ചൈനയിലെ ഹുനാൻ പ്രവിശ്യയിലുള്ള പടക്കനിർമ്മാണ ശാലയിലുണ്ടായ സ്ഫോടനത്തിൽ 26 പേർ കൊല്ലപ്പെട്ടു. ലിയുയാങ് നഗരത്തിലെ ഹ്വാഷെങ് പടക്ക നിർമ്മാണ പ്ലാന്റിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞാണ് അപകടമുണ്ടായത്. സ്ഫോടനത്തിൽ 61 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അപകടത്തെത്തുടർന്ന് പ്ലാന്റിന്റെ മൂന്ന് കിലോമീറ്റർ ചുറ്റളവിലുള്ള പ്രദേശവാസികളെ അധികൃതർ ഒഴിപ്പിച്ചു. 1,500ലധികം രക്ഷാപ്രവർത്തകരും ഡ്രോണുകളും റോബോട്ടുകളും തിരച്ചിലിനായി രംഗത്തിറങ്ങി. അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടന്ന ഏഴ് പേരെ രക്ഷപ്പെടുത്തി. പ്ലാന്റിനുള്ളിലെ രണ്ട് വെടിമരുന്ന് ഗോഡൗണുകൾ വീണ്ടും പൊട്ടിത്തെറിക്കാൻ സാധ്യതയുണ്ടായിരുന്നത് രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളി ഉയർത്തി. തുടർ അപകടങ്ങൾ ഒഴിവാക്കാൻ പ്രദേശം ഈർപ്പമുള്ളതാക്കി നിലനിർത്താനുള്ള നടപടികൾ സ്വീകരിച്ചിരുന്നു.
സ്ഫോടനത്തിന്റെ ആഘാതത്തിൽ സമീപത്തെ വീടുകളുടെയും കെട്ടിടങ്ങളുടെയും ജനലുകളും വാതിലുകളും തകർന്നു. കിലോമീറ്ററുകളോളം അകലെയുള്ള കെട്ടിടങ്ങൾക്ക് പോലും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പരിക്കേറ്റവരിൽ ഭൂരിഭാഗം പേർക്കും പറന്നുവന്ന അവശിഷ്ടങ്ങൾ ഏറ്റാണ് പരിക്കേറ്റത്. സംഭവത്തിൽ പടക്ക നിർമ്മാണ കമ്പനിയുടെ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സ്ഫോടനത്തിന്റെ കാരണം കണ്ടെത്താൻ വിശദമായ അന്വേഷണം ആരംഭിച്ചു.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment