ബംഗാൾ രാഷ്ട്രീയത്തിൽ ഒന്നര പതിറ്റാണ്ട് നീണ്ടുനിന്ന മമത ബാനർജിയുടെ തൃണമൂൽ ഭരണത്തിന് കനത്ത തിരിച്ചടിയാണ് ഇത്തവണത്തെ തെരഞ്ഞെടുപ്പ് വിധി. ആകെയുള്ള 293 സീറ്റുകളിൽ 207 എണ്ണത്തിലും ജയിച്ചുകയറിയ ബിജെപി ഒറ്റയ്ക്ക് കേവലഭൂരിപക്ഷം നേടി അധികാരം ഉറപ്പിച്ചു. കഴിഞ്ഞ തവണ 216 സീറ്റുകളിൽ വിജയിച്ച തൃണമൂൽ കോൺഗ്രസിന് ഇത്തവണ വെറും 80 സീറ്റുകളിൽ മാത്രമേ ജയിക്കാനായുള്ളൂ എന്നത് മമതയ്ക്കും പാർട്ടിക്കും കനത്ത തിരിച്ചടിയാണ്.
എന്നാൽ തെരഞ്ഞെടുപ്പിലെ ഏറ്റവും വലിയ അമ്പരപ്പായത് മമത ബാനർജിയുടെ സ്വന്തം മണ്ഡലമായ ഭവാനിപൂരിലെ പരാജയമാണ്. മുൻ തൃണമൂൽ നേതാവും ഇപ്പോൾ ബിജെപിയുടെ പാർലമെന്ററി പാർട്ടി നേതാവുമായ സുവേന്ദു അധികാരിയാണ് മമതയെ പരാജയപ്പെടുത്തിയത്. കോട്ടയെന്ന് കരുതിയിരുന്ന മണ്ഡലത്തിൽ മമത പരാജയപ്പെട്ടത് തൃണമൂൽ ക്യാമ്പിനെ കടുത്ത നിരാശയിലാഴ്ത്തിയിരിക്കുകയാണ്.
മമത തോറ്റതിന്റെ അഞ്ച് കാരണങ്ങൾ നോക്കിയാലോ…
1.ഭരണവിരുദ്ധ വികാരം
15 വർഷമായി ഭരണത്തിലിരിക്കുന്ന മുഖ്യമന്ത്രിയെന്ന നിലയിൽ മമതക്കെതിരെ വലിയ ഭരണവിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പിലുണ്ടായി. തൃണമൂലിന്റെ സുരക്ഷിത സീറ്റ് എന്നറിയപ്പെട്ടിരുന്നു ഭവാനിപൂർ പോലും ഇതോടെ സുരക്ഷിതമല്ലാതായി. നിരവധിയായ അഴിമതി ആരോപണങ്ങൾ, നിരന്തര സംഘർഷങ്ങൾ, തൊഴിലില്ലായ്മ തുടങ്ങിയവയെല്ലാം ഭരണകക്ഷിക്കെതിരെ വലിയ വികാരമുണ്ടാക്കി. മമത ബാനർജിയുടെ അനന്തരവൻ അഭിഷേക് ബാനർജിയിലേക്ക് പാർട്ടിയുടെ അധികാരം കേന്ദ്രീകരിച്ചത് തൃണമൂലിലെ മുതിർന്ന നേതാക്കൾക്കിടയിൽ തന്നെ അതൃപ്തിയുണ്ടാക്കി.
2.സുവേന്ദു അധികാരിയുടെ മേധാവിത്വം
ബംഗാളിൽ തെരഞ്ഞെടുപ്പിന് മുമ്പേ ബിജെപി മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. എന്നാലും മമതാ ബാനർജിക്കെതിരെ സിറ്റിങ് സീറ്റിൽ മത്സരിക്കാൻ സുവേന്ദു അധികാരി തയാറാവുകയായിരുന്നു. നേരത്തെ, 2021ൽ നന്ദിഗ്രാമിൽ സുവേന്ദു അധികാരിക്കെതിരെ മമത മത്സരിച്ചെങ്കിലും പരാജയമായിരുന്നു. തൃണമൂൽ കോൺഗ്രസിലെ ജനപ്രീതിയുള്ള മന്ത്രിയായിരുന്നു സുവേന്ദു അധികാരി മമതയുമായി തെറ്റിപ്പിരിഞ്ഞാണ് 2020ൽ ബിജെപിയിലെത്തിയത്.
3.ആർജി കർ ആശുപത്രി സംഭവത്തിലെ ജനരോഷം
കൊൽക്കത്തയിലെ ആർജി കർ മെഡിക്കൽ കോളജിൽ വനിതാ ഡോക്ടർ ക്രൂരമായി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ മമത സർക്കാരിനെതിരെ വ്യാപക ജനരോഷമുണ്ടായി. മമത മുന്നോട്ടുവെക്കുന്ന ”സ്ത്രീ സുരക്ഷ” എന്ന പ്രധാന വാഗ്ദാനം ഇവിടെ ചോദ്യം ചെയ്യപ്പെട്ടു. കേസിൽ സർക്കാരും തൃണമൂൽ നേതാക്കളും ഇടപെട്ട രീതിയും വിമർശിക്കപ്പെട്ടു. കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ അമ്മ രത്ന ദേബ്നാഥ് പാനിഹട്ടിയിൽ ബിജെപി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തു. ഇതോടെ ആർജി കർ സംഭവം വീണ്ടും തെരഞ്ഞെടുപ്പിൽ ചർച്ച ചെയ്യപ്പെടുകയും ജനങ്ങൾക്കിടയിൽ മമതക്കെതിരായ വികാരം ഉയർത്തുകയും ചെയ്തു.
4.അഴിമതിയാരോപണങ്ങൾ
സാധാരണക്കാർക്കൊപ്പം നിൽക്കുന്നുവെന്ന് പറയുമ്പോഴും പലവിധ ആരോപണങ്ങൾ മമത സർക്കാറിനെ പ്രതിക്കൂട്ടിലാക്കി. ശാരദ, റോസ് വാലി തട്ടിപ്പുകൾ, അധ്യാപക നിയമന അഴിമതി തുടങ്ങിയവ തൃണമൂലിനെ ഉലച്ചു. മമതയുടെ വിശ്വസ്തനായിരുന്ന പാർത്ഥ ചാറ്റർജിയുടെ വസതിയിൽ നിന്ന് കോടിക്കണക്കിന് രൂപ പിടിച്ചെടുത്ത ദൃശ്യങ്ങൾ വോട്ടർമാർക്കിടയിൽ വലിയ ചർച്ചയായിരുന്നു. സാധാരണക്കാരുടെ പണം പാർട്ടി നേതാക്കൾ തട്ടിയെടുക്കുന്നു എന്ന വികാരം ജനങ്ങൾക്കിടയിൽ ശക്തമായി. ഇതോടൊപ്പം ഭരണവിരുദ്ധ വികാരവും തൊഴിലില്ലായ്മയും യുവാക്കളെ സർക്കാരിൽ നിന്ന് അകറ്റി.
5.ഹിന്ദുത്വ വോട്ടുകളുടെ ഏകീകരണം
ഹിന്ദുത്വ വോട്ടുകൾ വൻ തോതിൽ തങ്ങൾക്ക് അനുകൂലമായി ലഭിച്ചു എന്ന് ബിജെപി നേതാക്കൾ അവകാശപ്പെടുന്നുണ്ട്. ഗോത്രവിഭാഗക്കാരുടെ വോട്ടുകളും വലിയ തോതിൽ ബിജെപിക്ക് ലഭിച്ചു. മമത സർക്കാർ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുന്നുവെന്ന ബിജെപിയുടെ ആരോപണങ്ങളും ബംഗ്ലാദേശിൽ നിന്നുള്ള കുടിയേറ്റക്കാരെ തടയുന്നില്ലെന്ന ആരോപണങ്ങളും വോട്ടുകൾ ബിജെപിയിലേക്ക് കേന്ദ്രീകരിക്കാൻ കാരണമായി.
ഭവാനിപൂരിൽ 2021ൽ 58,835 വോട്ടിനായിരുന്നു മമതാ ബാനർജി വിജയിച്ചത്. എന്നാൽ, അന്ന് നേടിയ ഭൂരിപക്ഷത്തിന്റെ അത്രപോലും വോട്ടുകൾ ഇത്തവണ നേടാൻ മമതക്ക് സാധിച്ചില്ല.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment