അമേരിക്കയില്‍ വൈറ്റ് ഹൗസിന് സമീപം വെടിവെപ്പ്. വൈറ്റ് ഹൗസ് കോംപ്ലക്‌സിന് തൊട്ടടുത്തുള്ള നാഷണൽ മാളിൽ തോക്കുധാരിയായ ഒരാൾക്ക് നേരെയാണ് യുഎസ് സീക്രട്ട് സർവീസ് വെടിയുതിർത്തത്. സംഭവത്തെത്തുടർന്ന് വൈറ്റ് ഹൗസിൽ അൽപ്പനേരം ലോക്ക്ഡൗൺ ഏർപ്പെടുത്തി.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 3:30ഓടെ വൈറ്റ് ഹൗസിന് പുറത്ത് പട്രോളിങ് നടത്തുകയായിരുന്ന സിവിൽ വേഷത്തിലുള്ള സീക്രട്ട് സർവീസ് ഉദ്യോഗസ്ഥരാണ് സംശയാസ്പദമായ രീതിയിൽ ഒരാളെ കണ്ടത്. ഇയാളുടെ പക്കൽ തോക്കുണ്ടെന്ന് തിരിച്ചറിഞ്ഞതോടെ യൂണിഫോമിലുള്ള ഉദ്യോഗസ്ഥരെ സ്ഥലത്തേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഉദ്യോഗസ്ഥർ പ്രതിയെ തടയാൻ ശ്രമിച്ചതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയുമായിരുന്നു. തുടർന്ന് സീക്രട്ട് സർവീസ് നടത്തിയ പ്രത്യാക്രമണത്തിൽ പ്രതിക്ക് വെടിയേറ്റു.
വെടിയേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏറ്റുമുട്ടലിനിടയിൽ സമീപത്തുണ്ടായിരുന്ന ഒരു കുട്ടിക്കും പരിക്കേറ്റിട്ടുണ്ട്. പ്രതിയുടെ വെടിയുണ്ടയേറ്റാണ് കുട്ടിക്ക് പരിക്കേറ്റതെന്നാണ് പ്രാഥമിക നിഗമനം. കുട്ടിയുടെ പരിക്ക് ഗുരുതരമല്ല.
വെടിവെപ്പ് നടന്ന ഉടൻ തന്നെ വൈറ്റ് ഹൗസിന്റെ നോർത്ത് ലോണിലുണ്ടായിരുന്ന മാധ്യമപ്രവർത്തകരോട് ഉടൻ തന്നെ കെട്ടിടത്തിനുള്ളിലേക്ക് മാറാൻ നിർദേശം നൽകിയിട്ടുണ്ട്. ഏതാനും മിനിറ്റുകൾക്ക് ശേഷം സ്ഥിതിഗതികൾ ശാന്തമായതോടെ ലോക്ക്ഡൗൺ പിൻവലിച്ചു. സംഭവം നടക്കുമ്പോൾ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വൈറ്റ് ഹൗസിനുള്ളിലുണ്ടായിരുന്നു. നിശ്ചയിച്ചിരുന്ന പരിപാടികളുമായി അദ്ദേഹം മുന്നോട്ട് പോയി. വാഷിങ്ടൺ ഡിസി സുരക്ഷിതമായ നഗരമാണെന്ന് അദ്ദേഹം പിന്നീട് ഒരു ചടങ്ങിൽ പ്രസ്താവിച്ചു.
വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ വാഹനവ്യൂഹം വെടിവെപ്പ് നടന്ന സ്ഥലത്തിലൂടെ മിനിറ്റുകൾക്ക് മുമ്പാണ് കടന്നുപോയത്. എന്നാൽ ഇത് ബോധപൂർവ്വമായ ആക്രമണമാണോ എന്ന് വ്യക്തമല്ല. മെട്രോപൊളിറ്റൻ പൊലീസ് ഡിപ്പാർട്ട്‌മെന്റ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ഏപ്രിലിൽ വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് അസോസിയേഷൻ ഡിന്നറിനിടെയുണ്ടായ സുരക്ഷാ വീഴ്ചക്ക് പിന്നാലെ നടന്ന ഈ സംഭവം അധികൃതർ ഗൗരവത്തോടെയാണ് നോക്കികാണുന്നത്.
Comments (0)
No comments yet. Be the first to share your thoughts.
Leave a Comment