments yet. Be the first to share your thoughts.

Leave a Comment