തമിഴ് രാഷ്ട്രീയത്തിലെ അൻപത് വർഷത്തെ ദ്രാവിഡ രാഷ്ട്രീയ സമവാക്യങ്ങളെ തിരുത്തിക്കുറിച്ച് നടൻ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയാകുന്നു. മെയ് ഏഴിന് ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന വിപുലമായ ചടങ്ങിൽ വിജയ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. സർക്കാർ രൂപീകരണത്തിന് അനുമതി തേടിക്കൊണ്ട് വിജയ് ഗവർണർ ആർ എൻ രവിക്ക് കത്ത് നൽകി.
കേവലഭൂരിപക്ഷത്തിന് 118 സീറ്റുകൾ വേണമെന്നിരിക്കെ, 107 സീറ്റുകൾ നേടിയ ടിവികെ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ്. പത്ത് സീറ്റുകളുടെ കുറവ് നികത്താൻ കോൺഗ്രസിന്റെയും മറ്റ് ഡിഎംകെ ഇതര കക്ഷികളുടെയും പിന്തുണ ടിവികെ ഔദ്യോഗികമായി തേടിയിട്ടുണ്ട്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് വിജയ് ഇതുസംബന്ധിച്ച് കത്തയച്ചു. കോൺഗ്രസിന് മന്ത്രിസഭയിൽ രണ്ട് സ്ഥാനങ്ങൾ നൽകാൻ ടിവികെ തയ്യാറാണെന്നാണ് സൂചന.
വിജയ്‍യുടെ കടന്നുവരവോടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ തന്റെ കൊളത്തൂർ മണ്ഡലത്തിൽ പരാജയപ്പെട്ടത് ഡിഎംകെ ക്യാമ്പിനെ ഞെട്ടിച്ചിട്ടുണ്ട്. അതേസമയം, ഡിഎംകെ സഖ്യം വിടില്ലെന്ന് വൈക്കോയുടെ എംഡിഎംകെ വ്യക്തമാക്കി. അതേസമയം, ഇടതുപക്ഷ പാർട്ടികളെയും വിസികെയെയും സ്വന്തം പാളയത്തിലെത്തിക്കാൻ ടിവികെ തിരക്കിട്ട നീക്കങ്ങൾ നടത്തുന്നുണ്ട്.
മെയ് ഏഴിന് വിജയ്‍യോടൊപ്പം മറ്റ് മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. തമിഴ്‌നാട്ടിലെ യുവാക്കളുടെയും സ്ത്രീകളുടെയും വലിയ പിന്തുണയാണ് കന്നി തെരഞ്ഞെടുപ്പിൽ തന്നെ വിജയ്‍യെ അധികാരത്തിന്റെ പടിവാതിൽക്കൽ എത്തിച്ചിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തിലെ ജയലളിത- കരുണാനിധി യുഗത്തിന് ശേഷമുള്ള ഏറ്റവും വലിയ രാഷ്ട്രീയ മാറ്റത്തിനാണ് ചെന്നൈ സാക്ഷ്യം വഹിക്കുന്നതെന്നാണ് അഭ്യൂഹങ്ങൾ.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment