സുപ്രീം കോടതി രജിസ്ട്രിയുടെ പ്രവർത്തനങ്ങളിൽ അതൃപ്തി പ്രകടിപ്പിച്ച് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. കോടതി പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) നോട്ടീസ് അയക്കാത്ത നടപടിക്കെതിരെയാണ് ചീഫ് ജസ്റ്റിസ് അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്. രജിസ്ട്രിയിലെ ഉദ്യോഗസ്ഥർ ‘സൂപ്പർ ചീഫ് ജസ്റ്റിസുമാരെപ്പോലെ‘യാണ് പെരുമാറുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കോടതിയുടെ ജുഡീഷ്യൽ നിർദേശങ്ങൾ നടപ്പിലാക്കുന്നതിൽ രജിസ്ട്രി വരുത്തിയ ഗുരുതരമായ വീഴ്ചയെക്കുറിച്ച് അന്വേഷിക്കാൻ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
ആയുഷി മിത്തൽ സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് സംഭവം. 37,000 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ് കേസിൽ പ്രതിയാണ് ഇവർ. മുൻപ് ഈ കേസ് പരിഗണിച്ചപ്പോൾ, ഇഡിക്ക് നോട്ടീസ് അയക്കാൻ കോടതി വ്യക്തമായ നിര്‍ദേശം നൽകിയിരുന്നു. എന്നാൽ, തങ്ങൾ അത്തരമൊരു നിര്‍ദേശം ലഭിച്ചിട്ടില്ലെന്നും അതിനാൽ നോട്ടീസ് അയച്ചില്ലെന്നുമാണ് രജിസ്ട്രി ഓഫിസ് റിപ്പോർട്ടിൽ പറഞ്ഞത്. ഈ മറുപടി കോടതിയെ പ്രകോപിപ്പിച്ചു.
രജിസ്ട്രിയുടെ ഭാഗത്തുനിന്ന് ഉണ്ടായ ഇത്തരം വീഴ്ചകൾ പുതിയ കാര്യമല്ലെന്നും, മുൻപും സമാനമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ചീഫ് ജസ്റ്റിസ് ഓർമ്മിപ്പിച്ചു. രജിസ്ട്രാർ (ജുഡീഷ്യൽ) ഇക്കാര്യത്തിൽ വിശദീകരണം നൽകണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.
ആയുഷി മിത്തലും ഭർത്താവും ചേർന്ന് വലിയൊരു നിക്ഷേപ തട്ടിപ്പ് ആസൂത്രണം ചെയ്തുവെന്നാണ് കേസ്. ഫണ്ടിന്റെ ഒരു വലിയ ഭാഗം നിക്ഷേപകർക്ക് തിരികെ നൽകിയെന്ന് പ്രതിഭാഗം അവകാശപ്പെടുമ്പോഴും, ഇഡി മരവിപ്പിച്ച അക്കൗണ്ടുകളിൽ ഇപ്പോഴും നൂറുകണക്കിന് കോടി രൂപയുണ്ടെന്നാണ് വിവരം.
പ്രതികളുടെയും അവരുടെ കുടുംബാംഗങ്ങളുടെയും സ്ഥാവര‑ജംഗമ സ്വത്തുക്കൾ കണ്ടുകെട്ടിയിട്ടുണ്ടോ എന്ന് പരിശോധിക്കാനാണ് ഇഡിയെ കേസിൽ കക്ഷിചേർക്കാൻ മാർച്ച് മാസത്തിൽ സുപ്രീം കോടതി വാക്കാൽ അനുമതി നൽകിയത്. സ്വത്തുക്കളുടെ പൂർണ്ണമായ വിവരങ്ങൾ സമർപ്പിക്കുന്നത് വരെ ജാമ്യാപേക്ഷ പരിഗണിക്കില്ലെന്ന് കോടതി കർശന നിലപാടെടുത്തു. ഈ മാസം അവസാനം കേസ് വീണ്ടും പരിഗണിക്കും.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment