സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി രാജ്യത്തിന്റെ സമരഭൂമികയിൽ പിറവികൊണ്ട എണ്ണമറ്റ വിപ്ലവ യുവജന പ്രസ്ഥാനങ്ങളുടെ വിപുലീകൃതമായ സംഘടനാ രൂപമായി സ്ഥാപിക്കപ്പെട്ട എഐവൈഎഫ് സ്വതന്ത്ര ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനുള്ള പോരാട്ടങ്ങളാണ് വിവിധ കാലയളവുകളിൽ ഏറ്റെടുത്തത്. ഇന്ത്യയിലെ ആദ്യത്തെ സംഘടിത യുവജന പ്രസ്ഥാനമായ എഐവൈഎഫ് സ്ഥാപിതമായിട്ട് ഇന്നേക്ക് 67 വർഷം തികയുന്നു. സ്വാതന്ത്ര്യലബ്ധിക്ക് ശേഷം ഇന്ത്യയിൽ ഒരു സംഘടിത യുവജന പ്രസ്ഥാനത്തിന്റെ അഭാവം വല്ലാതെ നിഴലിക്കപ്പെട്ടിരുന്നു. യുവജനങ്ങളുടെ അവകാശങ്ങൾ പലപ്പോഴും ഹനിക്കപ്പെടുന്നതും അഭിപ്രായങ്ങൾ ഉന്നയിക്കാൻ ഏകീകൃത ഇടമില്ലാത്തതും ദേശീയപ്രശ്നമായി മാറി.
അങ്ങനെയാണ് രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിൽ വേറിട്ടുനിന്ന വിവിധ യുവജന സംഘടനകൾ ചേർന്ന് ഒരു സംഘടിത പ്രസ്ഥാനമെന്ന ആശയത്തിലേക്ക് എത്തുകയും 1959 മേയ് മൂന്നിന് എഐവൈഎഫ് രൂപീകൃതമാവുകയും ചെയ്യുന്നത്. ഇന്ത്യൻ വിപ്ലവ ബോധത്തിന് നവീനരൂപം നൽകിയ ഭഗത് സിങ്ങിന്റെ പോരാട്ടവീര്യവും ദീപ്തമായ സമരവും മാതൃകയാക്കുകയും സ്വാതന്ത്ര്യ സമരത്തിന്റെ തീജ്വാലയിൽ ഉദിച്ചുയർന്ന രാജ് ഗുരുവിന്റെയും സുഖ്ദേവിന്റെയും ചന്ദ്രശേഖർ ആസാദിന്റെയും രക്തസാക്ഷിത്വത്തിൽ നിന്ന് പ്രചോദനം ഉൾകൊള്ളുകയും ചെയ്യുന്ന യുവജന സമര സംഘടനയിലൂടെ പിന്നീട് രാജ്യം സാക്ഷ്യം വഹിച്ചത് സന്ധിയില്ലാത്ത യുവജന മുന്നേറ്റങ്ങളുടെ ഒരു നീണ്ട പരമ്പരയ്ക്കായിരുന്നു. “നൗ ജവാൻ ഭാരത് സഭ” അടക്കം ഇതിന്റെ മുൻനിരക്കാരായിരുന്നു എന്നതും ചരിത്രമാണ്. ഇന്ത്യൻ ജനാധിപത്യം നിലനിൽക്കുന്ന കാലത്തോളം സ്മരിക്കപ്പെടുന്ന 18 വയസിൽ വോട്ടവകാശം വേണമെന്നാവശ്യപ്പെട്ടുള്ള സമരങ്ങളും അറിവിനും തൊഴിലിനും വേണ്ടി ഇന്ത്യൻ യുവത്വത്തെ ഒന്നിപ്പിച്ചുള്ള പ്രക്ഷോഭങ്ങളും എഐവൈഎഫിന്റെ സുശക്തവും സമാനതകളില്ലാത്തതുമായ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന അധ്യായങ്ങളാണ്.
‘തൊഴിൽ അല്ലെങ്കിൽ തൊഴിലില്ലായ്മ വേതനം’ എന്ന മുദ്രാവാക്യമുയർത്തി നടത്തിയ സമരങ്ങളും എണ്ണമറ്റതാണ്. ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ എന്ന മുദ്രാവാക്യം ഇന്ത്യൻ യുവത്വത്തെ ത്രസിപ്പിച്ച പ്രക്ഷോഭങ്ങൾക്കാണ് തിരികൊളുത്തിയത്. അതോടൊപ്പം ലോകത്തെവിടെയും നടക്കുന്ന ജനാധിപത്യ ധ്വംസനങ്ങൾക്കും സാമ്രാജ്യത്വ വിരുദ്ധ നയങ്ങൾക്കുമെതിരെ ശബ്ദമുയർത്താനും എഐവൈഎഫ് മുന്നിലുണ്ട്. 1979ൽ ആരംഭിച്ച് 1984 വരെ നീണ്ടുനിന്ന വ്യത്യസ്തങ്ങളായതും തുടർച്ചയായതുമായ സമരപരമ്പരകളും പോരാട്ടങ്ങളും രാജ്യം ഒന്നടങ്കം ശ്രദ്ധിച്ച യുവജന മുന്നേറ്റങ്ങളായിരുന്നു. ‘തൊഴിൽ അല്ലെങ്കിൽ ജയിൽ’ സമരത്തിന് പുറമെ രാസ്താ-രോഖോ, സേവ് ഇന്ത്യ ചേഞ്ച് ഇന്ത്യ, ആസാദി കാ ജാഗരൺ, ഹമാരാ ഭവിഷ്യ ഹമാര ഭാരത്, ദേശീയ ഐക്യ ദീപമാല, ദേശീയ ലോങ് മാർച്ചുകൾ, പാർലമെന്റ് — രാജ് ഭവൻ മാർച്ചുകൾ, പഞ്ചാബിൽ വർഗീയ‑വിഘടനവാദികൾക്കെതിരെ പോരാടുന്ന ധീര ദേശാഭിമാനികളോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് നടന്ന രക്ത പ്രതിജ്ഞ, ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കം രൂക്ഷമായപ്പോൾ നടന്ന സമര ചരിത്ര സംഗമം, മാനവ മൈത്രീ സംഗമം, സ്നേഹമതിൽ, എക്കാലത്തെയും പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന ഏടായ വനിതാമാർച്ച് തുടങ്ങി പതിനായിരങ്ങളും ലക്ഷങ്ങളും അണിനിരന്ന ആയിരക്കണക്കിന് പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് രാജ്യത്ത് നേതൃത്വം നൽകിയത്.
സഖാവ് ജയപ്രകാശ് ഉൾപ്പെടെയുള്ള നിരവധി രക്തസാക്ഷിത്വങ്ങൾ, പഞ്ചാബിൽ ഖാലിസ്ഥാൻ ഭീകരവാദികളോട് ഏറ്റുമുട്ടി രക്തസാക്ഷികളായ 89 സഖാക്കൾ, പൊലീസിന്റെ ഭീകര മർദനങ്ങൾ ഏറ്റുവാങ്ങി തലയോടും തോളെല്ലും തകർന്ന നൂറുകണക്കിന് സഖാക്കളുടെ ചോരവീണ് കുതിർന്ന മണ്ണിൽ നിന്ന് അടിപതറാതെ ഇപ്പോഴും എഐവൈഎഫ് ഇൻക്വിലാബിന്റെ ഈരടികൾ ഉയർത്തുന്നു. ദേശീയ — സാർവദേശീയ പ്രശ്നങ്ങളിൽ സുചിന്തിതവും ആശയവ്യക്തതയോടുകൂടിയും നിലപാടുകൾ സ്വീകരിച്ച എഐവൈഎഫ് വിയറ്റ്നാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ തെരുവുകളിൽ ഉയർത്തിയ മുദ്രാവാക്യമാണ് ‘മേരാ നാം തേരാ നാം വിയറ്റ്നാം വിയറ്റ്നാം’ എന്നത്. അതുപോലെ രാജ്യത്തെ യുവജനങ്ങളുടെ സിരകളിൽ ആവേശം വിതറുകയും ഇന്ത്യൻ ഗ്രാമങ്ങളും, നഗരങ്ങളും ഒരേ മനസോടെ ഏറ്റെടുക്കുകയും ചെയ്ത ഐതിഹാസിക സമരങ്ങൾ നിരവധി. വർഗീയ ഫാസിസ്റ്റ് ശക്തികൾക്കും തൊഴിലില്ലായ്മക്കുമെതിരെ ഇന്നലെകളിൽ എഐവൈഎഫ് ഉയർത്തിയ മുദ്രാവാക്യങ്ങൾ കൂടുതൽ ശക്തമാക്കേണ്ട രാഷ്ട്രീയ സാഹചര്യമാണ് രാജ്യത്തുള്ളത്. ഇന്ത്യ അതിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മയുടെ കാലത്തിലൂടെയാണ് കടന്നുപൊയ്ക്കൊണ്ടിരിക്കുന്നത്. വർഷം രണ്ട് കോടി തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന വാഗ്ദാനം നൽകി അധികാരത്തിലേറിയ നരേന്ദ്ര മോഡി സർക്കാർ തൊഴിലവസരങ്ങൾ സൃഷ്ടിച്ചില്ലെന്ന് മാത്രമല്ല ഉള്ള തൊഴിലവസരങ്ങൾ കൂടി നഷ്ടപ്പെടുത്തുന്ന സാഹചര്യമാണുണ്ടാക്കിയത്.
145 കോടിയിൽ പരം ജനസംഖ്യയുള്ള രാജ്യത്ത് തൊഴിൽ ചെയ്യുന്നവരുടെ എണ്ണം 40 കോടിയോടടുത്താണെന്നാണ് കണക്കുകൾ പറയുന്നത്. സിഎംഐഇയുടെ റിപ്പോർട്ട് ഓരോ മാസവും തൊഴിലെടുക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നു. ബിജെപി അധികാരത്തിലെത്തിയശേഷം ഏറെ കൊട്ടിഘോഷിച്ച് അവതരിപ്പിക്കപ്പെട്ട 2015ലെ പുതിയ ദേശീയ നെെപുണ്യ ശേഷി നയത്തിന്റെ ഭാഗമെന്ന നിലയിലുള്ള ‘സ്കിൽ ഇന്ത്യ’ 2022 ഓടുകൂടി 40 കോടി തൊഴിലാളികളെ വെെദഗ്ധ്യമുള്ളവരാക്കുമെന്ന് അവകാശപ്പെട്ടിരുന്നുവെങ്കിലും പ്രഖ്യാപനം കേവലം ജലരേഖയായി മാറുന്നതാണ് കണ്ടത്. 2012ൽ സമ്പൂർണമായ തൊഴിലില്ലായ്മ 2.1% ആയിരുന്നുവെങ്കിൽ നിലവിൽ ഇത് ഏകദേശം മൂന്നിരട്ടിയിലേറെയായി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞ 50 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന തൊഴിലില്ലായ്മ നിരക്കാണ് രാജ്യത്ത് നിലവിലുള്ളതെന്നും അറിയണം. അതുപോലെതന്നെ ഐഎൽഒ ഈയടുത്ത കാലത്ത് പുറത്തുവിട്ട കണക്കനുസരിച്ച് ഇന്ത്യയിലെ തൊഴിൽസേനയിൽ സ്ത്രീപങ്കാളിത്തം 25.1% മാത്രമാണ്. ദേശീയ സാമ്പിൾ സർവേ ഓഫിസ് പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം അസംഘടിത മേഖലയിൽ ഏഴുവർഷത്തിനിടെ 30 ലക്ഷം തൊഴിലാളികൾ തൊഴിൽരഹിതരായിട്ടുണ്ട്.
പുതിയ തസ്തികകൾ സൃഷ്ടിച്ചും ഒഴിവുകൾ നികത്തിയും തൊഴിലില്ലായ്മ പരിഹരിക്കാനുള്ള സത്വര നടപടികൾ സ്വീകരിക്കുന്നതിന് പകരം പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവൽക്കരിക്കുകയും സ്ഥിരനിയമനങ്ങൾ ഇല്ലായ്മ ചെയ്ത് കരാറടിസ്ഥാനത്തിൽ വിരമിച്ചയാളുകളെ വീണ്ടും നിയമിച്ചുകൊണ്ടിരിക്കുകയും ചെയ്യുകയാണ് കേന്ദ്രസർക്കാർ. റെയിൽവേയിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിന്റെ പേരിൽ മോഡി സർക്കാരിന്റെ കാലത്ത് 640ൽ പരം ചെറുതും വലുതുമായ അപകടങ്ങളാണുണ്ടായതെന്നിരിക്കെ ഒഴിവുകൾ പരമാവധി വെട്ടിക്കുറച്ച് യുവജനങ്ങളെ വഞ്ചിക്കുന്ന നിലപാടും കേന്ദ്രം സ്വീകരിക്കുന്നു. ഇന്ത്യൻ പൊതുസമൂഹത്തിന്റെ ഉപബോധമനസിലേക്ക് മതമൗലികവാദപരവും വർഗീയവുമായ ചിന്താഗതികൾ പ്രചരിപ്പിക്കുകയും അതുവഴി അവരിൽ വെറുപ്പും വിദ്വേഷവും നിറയ്ക്കുകയും ചെയ്തുകൊണ്ട് ഫാസിസ്റ്റുകൾ നടപ്പാക്കുന്ന ഉന്മൂലന സിദ്ധാന്തത്തിന്റെ ക്രൂരമായ പ്രയോഗവല്‍ക്കരണത്തിന്റെ നിരവധി ഉദാഹരണങ്ങളും മോഡി ഭരണത്തിനുകീഴിൽ കഴിഞ്ഞ നാളുകളിൽ രാജ്യം ദർശിക്കുകയുണ്ടായി. വ്യത്യസ്ത മത വിഭാഗങ്ങൾക്കും അവയുടെ ദാർശനിക വീക്ഷണങ്ങൾക്കും ആദരവും പരിഗണനയും നൽകുന്ന മതനിരപേക്ഷ ഭരണവ്യവസ്ഥയാണ് നമ്മുടേതെന്നിരിക്കെയാണ് മതത്തിന്റെയും വംശത്തിന്റെയും പേരിലുള്ള വിഭജനത്തിലൂടെ സംഘ് പരിവാർ ഇന്ത്യൻ ജനാധിപത്യത്തിനുമേൽ വൻ പ്രത്യാഘാതങ്ങളേല്പിക്കുന്നത്.
ഇപ്പോൾ വിദേശ സംഭാവന നിയന്ത്രണ നിയമത്തിന്റെ മറവിൽ (എഫ്സിആർഎ ഭേദഗതി ബില്‍) ന്യൂനപക്ഷ ആരാധനാലയങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രവർത്തനങ്ങളിൽ അനാവശ്യ ഇടപെടലുകൾ നടത്തി അവയെ വരുതിയിലാക്കാനുള്ള നീക്കം നടത്തുകയാണ് കേന്ദ്രം. രാജ്യത്തിന്റെ ഭരണഘടനയ്ക്കും മതനിരപേക്ഷതയ്ക്കും വിരുദ്ധമായ നിരവധി ഭേദഗതികൾ ഉൾകൊള്ളുന്ന പ്രസ്തുത ബില്‍ ന്യൂനപക്ഷങ്ങളുടെ മൗലികാവകാശങ്ങളിലേക്ക് കേന്ദ്രസർക്കാരിന് കടന്നുകയറാനുള്ള സുഗമപാത ഒരുക്കിക്കൊടുക്കുകയാണെന്ന് കാണാൻ കഴിയും. ഏറ്റവും മൊടുവിൽ ജനസംഖ്യാടിസ്ഥാനത്തിൽ ഓരോ സംസ്ഥാനത്തെയും ലോക്‌സഭാ മണ്ഡലങ്ങളുടെ അതിർത്തി നിശ്ചയിക്കുന്നതും സീറ്റുകൾ അനുവദിക്കുന്നതുമായ ഭരണഘടനാപരമായ പ്രക്രിയയെന്ന പേരിൽ പ്രഖ്യാപിച്ച മണ്ഡലം പുനർ നിർണയമാകട്ടെ ഫെഡറൽ സംവിധാനത്തെ അട്ടിമറിക്കുകയും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ ആധിപത്യം വർധിപ്പിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്തുകയുമാണ് ചെയ്യുകയെന്ന് വ്യക്തം. രാജ്യത്തെ വീണ്ടെടുക്കുന്നതിനും രാജ്യത്തിന്റെ ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള നിരന്തര പോരാട്ടത്തിന്റെ പാതയിലാണ് എഐവൈഎഫ്.
ജനങ്ങളുടെ ജീവൽപ്രശ്നങ്ങൾ ഏറ്റെടുത്തുകൊണ്ട് ജനാധിപത്യ — മതേതര മൂല്യങ്ങളുടെ ചേരിയിൽ നിലയുറപ്പിച്ചുള്ള പ്രക്ഷോഭങ്ങൾക്കാണ് എഐവൈഎഫ് എന്നും നേതൃത്വം നൽകുന്നത്. അത്തരത്തിൽ കേന്ദ്രസർക്കാരിന്റെ വർഗീയ രാഷ്ട്രീയത്തിനും യുവജന വഞ്ചനയടക്കമുളള ജനദ്രോഹ നടപടികൾക്കുമെതിരെയുള്ള പോരാട്ടങ്ങൾ കൂടുതൽ കരുത്തോടെ നയിക്കേണ്ട വർത്തമാന കാലഘട്ടത്തിൽ എഐവൈഎഫ് പ്രവർത്തകരുടെ ഉത്തരവാദിത്തം വളരെ വലുതാണ്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment